നിരവധി താരങ്ങളുടെ ചെറുപ്പകാല ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. പഴയകാല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തുകയാണ് പല താരങ്ങളും. അതില്‍ നിന്ന് കുറച്ച് വ്യത്യസ്തയായിരിക്കുകയാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര.

2000ല്‍ മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴുള്ള വീഡിയോ കാണുകയും ആ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയുമാണ് പ്രിയങ്ക ഇവിടെ. 20 വര്‍ഷങ്ങള്‍ക്ക് ശേഷം തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ താരത്തിന് ചിരി അടക്കാന്‍ പറ്റുന്നില്ല. രസകരമായിട്ടാണ് മിസ് ഇന്ത്യ വേദിയിലെ തന്‍റെ പ്രകടനത്തെ താരം വിലയിരുത്തുന്നത്.  ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. 

മിസ് ഇന്ത്യ റാമ്പിലേക്ക് നടന്നുവരുന്ന തന്നെ കണ്ടിട്ട്  പ്രിയങ്ക ആദ്യം ചോദിക്കുന്നത്  ' ഇത് എന്ത് വേഷമാണ് ഞാന്‍ ധരിച്ചിരിക്കുന്നത്' എന്നാണ്. അതിനൊപ്പം സ്റ്റേജിലെ തന്‍റെ പ്രകടനത്തെ ട്രോളാനും താരം മറന്നില്ല. അന്നത്തെ പല പോസുകളും താരം ഇപ്പോള്‍ അനുകരിക്കുകയും ചെയ്തു. ആ കാലത്ത് തനിക്ക് മനോഹരമായ നീളമുള്ള മുടിയുണ്ടായിരുന്നു എന്നും പ്രിയങ്ക ഓര്‍ത്തെടുത്തു. 

മിസ് ഇന്ത്യ വേദിയിലെ ചോദ്യത്തിനുള്ള മറുപടിയേയും താരം പ്രശംസിക്കുന്നുണ്ട്. അന്ന് സ്റ്റേജില്‍ സംസാരിച്ച വാക്കുകള്‍ ഇന്നും പ്രിയങ്കയ്ക്ക് ആത്മവിശ്വാസം നല്‍കുന്നു. മത്സരത്തില്‍ താന്‍ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറയുന്നു. അന്ന് പതിനെട്ടുകാരിയായ പ്രിയങ്ക 38ല്‍ വന്നു നില്‍ക്കുമ്പോഴുള്ള മാറ്റവും വ്യക്തമാണ്. 

 

 

16-ാം വയസിലെ തന്‍റെ ഫാഷന്‍ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളും താരം വീഡിയോയിലൂടെ കാണിക്കുന്നുണ്ട്. ഇതില്‍ നിന്നാണ് എല്ലാം തുടങ്ങിയത് എന്നും പ്രിയങ്ക പറയുന്നു. തൊണ്ണൂറുകളിലെ മേക്കപ്പിന്നെ കുറിച്ചും പ്രിയങ്ക പറയുന്നുണ്ട്. ഡാര്‍ക്ക് ലിപ്സ്റ്റിക്കും ഐലേനറും മാത്രം ഉപയോഗിക്കുന്ന ആ കാലത്തെ ചില ചിത്രങ്ങളും വീഡിയോയിലൂടെ കാണാം. ലോകസുന്ദരി പട്ടം സ്വന്തമാക്കി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രിയങ്ക ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 

നിരവധി പേരാണ് താരത്തിന്‍റെ ഈ വീഡിയോയ്ക്ക് ലൈക്കുകളുമായി എത്തിയത്. പ്രിയങ്ക മാതൃകയാണെന്നും പ്രചോദനമാണെന്നുമൊക്കെ നിരവധി പേര്‍ കമന്‍റും ചെയ്തു. 

Also Read: വീട്ടിലിരുന്ന് ഓഫീസ് മീറ്റിങ്ങില്‍ പങ്കെടുക്കാം നല്ല സ്റ്റൈലായി; ചിത്രം പങ്കുവച്ച് പ്രിയങ്ക ചോപ്ര...