2000ല്‍ മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴുള്ള ഓര്‍മ്മകള്‍ അടുത്തിടെയും ബോളിവുഡ് നടി പ്രിയങ്ക ചോപ്ര പങ്കുവച്ചിരുന്നു. രസകരമായിട്ടാണ് മിസ് ഇന്ത്യ വേദിയിലെ തന്‍റെ പ്രകടനത്തെ താരം വിലയിരുത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.

പതിനെട്ടാം വയസ്സിലാണ് രാജ്യത്തിന് അഭിമാനമായി പ്രിയങ്ക ലോകസുന്ദരിപ്പട്ടം നേടിയത്. ഇപ്പോഴിതാ വീണ്ടും ആ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് പ്രിയങ്ക. ലോകസുന്ദരിയായി തെരഞ്ഞെടുത്ത തന്നോട് അമ്മ പറഞ്ഞ 'മണ്ടത്തരം' എന്നു പറഞ്ഞാണ് പ്രിയങ്ക വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

ലോകസുന്ദരിയായി പ്രിയങ്ക ചോപ്രയെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം അമ്മ മധു ചോപ്രയോട് താൻ ലോകസുന്ദരിപ്പട്ടം നേടിയെന്നറിഞ്ഞ നിമിഷം ഓർക്കുന്നുണ്ടോ എന്നു ചോദിക്കുകയാണ് പ്രിയങ്ക. 

 

'പ്രിയങ്കയാണ് ലോകസുന്ദരിയെന്ന് പ്രഖ്യാപിച്ചതോടെ സദസ്സിലുണ്ടായിരുന്ന എല്ലാ ഇന്ത്യക്കാരും എഴുന്നേറ്റു നിന്ന് കയ്യടിച്ചു. എന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നു പോലും മനസ്സിലായില്ല' - മധു ചോപ്ര പറയുന്നു. 

സന്തോഷത്താൽ പ്രിയങ്കയെ കെട്ടിപ്പുണരുമ്പോൾ താൻ പറഞ്ഞ മണ്ടത്തരത്തെക്കുറിച്ചും മധു ചോപ്ര പറയുന്നു. താൻ വളരെ സന്തുഷ്ടയാണെന്ന് പറയുന്നതിനു പകരം താനൊരു മണ്ടത്തരമാണ് പറഞ്ഞത്. 'ഇനി നിന്റെ പഠനം എന്തു ചെയ്യും' എന്നായിരുന്നു താൻ ചോദിച്ച മണ്ടത്തരമെന്നും മധു ചോപ്ര പറയുന്നു. 

Also Read: 'ഇത് എന്ത് വേഷമാണ്'; 20 വര്‍ഷത്തിന് ശേഷം തന്നെ കണ്ട് സ്വയം ചിരിക്കുന്ന പ്രിയങ്ക ചോപ്ര