'ഒരു മുത്തശ്ശി ഗദ' എന്ന സിനിമയിലെ മിടുക്കി മുത്തശ്ശിയായാണ് രാജിനി ചാണ്ടി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. കഴിഞ്ഞ വര്‍ഷം ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ പങ്കെടുത്തതിന് പിന്നാലെ നടി വീണ്ടും വാര്‍ത്തകളില്‍ നിറയുകയായിരുന്നു. ശേഷമിതാ രാജിനി ചാണ്ടിയുടെ പുത്തൻ ഫോട്ടോഷൂട്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി. 

മോഡേൺ വസ്ത്രത്തിലായിരുന്നു താരത്തിന്‍റെ ഫോട്ടോഷൂട്ട്. ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറാണ് രാജിനി ചാണ്ടിയുടെ ഈ അടിപൊളി ലുക്കിന് പിന്നിൽ. എന്നാല്‍ താരത്തെ ചിലര്‍ അഭിനന്ദിച്ചപ്പോള്‍ മറ്റുചിലര്‍ വിമർശിക്കുകയും പരിഹസിക്കുകയുമാണ് ചെയ്തത്. ഇത്തരത്തില്‍ പരിഹസിക്കുന്നവരടോട് രാജിനി ചാണ്ടിക്ക് പറയാനുള്ളത് ഇതാണ്: 'നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ സ്വിം സ്യൂട്ടും ബിക്കിനിയുമൊക്കെ അണിഞ്ഞ് ഈ സീൻ വിട്ടതാണ്'. ഇങ്ങനെ പറയുക മാത്രമല്ല മറിച്ച് തെളിവ് സഹിതം മലയാളിക്ക് മുന്നിൽ വയ്ക്കുകയാണ്  ഈ മുത്തശ്ശി. 

അറുപത് വയസ്സ് കഴിഞ്ഞപ്പോൾ മോഡലിങ് രംഗത്തേയ്ക്ക് ഇറങ്ങിയ ആളല്ലെന്നും, അൻപത് വർഷം മുമ്പ് സ്വിം സ്യൂട്ട് അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് താരം പറയുന്നു. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം പറയുന്നത്. 

'1970 ൽ വിവാഹം കഴിഞ്ഞു ബോംബെയിൽ പോയപ്പോൾ ഇതുപോലെയൊന്നുമായിരുന്നില്ല ജീവിതം. നല്ല പൊസിഷനിൽ ജോലി ചെയ്തുകൊണ്ടിരുന്ന എന്റെ ഭർത്താവിന്റെ ഒപ്പം ഔദ്യോഗിക മീറ്റിങ്ങുകളിലും പാർട്ടികളിലും ഞാൻ ഒപ്പം പോയിരുന്നു. അവിടുത്തെ ലൈഫ് സ്റ്റൈൽ അനുസരിച്ച് വേഷവിധാനം ചെയ്തിരുന്നു'- രാജിനി പറയുന്നു.

'ഫോർമൽ മീറ്റിങ്ങിനു പോകുമ്പോൾ സാരി ധരിക്കും. എന്നാൽ കാഷ്വൽ മീറ്റിങ്ങിനും പാർട്ടിക്കും പോകുമ്പോൾ ജീൻസ് ടോപ്, മറ്റു മോഡേൺ വസ്ത്രങ്ങൾ എന്നിവ ധരിച്ചിരുന്നു. അതുപോലെതന്നെ, സ്വിം സ്യൂട്ട്, ബിക്കിനി ഒക്കെ ഇടേണ്ട അവസരത്തിൽ ധരിക്കുമായിരുന്നു'- താരം കൂട്ടിച്ചേര്‍ത്തു. 

 

Also Read: എന്തൊരു മേക്കോവർ; അടിപൊളി ലുക്കിൽ രാജിനി ചാണ്ടി !