ഈ സംഭാഷണശകലത്തിന്‍റെ വീഡിയോ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. രണ്‍ബീറിന്‍റേത്  അത്ര രസകരമായ തമാശയല്ലെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. 

ബോളിവുഡ് താരം ആലിയ ഭട്ട് താൻ അമ്മയാകാനൊരുങ്ങുന്ന വിവരം ആരാധകരെ അറിയിച്ചിട്ട് അധികനാളായില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയ അടക്കമുള്ള ഇടങ്ങളില്‍ ആലിയയെ ഏവരും കരുതലോടെയാണ് പരിഗണിക്കുന്നതും സ്വീകരിക്കുന്നതും. ഏറെ സന്തോഷത്തോടെ സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് ആലിയ താൻ അമ്മയാകാൻ പോകുന്നുവെന്ന വിവരം ആരാധകരെ അറിയിച്ചത്.

ഇപ്പോള്‍ ഭര്‍ത്താവും നടനുമായ രണ്‍ബീര്‍ കപൂറിനൊപ്പമുള്ള പുതിയ ചിത്രം 'ബ്രഹ്മാസ്ത്ര'യുടെ പ്രമോഷൻ പരിപാടികളില്‍ സജീവമാണ് താരം. ഇരുവരും ഒന്നിച്ചുള്ള ഫാന്‍റസി ഡ്രാമയാണ് 'ബ്രഹ്മാസ്ത്ര'. സെപ്തംബര്‍ 9നാണ് ചിത്രത്തിന്‍റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

ഇതിന്‍റെ പ്രമോഷൻ പരിപാടിക്കിടെ ലൈവില്‍ ആലിയ ഭട്ടിന്‍റെ ശരീരത്തെ കുറിച്ച് രണ്‍ബീര്‍ പറഞ്ഞൊരു കമന്‍റ് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ഗര്‍ഭിണിയാകുമ്പോള്‍ സ്ത്രീകള്‍ പൊതുവെ വണ്ണം വയ്ക്കാറുണ്ട്. ഒപ്പം കുഞ്ഞ് വളരുന്നതിന് അനുസരിച്ച് വയറും കൂടിവരാം. ഇതിനെക്കുറിച്ചായിരുന്നു രണ്‍ബീറിന്‍റെ കമന്‍റ്. 

പുതിയ സിനിമയുടെ പ്രമോഷൻ എന്തുകൊണ്ടാണ് പരിമിതപ്പെടുത്തിയതെന്ന് വിശദീകരിക്കുകയായിരുന്നു ആലിയ. ഇതിനിടയ്ക്ക് കയറിയാണ് രണ്‍ബീര്‍ സംസാരിച്ചത്. 

'ഞങ്ങള്‍ എന്തുകൊണ്ടാണ് ഇതിങ്ങനെ പരത്താത്തത് എന്ന് ചോദിച്ചാല്‍... ഞങ്ങളുടെ ഫോക്കസ്...'... എന്നിങ്ങനെ ആലിയ പറയുന്നതിനിടെ, 'ആഹ്, ഇവിടെ ഒരാള്‍ പരന്നിരിക്കുന്നതായി എനിക്ക് കാണാം കെട്ടോ...' എന്നായിരുന്നു രണ്‍ബീറിന്‍റെ കമന്‍റ്. പെടുന്നനെ ആലിയ എന്താണ് പറയുന്നതെന്ന് മനസിലാക്കാതെ അത്ഭുതപ്പെടുകയും ഉടനെ തന്നെ 'തമാശയാണ്' എന്ന് രണ്‍ബീര്‍ പറയുകയും ചെയ്യുന്നുണ്ട്. ഇതിന് ശേഷം ആലിയയും അത് തമാശയായി തന്നെയെടുക്കുന്നുണ്ട്.

ഈ സംഭാഷണശകലത്തിന്‍റെ വീഡിയോ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. രണ്‍ബീറിന്‍റേത് അത്ര രസകരമായ തമാശയല്ലെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. ഗര്‍ഭിണികള്‍ക്ക് പൊതുവെ അവരുടെ ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാൻ ബുദ്ധിമുട്ട് നേരിടാറുണ്ടെന്നും ഒരു പങ്കാളി തന്നെ ഇതുമായി ബന്ധപ്പെട്ട കളിയാക്കലുകള്‍ നടത്തുന്നത് അത്ര ആരോഗ്യകരമല്ലെന്നുമാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. 

ഇതിനെ ബോഡി ഷെയിമിംഗ് ഗണത്തില്‍ തന്നെ പെടുത്തണമെന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്. എന്നാല്‍ വിഷയത്തില്‍ താരങ്ങള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇത്തരം തമാശകളെ പ്രോത്സാഹിപ്പിക്കരുതെന്നും ഇത് മറ്റൊരാളെ വേദനിപ്പിക്കുന്ന തരം തമാശകളാണെന്നുമാണ് വീഡിയോ പങ്കുവച്ചുകൊണ്ട് പലരും കുറിച്ചിരിക്കുന്നത്. 

വീഡിയോ കാണാം...

View post on Instagram

Also Read:- ഗര്‍ഭിണിയായതിനാല്‍ വിശ്രമം ആവശ്യമായി വരുമോയെന്ന് ചോദ്യം; ഉത്തരവുമായി ആലിയ