Asianet News MalayalamAsianet News Malayalam

Ranjini Jose : 'എന്തിനാണ് ഇത്രയും വൃത്തികേട് എഴുതുന്നത്? മോശമായി ചിത്രീകരിക്കുന്നത്?'

''അടുത്തിടെ ഒരു മാഗസിനില്‍ താൻ സഹോദരിയെ പോലെ കരുതുന്നൊരു വ്യക്തിയോടൊന്നിച്ചുള്ള ഫോട്ടോ വന്നിരുന്നു. എന്നാല്‍ അതിന് ശേഷം തങ്ങള്‍ വിവാഹിതരാകാൻ പോകുന്നുവെന്നും ലെസ്ബിയൻസ് ആണെന്നുമെല്ലാം വാര്‍ത്ത വന്നു.''

ranjini jose posted a video against some online pages that portrayed her as homosexual
Author
Trivandrum, First Published Aug 3, 2022, 1:48 PM IST

സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈൻ മാധ്യമങ്ങളിലും ( Online Media ) തനിക്കെതിരെ വരുന്ന വാര്‍ത്തകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായിക രഞ്ജിനി ജോസ്. ( Ranjini Jose ). തന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് രഞ്ജിനി വീഡിയോ പങ്കുവച്ചത്. ഗോസിപ്പുകള്‍ എഴുതി, അതിനെ മാര്‍ക്കറ്റ് ചെയ്യുന്ന രീതി ഇന്ന് നിലവിലുണ്ട്, എന്നാല്‍ എല്ലാ പരിധികളും ലംഘിച്ചാണ് തനിക്കെതിരെ ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ ഇറങ്ങുന്നത് എന്നാണ് രഞ്ജിനി പറയുന്നത്.

ഏതാനും മാസങ്ങളായി തനിക്കെതിരായ വാര്‍ത്തകള്‍ ( Online Media ) വ്യാപകമാകുന്നുണ്ട്. എന്താണ് ഇതിന് പിന്നിലെ കാരണമെന്ന് അറിയില്ല. പ്രൊഫഷണലിയും വ്യക്തിപരമായും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന പ്രകൃതമല്ല. എന്നിട്ടും തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് എന്തിനാണെന്ന് അറിയില്ല. ഇത്രയും നാള്‍ പല വാര്‍ത്തകളും വന്നപ്പോഴും സുഹൃത്തുക്കളും അടുപ്പമുള്ളവരും പ്രതികരിക്കാൻ നില്‍ക്കേണ്ടെന്ന് പറഞ്ഞു. എന്നാലിപ്പോള്‍ പ്രതികരിക്കാതിരിക്കാൻ വയ്യാത്തൊരു സാഹചര്യമാണെന്നും രഞ്ജിനി ( Ranjini Jose ) വീഡിയോയില്‍ പറയുന്നു.

അടുത്തിടെ ഒരു മാഗസിനില്‍ താൻ സഹോദരിയെ പോലെ കരുതുന്നൊരു വ്യക്തിയോടൊന്നിച്ചുള്ള ഫോട്ടോ വന്നിരുന്നു. എന്നാല്‍ അതിന് ശേഷം തങ്ങള്‍ വിവാഹിതരാകാൻ പോകുന്നുവെന്നും ലെസ്ബിയൻസ് ആണെന്നുമെല്ലാം വാര്‍ത്ത വന്നു. ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. എല്ലാത്തിന്‍റെയും അടിസ്ഥാനം ലൈംഗികതയാണോ? എന്തിനാണ് ഇത്രയും മോശമായി വ്യക്തികളെ ചിത്രീകരിക്കുന്നത്. ഇത്രയും വൃത്തികേടുകള്‍ എഴുതിപ്പിടിപ്പിക്കുന്നത് എന്തിനാണ്?- രഞ്ജിനി ചോദിക്കുന്നു. 

സെലിബ്രിറ്റികളെ കുറിച്ച് ഇങ്ങനെയുള്ള വാര്‍ത്തകള്‍ എഴുതുന്നതിലും വായിക്കുന്നതിലുമെല്ലാം രസം കണ്ടെത്തുന്ന ധാരാളം പേരുണ്ട്. എന്നാല്‍ തങ്ങളും മനുഷ്യരാണെന്ന് മനസിലാക്കണമെന്നും രഞ്ജിനി പറയുന്നു. 

ഇനിയും ഇത്തരത്തിലുള്ള വാര്‍ത്തകളോ കമന്‍റുകളോ ശ്രദ്ധയില്‍ പെട്ടാല്‍ നിയമപരമായി മുന്നോട്ടുനീങ്ങുമെന്നും രഞ്ജിനി പറയുന്നു. ഇങ്ങനെയുള്ള അപക്വമായ ഇടപെടലുകള്‍ക്കെതിരെ ശക്തമായ നിയമം വരണമെന്നാണ് താനാഗ്രഹിക്കുന്നതെന്നും പല സെലിബ്രിറ്റികള്‍ക്കും സമാനമായ അനുഭവങ്ങളുണ്ട്, അവരെല്ലാം ഇതുപോലെ തങ്ങളുടെ നിലപാടും അഭിപ്രായവും തുറന്നുപറഞ്ഞുകൊണ്ട് മുന്നോട്ട് വരട്ടെയെന്നും രഞ്ജിനി പറയുന്നു. 

അഭിമുഖങ്ങളിലോ സിനിമാ പ്രമോഷനുകളിലോ എല്ലാം പറയുന്ന കാര്യങ്ങള്‍ വളച്ചൊടിച്ച് സെലിബ്രിറ്റികളെ കുറിച്ച് ഗോസിപ്പുണ്ടാക്കി അതിന് വ്യാപക പ്രചാരണം നല്‍കുന്ന ഓണ്‍ലൈൻ പേജുകള്‍ ഇന്ന് ധാരാളമാണ്. പലപ്പോഴും വ്യാജവാര്‍ത്തകളുടെ ഒരു കൂമ്പാരം തന്നെയാണ് ഇത്തരം പേജുകളില്‍ കാണാൻ സാധിക്കുക. പലപ്പോഴും യാഥാര്‍ത്ഥ്യമറിയാതെ ഇതെല്ലാം വായിക്കുകയോ കാണുകയോ ചെയ്യുന്ന ഒരുപാട് പേരുണ്ടാകും. ഇത്തരം പ്രവണതകള്‍ക്കെതിരെയാണ് രഞ്ജിനി സധൈര്യം പ്രതികരിച്ചിരിക്കുന്നത്.

സെലിബ്രിറ്റികളടക്കം നിരവധി പേരാണ് രഞ്ജിനിയുടെ വീഡിയോയ്ക്ക് പ്രതികരണം അറിയിച്ചിരിക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകളാണ് രഞ്ജിനിയുടെ ഈ തീരുമാനത്തിന് അഭിനന്ദനം അറിയിക്കുന്നത്. സോഷ്യൽ മീഡിയ ഗോസിപ്പുകളില്‍ ഏറ്റവുമധികം ബാധിക്കപ്പെടുന്ന വിഭാഗം സ്ത്രീകള്‍ തന്നെയാണ് എന്നതുകൊണ്ട് സ്ത്രീകള്‍ തന്നെ ഇതിനെതിരെ രംഗത്ത് വരണമെന്ന് മിക്കവരുടെയും അഭിപ്രായം. രഞ്ജിനിയുടെ വാക്കുകള്‍ മുഴുവനായി കേള്‍ക്കാം...

 

Also Read:- 'നിങ്ങളുടെ വയര്‍ ഫ്ളാറ്റാണോ?'; വിദ്യാ ബാലന്‍റെ രസകരമായ മറുപടി

Follow Us:
Download App:
  • android
  • ios