Asianet News MalayalamAsianet News Malayalam

ബിക്കിനി ചിത്രം സെക്സിനുള്ള ക്ഷണമോ? പ്രതികരിച്ച് നടിമാരും ആക്ടിവിസ്റ്റുകളും

ശരിക്കും ഈ ബിക്കിനി ഇത്ര വലിയ വിഷയമാക്കേണ്ടതുണ്ടോ? സാരിയും ചുരിദാറും പോലെ ഒരു വസ്ത്രം, ചിലര്‍ക്ക് അത്രേ ഉള്ളൂ ബിക്കിനി. 

response of actors and activists in comment section of bikini pics
Author
Thiruvananthapuram, First Published Aug 3, 2021, 3:07 PM IST

'ബിക്കിനി' ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്. ബിക്കിനി ഫോട്ടോഷൂട്ട് ചിത്രം ഒരു നടി പങ്കുവയ്ക്കുന്നു, അതിന്‍റെ പുറകെ ചിലര്‍ നടക്കുന്നു. ശേഷം കമന്‍റുകളായി, ട്രോളുകളായി, സംഭവം മൊത്തം സീനായി.  ശരിക്കും ഈ ബിക്കിനി ഇത്ര വലിയ വിഷയമാക്കേണ്ടതുണ്ടോ? സാരിയും ചുരിദാറും പോലെ ഒരു വസ്ത്രം, ചിലര്‍ക്ക് അത്രേ ഉള്ളൂ ബിക്കിനി. 

എന്നാല്‍ ഈ ബിക്കിനി ചിത്രങ്ങള്‍ കാണുന്ന ഒരു കൂട്ടം ആളുകളുണ്ട്, അവര്‍ക്ക് ഇത് മറ്റ് പലതിനുമുള്ള ക്ഷണമായാണോ തോന്നുന്നത്? ബിക്കിനി ചിത്രങ്ങള്‍ക്ക് താഴെ വരുന്ന കമന്‍റുകള്‍ സൂചിപ്പിക്കുന്നത് അങ്ങനെ തന്നെയാണ്. 

ബിക്കിനി ചിത്രം സെക്സിനുള്ള ക്ഷണമയാണോ ചിലര്‍ കാണുന്നത്? ഈ വിഷയത്തില്‍ നടിമാരായ അഞ്ജലി അമീർ, രാജിനി ചാണ്ടി, ആക്ടിവിസ്റ്റുകളായ ദിയാ സന, ജസ്‍ല മാടശ്ശേരി എന്നിവര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിക്കുന്നു. 

'ഞാന്‍ ധരിക്കുന്ന വസ്ത്രം എന്‍റെ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നു': അഞ്ജലി അമീര്‍

സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ കണ്ട്  നല്ലതു പറയുന്നവരും മോശം പറയുന്നവരും ഉണ്ട്. എല്ലാവരുടെയും ഇഷ്ടം ഒന്നാകില്ലല്ലോ. നല്ലത് മാത്രം പ്രതീക്ഷിച്ച് നമ്മുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ. എന്നിരുന്നാലും അതിരു കടന്നുള്ള ചില കമന്‍റുകള്‍ അംഗീകരിക്കാനാകില്ല. അത്തരക്കാരുടെ പ്രൊഫൈലുകള്‍ ഞാന്‍ പബ്ലിക്കായി ഷെയര്‍ ചെയ്യാറുണ്ട്. 

എനിക്ക് എന്‍റേതായ ഇഷ്ടങ്ങളും അഭിപ്രായങ്ങളും ഉണ്ട്. ഞാന്‍ എന്ത് ധരിക്കണമെന്നത് എന്‍റെ ഇഷ്ടമാണ്. ഞാന്‍ ധരിക്കുന്ന വസ്ത്രം എന്‍റെ വ്യക്തിത്വത്തെ ആണ് സൂചിപ്പിക്കുന്നത്. അത് എല്ലാവര്‍ക്കും  ഇഷ്ടപ്പെടണമെന്നില്ല.  ഇഷ്ടപ്പെടണമെന്ന് എനിക്ക് വാശിയുമില്ല. 

response of actors and activists in comment section of bikini picsresponse of actors and activists in comment section of bikini pics

 

വിയോജിപ്പുകള്‍ ഉണ്ടാകാം. പക്ഷേ ആ വിയോജിപ്പ് സൈബര്‍ ബുള്ളിയിങ്ങിലേയ്ക്ക് കടക്കുന്നത് അംഗീകരിക്കാനാകില്ല. ഫേക്ക് ഐഡിയില്‍ നിന്നാണ് പലപ്പോഴും ഇത്തരത്തിലുള്ള ആക്രമണങ്ങളും മോശം കമന്‍റുകളും ഉണ്ടാകുന്നത്. ഇതൊരു മാനസിക രോഗമായിട്ടാണ് എനിക്ക് തോന്നാറുള്ളത്. 

'സ്വിം സ്യൂട്ടും ബിക്കിനിയുമൊക്കെ പണ്ടേ വിട്ട സീനാണ്': രാജിനി ചാണ്ടി

ഞാന്‍ പുരോഗമന ചിന്താഗതിക്കാരിയാണ്. എന്‍റെ വസ്ത്രധാരണം എന്‍റെ അവകാശമാണ്. മറ്റൊരാളുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്യാന്‍ ഇവര്‍ക്കെന്ത് അധികാരമുള്ളത്? എന്‍റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കെതിരെ കുടുംബത്തില്‍ നിന്നു പോലും എതിര്‍പ്പുണ്ടായിരുന്നു. ഞാന്‍ അതൊന്നും കാര്യമാക്കാറില്ല. 

മോശം കമന്‍റുകള്‍ ചെയ്യുന്നവര്‍ സ്വയം ചിന്തിക്കേണ്ടത് താന്‍ എല്ലാം തികഞ്ഞ ആളാണോ എന്നാണ്. സ്വയം നന്നായിട്ട് പോരെ മറ്റൊരാളെ നന്നാക്കുന്നത്. ഈ പറയുന്ന ആളുകളൊക്കെ ജനിക്കുന്നതിനു മുമ്പേ സ്വിം സ്യൂട്ടും ബിക്കിനിയുമൊക്കെ ധരിച്ച് ഈ സീൻ വിട്ടതാണ് ഞാന്‍. 

response of actors and activists in comment section of bikini picsresponse of actors and activists in comment section of bikini pics

 

എന്‍റെ ചിത്രങ്ങള്‍ക്ക് താഴെ വന്ന് എന്നെ ഉപദേശിക്കുന്നവര്‍ എന്നെ ഏന്തെങ്കിലും രീതിയില്‍ സഹായിച്ചിട്ടുള്ളവരാണോ ? പിന്നെ ഇവര്‍ക്ക് എന്ത് അവകാശമാണ് ഞാന്‍ എങ്ങനെ നടക്കണമെന്ന് പറയാന്‍. 'സെക്ഷ്വലി ഫ്രസ്ട്രേറ്റഡാ'യ നിരവധി പേരുടെ മോശം കമന്‍റുകള്‍ എന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതില്‍ പെണ്‍കുട്ടികള്‍ വരെ ഉണ്ട്. ചിലര്‍ക്ക് ഞാന്‍ പേഴ്സണി പോയി മറുപടിയും കൊടുത്തിരുന്നു. പ്രായം പോലും നോക്കാതെയാണ് ചിലര്‍ വളരെ മോശം രീതിയില്‍ പ്രതികരിക്കുന്നത്. 

'ബിക്കിനി ചിത്രം കണ്ടാല്‍ ഇവള്‍ വഴങ്ങുമോ എന്നാണ് ചോദ്യം': ദിയ സന

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വസ്ത്രധാരണത്തെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവര്‍ പലപ്പോഴും ഫേക്ക് ഐഡികളില്‍ നിന്നാണ് രംഗത്തെത്തുന്നത്. സ്വന്തം ഐഡിയില്‍ നിന്ന് എന്‍റെ പോസ്റ്റുകള്‍ക്ക് താഴെ കമന്‍റ് ചെയ്യാന്‍ ഇന്ന് പലര്‍ക്കും പേടിയാണ്. കാരണം ഞാന്‍ പ്രതികരിക്കുമെന്ന് അറിയാം. 

വസ്ത്രധാരണം എന്നത് വ്യക്തി സ്വാതന്ത്യ്രം ആണ്. ചിലര്‍ അവരുടെ പ്രൊഫഷന്‍റെ ഭാഗമായാണ് ബിക്കിനി പോലുള്ള വസ്ത്രം ധരിക്കുന്നതും ഫോട്ടോഷൂട്ടുകള്‍ നടത്തുന്നതും.  സ്വന്തം ശരീരത്തോടുള്ള ഇഷ്ടവുമൊക്കെയാകാം അതിനാധാരമായി വരുന്നതും. അത്രയും ഇഷ്ടപ്പെട്ട് ചെയ്യുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുമ്പോള്‍ തികച്ചും മോശമായ രീതിയില്‍ ആളുകള്‍ അതിനെ കാണുന്നത് എന്തുകൊണ്ടാണ്? ഇത്തരത്തില്‍ ബിക്കിനിയോ മറ്റോ ഇട്ടാല്‍ അവള്‍ ഒരു മോശം പെണ്ണാണ്, അവള്‍ എന്തിനും വഴങ്ങും...തുടങ്ങിയ രീതികളിലാകും പലരും ചിന്തിക്കുന്നത്. ജോലിയുടെ ഭാഗമായി ചെയ്യുന്ന കാര്യത്തിന് ഇത്തരക്കാര്‍ അവരുടെ കുടുംബത്തെ പോലും വേട്ടയാടുന്ന സ്ഥിതിയുമുണ്ട്. 'സെക്ഷ്വല്‍ ഫ്രസ്ട്രേഷനും' ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ കുറവുമാണ് ഇത്  സൂചിപ്പിക്കുന്നത്. 

response of actors and activists in comment section of bikini picsresponse of actors and activists in comment section of bikini pics

 

അടുത്തിടെ ഞാന്‍ മുഗള്‍ ബ്രൈഡിന്‍റെ ഒരു ഫോട്ടോഷൂട്ട് ചെയ്തിരുന്നു. ആ ചിത്രങ്ങളില്‍ ചിലര്‍ക്ക് ഞാന്‍ 'എക്സ്പോസിങ്ങായി' തോന്നി. അങ്ങനെ ചിലര്‍ എന്നോട് നേരിട്ട് ചോദിച്ചു, താല്‍പര്യമുണ്ടോ എന്ന രീതിയില്‍. വലിയ വലിയ ബിസിനസുകാരാണ് ഈ രീതിയില്‍ എന്നോട് സംസാരിച്ചിട്ടുള്ളത്. ശരീരത്തിന്‍റെ ഏന്തെങ്കിലും ഒരു ഭാഗം കണ്ടാല്‍, അവളെ ആ രീതിയില്‍ സമീപിക്കാനുള്ള പ്രവണത പലര്‍ക്കുമുണ്ട്. എന്‍റെ അനുഭവത്തില്‍, കുറച്ച് പ്രായമായവരാണ് ഈ രീതിയില്‍ ചിന്തിക്കുന്നത്.  തികച്ചും ലൈംഗിക ദാരിദ്ര്യം എന്നേ ഇതിനെ പറയാന്‍ പറ്റൂ.  

'ബിക്കിനി അല്ല ഞാന്‍ പര്‍ദ്ദ ധരിച്ചാലും അവര്‍ക്ക് മോശമേ ചോദിക്കാനുള്ളൂ':  ജസ്‍ല മാടശ്ശേരി

ആക്ടിവിസം പറയുന്ന എന്നെപോലുള്ള പെണ്‍കുട്ടികള്‍ ബിക്കിനി അല്ല പര്‍ദ്ദ ധരിച്ചാലും ചിലര്‍ മോശം കമന്‍റുകളുമായി രംഗത്തെത്തും. 'എത്രയാ നിന്‍റെ റേറ്റ്' എന്നാണ് ചിലരുടെ കമന്‍റ്. നല്ല സൗഹൃദങ്ങളുടെ കുറവ് നമ്മുടെ സമൂഹത്തില്‍ ഉണ്ട്. ആണ്ണും പെണ്ണും തമ്മിലുള്ള നല്ല സൗഹൃദങ്ങള്‍, അതിനുള്ള സാഹചര്യം നമ്മുടെ സമൂഹം  ഒരുക്കി കൊടുക്കുന്നുണ്ടോ തുടങ്ങിയവയൊക്കെ പരിശേധിക്കേണ്ടതാണ്. സ്ത്രീകളെ കൌതുക വസ്തുക്കളായാണ് പലരും കാണുന്നത്. സെക്സിന് വേണ്ടിയുള്ള ഉപകരണമായി മാത്രം കാണുന്നവര്‍ നിരവധിയുണ്ട്. 

response of actors and activists in comment section of bikini picsresponse of actors and activists in comment section of bikini pics

 

സെക്ഷ്വല്‍ ഫ്രസ്ട്രേഷന്‍ തന്നെയാണ് ഇതിന്‍റെ പ്രധാന കാരണം.  ഇത്തരക്കാര്‍ ഫേക്ക് ഐഡികളില്‍ നിന്നാണ് മോശമായി കമന്‍റുകളുമായി എത്തുന്നത്. മലയാളികള്‍ ബിക്കിനി ധരിക്കുമ്പോള്‍ മാത്രമാണ് ചിലര്‍ക്ക് പ്രശ്നം.  ബിക്കിനിയൊക്കെ ഇടുന്ന പ്രമുഖ നടിമാര്‍ക്ക് മോശം കമന്‍റുകള്‍ കുറവാണ്. പുതുമുഖ നടിമാരോടാണ് ഇത്തരക്കാര്‍ കൂടുതല്‍ മോശമായി പെരുമാറുന്നത്. നസ്രിയ നായ്ക്കുട്ടിയുമൊത്ത് ഒരു ചിത്രം പങ്കുവയ്ക്കുമ്പോള്‍, 'വൌവ്' എന്ന് പറയുന്നവര്‍ നമ്മള്‍ ഇടുന്ന ചിത്രത്തിന് താഴെ 'പട്ടി ഹറാമല്ലേ...പോയി കുളിയെടീ' എന്ന് പറയും. 

Also Read: 'നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ സ്വിം സ്യൂട്ടും ബിക്കിനിയുമൊക്കെ അണിഞ്ഞതാണ്'; രാജിനി ചാണ്ടി


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios