കൈക്കുഞ്ഞിനെ നെഞ്ചോട് ചേർത്തുവെച്ച് ജോലി ചെയ്യുന്ന അമ്മയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ദില്ലി: കൈക്കുഞ്ഞിനെ നെഞ്ചോട് ചേർത്തുവെച്ച് ജോലി ചെയ്യുന്ന അമ്മയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ന്യൂദില്ലി റെയിൽവേ സ്റ്റേഷനിലാണ് ഹൃദയസ്പർശിയായ കാഴ്ച സമൂഹ മാധ്യമങ്ങളെ കൈയ്യിലെടുത്തത്. ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെ കഴുത്തിലൂടെ തൂക്കിയിട്ട് റയിൽവെ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്ന ആർപിഎഫ് വനിതാ കോൺസ്റ്റബിളിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റിയത്.
യുവതി കുഞ്ഞിനെ നെഞ്ചോട് ചേർത്തുവെച്ച്, ഒരു കയ്യിൽ ലാത്തിയും, മറ്റൊരു വശത്ത് ക്രമസമാധാനവും നിരീക്ഷിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും ദൃഢതയുടെയും മറ്റൊരു കാഴ്ചയാണ് ഇതെന്ന് കണ്ടവർ പറയുന്നു. ബാറ്റണിൽ മുറുകെപ്പിടിച്ച്, മുഖത്ത് മങ്ങലില്ലാത്ത ചെറിയൊരു പുഞ്ചിരിയുമായാണ് യുവതി തന്റെ ജോലി ചെയ്യുന്നത്. ഒരുവശത്ത് മാതൃത്വവും മറ്റൊരുവശത്ത് ജോലിയോടുള്ള സമർപ്പണവുമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. രണ്ടും ഒരേസമയം ഒരുപോലെ കൊണ്ട് പോകുന്ന ഈ കാഴ്ച മറ്റുള്ളവർക്കും ഒരു പ്രചോദനമാണെന്ന് സമൂഹ മാധ്യമങ്ങളിൽ പലരും കുറിച്ചു. സ്നേഹത്തിനും പ്രതിബദ്ധതക്കും അതിരുകളില്ലെന്ന് തെളിയിച്ചുകൊണ്ട്, ഉത്തരവാദിത്തങ്ങളെ ഒട്ടും മടികൂടാതെ, സ്നേഹത്തോടെയും സന്തോഷത്തോടെയും കാര്യങ്ങൾ നിറവേറ്റുന്ന ജോലി ചെയ്യുന്ന എല്ലാ അമ്മമാർക്കുമുള്ള സമർപ്പണം കൂടിയാണിത്. അതേസമയം കഴിഞ്ഞ ദിവസം അപകടമുണ്ടായ സ്റ്റേഷൻ ആണിത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ന്യൂദില്ലി റെയില്‍വെ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് 18ഓളം പേർ മരിച്ചത്. കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ് രാജിലേക്ക് പോകുന്നതിനായി ആളുകൾ കൂട്ടത്തോടെ എത്തിയതോടെയാണ് റയിൽവെ സ്റ്റേഷനിൽ തിരക്കുണ്ടാക്കിയത്. ഇതേത്തുടർന്നാണ് അപകടമുണ്ടായത്.
ഫ്ലാറ്റിൽ വളർത്തിയത് 350 പൂച്ചകളെ, പിന്നാലെ യുവതിക്ക് നോട്ടീസ്, 48 മണിക്കൂറിൽ പരിഹാരം കാണണം!
