'ആരുടെയും സമ്മർദത്തിനു വഴങ്ങരുത് എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം ഇത് നിങ്ങളുടെ തീരുമാനമാണ്'- സമീറ കുറിച്ചു. 

കൊറോണ കാലത്ത് വീടിനുള്ളില്‍ മക്കളുടെ കുസൃതികള്‍ കണ്ടും മക്കള്‍ക്കൊപ്പം കളിച്ചും ചിരിച്ചും ചെലവഴിക്കുകയാണ് തെന്നിന്ത്യന്‍ താരം സമീറ റെഡ്ഡി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം മക്കളുമായുള്ള വിശേഷങ്ങള്‍ എപ്പോഴും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞ് വേണമെന്ന് തീരുമാനമെടുത്തത് എങ്ങനെയെന്ന് കുറിച്ചിരിക്കുകയാണ് സമീറ. എങ്ങനെയാണ് രണ്ടാമതൊരു കുട്ടി വേണമെന്ന് നിങ്ങൾ തിരിച്ചറിയുക എന്നു പറഞ്ഞാണ് സമീറ തന്‍റെ ഇന്‍സ്റ്റഗ്രാം കുറിപ്പ് ആരംഭിക്കുന്നത്. താൻ ഒരുപാടുതവണ സ്വയം ചോദിച്ച ചോദ്യമാണിതെന്നും ഓരോരുത്തരുടെയും അനുഭവവും സാഹര്യവും അനുസരിച്ച് ഈ തീരുമാനമെടുക്കൽ വ്യക്തിപരമായിരിക്കുമെന്നും സമീറ പറയുന്നു. 

View post on Instagram

'രണ്ട് കുട്ടികള്‍ വേണമെന്നുതന്നെയായിരുന്നു എന്‍റെ ആഗ്രഹം. രണ്ടാമതും അമ്മയാകാൻ ഞാൻ തയ്യാറാണോ എന്ന് തിരിച്ചറിയാനുള്ള മാർ​ഗം അവനവനോടു തന്നെ ഗർഭം, ഉറക്കമില്ലാത്ത രാത്രികൾ, വണ്ണം വയ്ക്കൽ എന്നിവയിലൂടെ വീണ്ടും കടന്നുപോവാൻ ധൈര്യമുണ്ടോയെന്ന് ചോദിക്കലായിരുന്നു'- സമീറ കുറിച്ചു. 

ആദ്യപ്രസവശേഷം തനിക്ക് വിഷാദരോ​ഗം അനുഭവപ്പെട്ടിരുന്നുവെന്നും സമീറ പറയുന്നു. പക്ഷേ രണ്ടാമത്തെ മകളെ പ്രസവിച്ച സമയത്ത് താൻ കുറച്ചുകൂടി കരുതലെടുത്തിരുന്നു എന്നും സമീറ കൂട്ടിച്ചേര്‍ത്തു. സ്നേഹം ഭർത്താവിനും കുഞ്ഞുങ്ങൾക്കുമിടയിൽ വിഭജിക്കപ്പെടുന്നതിനെക്കുറിച്ചും സമീറ പറയുന്നുണ്ട്. അവനവനു വേണ്ടിയും പങ്കാളിക്ക് വേണ്ടിയും സമയം കണ്ടെത്താൻ ശ്രമിക്കുക എന്നാണ് സമീറ പറയുന്നത്. 

'എനിക്കറിയാം പല കുടുംബങ്ങളും ഒരു കുട്ടിയോ അല്ലെങ്കിൽ കുട്ടികൾ ഇല്ലാതെയോ തന്നെ സന്തുഷ്ടരായിരിക്കും. ആരുടെയും സമ്മർദത്തിനു വഴങ്ങരുത് എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം ഇത് നിങ്ങളുടെ തീരുമാനമാണ്. ഒന്നും എളുപ്പമല്ല, പക്ഷേ ഒന്നും കഠിനവുമല്ല'- സമീറ കുറിച്ചു. 

ഗര്‍ഭകാലം മുഴുവന്‍ ആഘോഷമാക്കിയ താരം കൂടിയാണ് സമീറ റെഡ്ഡി. രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരുന്ന കാലത്ത് നടത്തിയ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ട് ആണ് സമീറയെ വീണ്ടും വാര്‍ത്തകളില്‍ ശ്രദ്ധേയയാക്കിയത്. നിറവയറുമായി വെള്ളത്തിനടിയില്‍ ഉള്‍പ്പെടെ സമീറ നടത്തിയ ഫോട്ടോഷൂട്ടുകള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

View post on Instagram

രണ്ട് മാസം മാത്രം പ്രായമുണ്ടായിരുന്ന മകള്‍ നൈറയുമായി കര്‍ണാടകയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ മുലായംഗിരി പീക്കില്‍ സമീറ കയറിയതും വാര്‍ത്തയായിരുന്നു. 2015ലാണ് സമീറ റെഡ്ഡിക്കും ഭര്‍ത്താവ് അക്ഷയ് വാര്‍ദെയ്ക്കും ആദ്യ മകന്‍ ജനിച്ചത്. 2019ലാണ് മകളുടെ ജനനം.

Also Read: പ്രസവശേഷം ശരീരഭാരം കൂടി, അത് വല്ലാതെ തളർത്തിയെന്ന് ‌സമീറ റെഡ്ഡി