പ്രസവത്തോടെ വിഷാദരോ​ഗത്തിന് അടിമപ്പെട്ടതിനെക്കുറിച്ചും അമിതവണ്ണത്തെക്കുറിച്ച് നേരിട്ട പരിഹാസങ്ങളെക്കുറിച്ചുമൊക്കെ മനസ്സുതുറന്ന നടിയാണ് സമീറ റെഡ്ഡി. ഉറക്കച്ചടവുള്ള മുഖവും തലമുടിയിലെ നരയും മറച്ച് പിടിക്കുന്നതെന്തിനാ എന്നു സമൂഹത്തോട് ചോദിക്കാന്‍ ധൈര്യം കാണിച്ച നടി. മേക്കപ്പില്ലാതെ തന്നെ താരം വീഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുമുണ്ട്. 

ഇത്തരത്തില്‍ ബാഹ്യ സൗന്ദര്യത്തെക്കുറിച്ചുള്ള ധാരണകളെ തച്ചുടക്കുന്ന സമീറയുടെ നിലപാടിന് നല്ല പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ സമീറയുടെ പുതിയൊരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

2010ൽ സിനിമയിലും മോഡലിങ്ങിലും സജീവമായിരുന്ന കാലത്ത് പകർത്തിയ ഒരു ചിത്രമാണ് സമീറ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇമേജ് എഡിറ്റിങ് സോഫ്ട് വെയറുകളുടെ സഹായത്തോടെയാണ് ഇത്തരം ചിത്രങ്ങൾ  തയ്യാറാക്കുന്നതെന്ന് തുറന്നുപറയുകയാണ് സമീറ.

 

''ഈ ചിത്രത്തിൽ നീർച്ചുഴികളും മുഖക്കുരുവും നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ? വയറിൽ തൂങ്ങിക്കിടക്കുന്ന ചർമ്മം കാണുന്നുണ്ടോ?  യഥാർഥത്തിലുള്ള താടിയെല്ലും അരക്കെട്ടും കാണാൻ സാധിക്കുന്നുണ്ടോ? ഈ ചിത്രത്തിൽ എന്റെ ഏത് ശരീരഭാ​ഗമാണ് ടച്ച് അപ്പ് ചെയ്യാത്തത്? ഉത്തരം ഇതാണ്... എന്റെ ശരീരത്തിലെ എല്ലാ ഭാ​ഗങ്ങളും വൃത്തിയാക്കുകയും വലിക്കുകയും മെലിയിക്കുകയും ചെയ്തിട്ടുണ്ട്.  എഡിറ്റ് ചെയ്യാത്ത യഥാർഥ ചിത്രം ഇപ്പോള്‍ എന്റെ കയ്യിൽ ഉണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു. എന്‍റെ ശരീരം എങ്ങിനെയാണോ അങ്ങനെ അതിനെ സ്നേഹിക്കാൻ എനിക്ക് അൽപ്പം സമയം എടുക്കേണ്ടി വന്നു. നിങ്ങളെ ആനന്ദിപ്പിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ''- സമീറ കുറിച്ചു. 

Also Read: സ്ത്രീകള്‍ക്കിടയില്‍ തരംഗമായി സമീറയുടെ 'നോ മേക്കപ്പ്' വീഡിയോ...