ആര്‍ത്തവ ക്രമക്കേടും ആര്‍ത്തവവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളും മുന്‍കാലങ്ങളെ അപേക്ഷിച്ച് ഏറെ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ഏതാണ്ട് 35 ശതമാനം സ്ത്രീകളും ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ അവകാശപ്പെടുന്നത്. 

പല കാരണങ്ങളാകാം ആര്‍ത്തവപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇതില്‍ ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റം കൊണ്ട് തന്നെ പരിഹരിക്കാവുന്നതും, അതല്ലാതെ ചികിത്സ ആവശ്യമായി വരുന്നതുമായ കാരണങ്ങളുണ്ട്. 

മിക്കവാറും പ്രശ്‌നങ്ങളും ജീവിതശൈലിയില്‍ മാറ്റം വരുത്താന്‍ തയ്യാറാകുന്നതിലൂടെ തന്നെ പരിഹരിക്കാവുന്നതാണ്. അല്ലാത്തവയ്ക്ക് തീര്‍ച്ചയായും ചികിത്സ തേടിയേ മതിയാകൂ, ഇല്ലെങ്കില്‍ ഭാവിയില്‍ വന്ധ്യതയുള്‍പ്പെടെ പല ഗൗരവതരമായ വിഷയങ്ങളും ഇതിനോടനുബന്ധമായി വന്നേക്കാം. പ്രധാനമായും ആര്‍ത്തവ ക്രമക്കേടുണ്ടാക്കുന്ന ഏഴ് കാരണങ്ങളാണ് ഇനി പ്രതിപാദിക്കുന്നത്. 

ഒന്ന്...

ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതില്‍ ഒന്നാമതായി വരുന്നത്. ഏറ്റവും സുപ്രധാനമായ കാരണവും ഇതുതന്നെയാണ്. 

 


 

രണ്ട്...

ഇടവിട്ട് പനി വരുന്നത്, ക്ഷയരോഗം, തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവയും ആര്‍ത്തവ ചക്രത്തെ മോശമായി ബാധിക്കുന്നു. 

മൂന്ന്...

ശരീരമനങ്ങി ജോലി ചെയ്യുന്ന രീതി ഇന്ന് പലപ്പോഴും സ്ത്രീകള്‍ക്കില്ല. ജീവിതശൈലിയില്‍ കാലത്തിനനുസരിച്ച് വന്ന മാറ്റമാണിത്. ഇതും ആര്‍ത്തവപ്രശ്‌നങ്ങളിലേക്ക് വഴിയൊരുക്കുന്നുണ്ട്. 

നാല്...

ഗര്‍ഭനിരോധന ഗുളികകള്‍, ആര്‍ത്തവം നീട്ടിവയ്ക്കുന്നതിനുള്ള പില്‍സ് എന്നിവ പതിവായി കഴിക്കുന്നവരിലും ആര്‍ത്തവ ക്രമക്കേടുകളുണ്ടാകാറുണ്ട്. 

അഞ്ച്...

പുതിയകാലത്തെ മത്സരാധിഷ്ഠിതമായ ജീവിതത്തില്‍ ഒന്നിനും സമയമെത്താതിരിക്കുന്നത് സ്വാഭാവികമാണ്. ഇത്തരം ഇടുങ്ങിയ ജീവിതരീതി ആളുകളില്‍, പ്രത്യേകിച്ച് സ്ത്രീകളില്‍ കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. 

 

 

ഇതിന് പുറമെ ഉത്കണ്ഠയും കൂടിയാകുമ്പോള്‍ അത് നേരിട്ട് ബാധിക്കുന്നത് ആര്‍ത്തവ ചക്രത്തെയാണ്. 

ആറ്...

സിപിഒഎസ് ഉള്ള സ്ത്രീകളിലും ആര്‍ത്തവ പ്രശ്‌നങ്ങള്‍ കാണാറുണ്ട്. തീര്‍ച്ചയായും ചികിത്സ തേടേണ്ട സാഹചര്യമാണിതെന്ന് മനസിലാക്കുക. 

ഏഴ്...

പുകവലിയും മദ്യപാനവും അധികമായിരിക്കുന്ന സ്ത്രീകളിലും ആര്‍ത്തവ പ്രശ്‌നങ്ങള്‍ കാണാറുണ്ട്. അതിനാല്‍ ഈ ശീലങ്ങളെ പാടെ ഒഴിവാക്കാനോ മിതമാക്കി നിര്‍ത്താനോ പരിശീലിക്കേണ്ടതുണ്ട്.

Also Read:- പി‌സി‌ഒ‌എസ് ഉള്ള 10 ‌ശതമാനം രോഗികൾക്ക് ഈ രോ​ഗം പിടിപെടാനുള്ള സാധ്യത കൂടുതല്ലെന്ന് പഠനം...