സ്വവര്‍ഗ ലൈംഗികതയോടുള്ള പൊതു കാഴ്ചപ്പാടില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുള്ളൊരു കാലമാണിത്. എങ്കില്‍ക്കൂടിയും പലപ്പോഴും സ്വവര്‍ഗാനുരാഗികള്‍ക്ക് തങ്ങളുടെ ലൈംഗികതയെക്കുറിച്ച് തുറന്നുപറയാനും, സ്വതന്ത്രമായി ജീവിക്കാനുമുള്ള അവസരം ലഭിക്കുന്നുമില്ല. ഈ വിഷയം ചര്‍ച്ച ചെയ്യുന്നൊരു പുതിയ ഫോട്ടോഷൂട്ടാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. 

ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പിയാണ് വ്യത്യസ്തമായ ഈ ഫോട്ടോഷൂട്ട്  ചെയ്തത്. സ്വവര്‍ഗ ലൈംഗികതയെ അനുകൂലിക്കുകയെന്ന ലക്ഷ്യത്തോടെയും ലിംഗഭേദങ്ങള്‍ക്കപ്പുറമാണ് സ്‌നേഹത്തിന്റെ നിലനില്‍പെന്ന ആശയം പങ്കുവയ്ക്കാനുമാണ് ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് ചെയ്തതെന്ന് മഹാദേവന്‍ പറയുന്നു. 

'ഒരുപാട് നാളായി ഈ ആശയം എന്റെ മനസിലുണ്ട്. ഇപ്പോഴാണ് അത് ചെയ്യാന്‍ കഴിഞ്ഞതെന്ന് മാത്രം. നിറം, ജെന്‍ഡര്‍ എന്നിങ്ങനെയുള്ള ഘടകങ്ങള്‍ക്കെല്ലം അപ്പുറമാണ് സ്‌നേഹം എന്ന് ഉറച്ചുവിശ്വസിക്കുന്നൊരാളാണ് ഞാന്‍. അതുതന്നെയാണ് ഈ ചിത്രങ്ങളിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ചതും. മോഡലുകളായ ലേഖയോടും ഗൗരിയോടും ആകസ്മികമായാണ് എന്റെ ആശയത്തെ കുറിച്ച് സംസാരിച്ചത്. അവര്‍ രണ്ടുപേരും സസന്തോഷം റെഡി എന്ന് പറഞ്ഞു. മേക്കപ്പ് ചെയ്ത പ്രബിന്‍, കോസ്റ്റിയൂം ചെയ്ത ശ്വേത എന്നിവരും എനിക്ക് വലിയ പിന്തുണ നല്‍കി. അതുപോലെ ഫോട്ടോഷൂട്ടിന് വേണ്ടി സ്വര്‍ണം സ്‌പോണ്‍സര്‍ ചെയ്തത് പറക്കാട്ട് ജൂവല്‍സാണ്, അവരോടും പ്രത്യേകം നന്ദി പറയുകയാണ്..

സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള ആളുകളുടെ പ്രതികരണം, ഒരുപക്ഷേ വളരെ മോശമായിരിക്കും എന്നൊക്കെയുള്ള ചിന്തയായിരുന്നു ആദ്യം എനിക്കുണ്ടായിരുന്നത്. എന്നാല്‍ നമ്മുടെ പ്രതീക്ഷകള്‍ക്കൊക്കെ അപ്പുറം വലിയ തോതിലുള്ള പൊസിറ്റീവ് റെസ്‌പോണ്‍സാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ നിന്ന് മാത്രമല്ല, അതിന് പുറത്തും ഈ ചിത്രങ്ങള്‍ ചര്‍ച്ചയായിട്ടുണ്ട്. അതിലേറെ സന്തോഷമുണ്ട്...'- മഹാദേവന്‍ പറയുന്നു. 

പതിനഞ്ച് വര്‍ഷത്തോളമായി മലയാളം, തമിഴ് സിനിമകളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചുവരികയാണ് മഹാദേവന്‍. കമല്‍ ഹാസന്റെ വിശ്വരൂപം തുടങ്ങി മലയാളത്തിലെ നിരവധി കൊമേഴ്ഷ്യല്‍ ഹിറ്റുകളുടെ അണിയറയില്‍ മഹാദേവനുണ്ട്. അനൂപ് മേനോന്റെ കിംഗ്ഫിഷ് എന്ന വരാനിരിക്കുന്ന ചിത്രത്തിലൂടെ സിനിമോട്ടോഗ്രാഫറുടെ റോളിലേക്ക് കൂടി കടക്കുകയാണ് മഹാദേവന്‍. 

 

 

മുമ്പും മഹാദേവന്‍ ചെയ്ത ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ചര്‍ച്ചകളുണ്ടാക്കിയിട്ടുണ്ട്. നടിമാരായ കൃഷ്ണ പ്രഭ, അനിഖ, അനാര്‍ക്കലി മരിക്കാര്‍ എന്നിവര്‍ക്കൊപ്പം ചെയ്ത ചിത്രങ്ങളാണ് ഏറെയും ശ്രദ്ധേയമായിരുന്നത്.

 

Also Read:- വാഴയിലയുടുത്ത് വെറൈറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അനിഖ സുരേന്ദ്രൻ...