ലോക്ക്ഡൗണ്‍ കാലം തന്‍റെ ആശുപത്രി ദിനങ്ങളെ ഓര്‍മിപ്പിക്കുന്നുവെന്ന് ബോളിവുഡ് നടി മനീഷ കൊയ്‌രാള കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു. ഇപ്പോഴിതാ നടി സൊണാലി ബിന്ദ്രേയും അത്തരം ഒരു അനുഭവം പങ്കുവെയ്ക്കുകയാണ്. തന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ രണ്ടുവര്‍ഷക്കാലം ഒരു ക്വാറന്‍റൈന്‍ പോലെയായിരുന്നുവെന്ന് സൊണാലി പറയുന്നു.

തനിക്ക് ഇപ്പോള്‍ ആകെ തോന്നിയ മാറ്റം സന്ദര്‍ശകര്‍ വരുന്നില്ലെന്നതാണെന്നും താരം ഒരു അഭിമുഖത്തില്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ കാലത്ത് ഏറെ മിസ് ചെയ്യുന്നത് മാതാപിതാക്കളെയാണ്. വീട്ടുകാരെ കാണുന്നില്ല എന്നത് മാത്രമാണ് ഇപ്പോഴത്തെ സങ്കടം. ലോക്ക്ഡൗണ്‍ കഴിഞ്ഞാലുടന്‍ ആദ്യം ചെയ്യുന്നത് അവരെപ്പോയി കാണലാണ് എന്നും സൊണാലി പറഞ്ഞു.

കൊവിഡ് കാലമായതുകൊണ്ട് തന്നെ പ്രതിരോധശേഷി കൂട്ടാന്‍  പഴങ്ങളും പച്ചക്കറികളും ധാരാളമായി ഇപ്പോള്‍ കഴിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. കുറച്ച് കാലത്തെ ചികിത്സയ്‌ക്കൊടുവിലാണ് ക്യാന്‍സറിനെ തോല്‍പ്പിച്ച് താരം ജീവിതത്തിലേക്ക് മടങ്ങിയത്.

Also Read: 'ശരീരം തരുന്ന മുന്നറിയിപ്പുകള്‍ കേള്‍ക്കാം'; ക്യാന്‍സറിനോട് പൊരുതിജയിച്ച നടി സോണാലി പറയുന്നു...

2018 ലാണ് സോണാലി ക്യാന്‍സര്‍ ബാധിതയാവുന്നത്. തന്‍റെ ചികിത്സയുടെ ഓരോ ഘട്ടങ്ങളും ആരാധകരുമായി താരം പങ്കുവെച്ചിരുന്നു. 'നമ്മള്‍ ഒരു തുരങ്കത്തില്‍ പെട്ടുപോയാല്‍ അതിനപ്പുറത്ത് വെളിച്ചം കണ്ടെത്തുന്നതുവരെ ക്ഷമയോടെ നടക്കില്ലേ..അതുപോലെയാണ് ക്യാന്‍സര്‍ രോഗകാലം' - സോണാലി അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു.

ശരീരം തരുന്ന മുന്നറിയിപ്പുകളെ ശ്രദ്ധിക്കാതെ പോകരുത് എന്നും നേരത്തെ കണ്ടെത്തിയാല്‍ ചികിത്സ എളുപ്പമാണ് എന്നും താരം പലപ്പോഴും ഓര്‍മ്മിപ്പിച്ചിരുന്നു. 

Also Read: കൈവിരലുയര്‍ത്താന്‍ പോലുമായിരുന്നില്ല; വേദന നിറഞ്ഞ ദിവസങ്ങളെ കുറിച്ച് സൊണാലി ബിന്ദ്ര...