ഉയരമെന്നാല്‍ അലങ്കാരം മാത്രമല്ല, അതിന് പിന്നില്‍ പല വേദനകളും ദുരിതങ്ങളും കാണാമെന്നും അത്തരത്തിലുള്ള അനുഭവങ്ങളിലൂടെ കടന്നുപോകുന്നവര്‍ തീര്‍ച്ചയായും ആദരം അര്‍ഹിക്കുന്നുണ്ടെന്ന പാടവും റുമൈസയുടെ നേട്ടം നമ്മെ പഠിപ്പിക്കുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും താരമാണ് റുമൈസ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത Tallest Woman )യെന്ന ലോക റെക്കോര്‍ഡിന് ഉടമയായിരിക്കുകയാണ് തുര്‍ക്കി സ്വദേശിയായ റുമൈസ ഗെല്‍ഗി എന്ന ഇരുപത്തിനാലുകാരി. ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കാനായെങ്കിലും ഈ നേട്ടം അത്ര മധുരമുള്ള ഒന്നല്ല റുമൈസയ്ക്ക്. 

215.16 സെന്റിമീറ്റര്‍ ( 7 അടി 7 ഇഞ്ച് ) ആണ് റുമൈസയുടെ ഉയരം. 'വീവര്‍ സിന്‍ഡ്രോം' എന്ന ജനിതക രോഗത്തിന്റെ ഭാഗമായാണ് റുമൈസയ്ക്ക് ഇത്രയും അസാധാരണമായ ഉയരമുണ്ടായത്. ഉയരം മാത്രമല്ല, അതിനൊപ്പം പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഈ രോഗം റുമൈസയ്ക്ക് നല്‍കിയിട്ടുണ്ട്. 

വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ തന്നെ ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യം. വീല്‍ ചെയറിന്റെയോ വാക്കിംഗ് ഫ്രെയിമിന്റെയോ സഹായമില്ലാതെ റുമൈസയ്ക്ക് ചലിക്കാനാവില്ല. അതും ശ്രദ്ധയോടെ വേണം ഓരോ അടിയും മുന്നോട്ടുനീങ്ങാന്‍. കഴിവതും ആരുടെയെങ്കിലും സഹായവും തേടണം. 

ഇത്രയും വിഷമതകളുള്ളതിനാല്‍ തന്നെ തന്റെ സവിശേഷമായ ആരോഗ്യാവസ്ഥ റുമൈസയ്ക്ക് അത്ര സന്തോഷം പകരുന്നതല്ല. എന്നാല്‍ ഈ ദുഖങ്ങളെയെല്ലാം മറികടക്കാന്‍ താന്‍ ശ്രമിക്കുകയാണെന്നാണ് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ ശേഷം റുമൈസ പറയുന്നത്. 

'എല്ലാവരില്‍ നിന്നും വ്യത്യസ്തയായിരിക്കുകയെന്നാല്‍ അത്ര മോശം സംഗതിയല്ലെന്ന് ചിന്തിക്കാനാണ് ഞാനിപ്പോള്‍ ശ്രമിക്കുന്നത്. ചിലപ്പോഴെങ്കിലും ഈ സവിശേഷത നമുക്ക് ചില അവിചാരിത നേട്ടങ്ങള്‍ കൊണ്ടുവന്നുതരാം. ഇപ്പോള്‍ തന്നെ എനിക്ക് ലഭിച്ചിരിക്കുന്ന അംഗീകാരത്തിനെ എന്റെ രോഗത്തിനോ സമാനമായ രോഗങ്ങള്‍ക്കോ എതിരായ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി ഉപയോഗപ്പെടുത്താനാണ് എന്റെ തീരുമാനം..'- റുമൈസ പറയുന്നു. 

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പുരുഷന്‍ സുല്‍ത്താന്‍ കോസെനും തുര്‍ക്കി സ്വദേശിയാണ്. എട്ട് അടി, 2.8 ഇഞ്ച് ഇദ്ദേഹത്തിന്റെ ഉയരം. എപ്പോഴെങ്കിലും ഇദ്ദേഹത്തെ ഒന്ന് നേരിട്ടുകാണണമെന്ന് ആഗ്രഹമുണ്ടെന്ന് റുമൈസ പറയുന്നു. നേരത്തേ പതിനെട്ടാം വയസിലും ലോകത്തിലെ ഏറ്റവും ഉയരമേറിയ കൗമാരക്കാരിയെന്ന റെക്കോര്‍ഡ് റുമൈസയെ തേടിയെത്തിയിട്ടുണ്ട്. 

ഉയരമെന്നാല്‍ അലങ്കാരം മാത്രമല്ല, അതിന് പിന്നില്‍ പല വേദനകളും ദുരിതങ്ങളും കാണാമെന്നും അത്തരത്തിലുള്ള അനുഭവങ്ങളിലൂടെ കടന്നുപോകുന്നവര്‍ തീര്‍ച്ചയായും ആദരം അര്‍ഹിക്കുന്നുണ്ടെന്ന പാടവും റുമൈസയുടെ നേട്ടം നമ്മെ പഠിപ്പിക്കുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും താരമാണ് റുമൈസ.

Also Read:- അമേരിക്കയിലെ ഉയരം കൂടിയ വ്യക്തി 38ാം വയസില്‍ അന്തരിച്ചു