നാട്ടിലും വീട്ടിലും സുഹൃത്തുക്കളുടെ ഇടയിലുമൊക്കെ രൂക്ഷമായ രീതിയില്‍ ബോഡിഷെയ്മിങ്ങിന് ഇരയാകേണ്ടി വരുന്നവരുണ്ട്. അതില്‍ തന്നെ അമിതവണ്ണത്തിന്‍റെ പേരില്‍ ഇന്നും പരിഹാസം അനുഭവിക്കുന്ന നിരവധി പേരുണ്ട്. അക്കൂട്ടത്തില്‍ സാധാരണക്കാര്‍ മാത്രമല്ല, സെലിബ്രിറ്റികളുമുണ്ട്. നടിമാര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ വരുന്ന കമന്‍റുകള്‍ ശ്രദ്ധിച്ചാല്‍ തന്നെ നമുക്ക് അക്കാര്യം വ്യക്തമാകും. 

പ്ലസ് സൈസ് മോഡലായ ടെസ് ഹോളിഡേയും അത്തരം ഒരനുഭവമാണ് പങ്കുവയ്ക്കുന്നത്. ​ഗ്രാമിയിൽ താൻ ധരിച്ച സ്ട്രോബറി വസ്ത്രത്തിനെതിരെ ഉയര്‍ന്ന വിമർശനങ്ങളെക്കുറിച്ചാണ് താരം ഇപ്പോള്‍ തുറന്നുപറയുന്നത്. ജനുവരിയിൽ നടന്ന ​ഗ്രാമിയിൽ ഡിസൈനർ ലിറിക മറ്റോട്ടി ഡിസൈൻ ചെയ്ത പിങ്ക് നിറത്തിലുള്ള സ്ട്രോബറി ഡ്രസ്സാണ് മുപ്പത്തിയഞ്ചുകാരിയായ ടെസ് ഹോളിഡേ ധരിച്ചത്. സ്ട്രോബറികളുടെ പ്രിന്‍റുകളുള്ള ഡിസൈനായിരുന്നു ഡ്രസ്സിലെ ഹൈലൈറ്റ്. 

 

എന്നാൽ അന്ന് ഏറ്റവും മോശം വസ്ത്രം ധരിച്ചയാൾ എന്ന വിമർശനങ്ങളാണ് തനിക്ക് ലഭിച്ചതെന്ന് ഹോളിഡേ പറയുന്നു. ഇപ്പോള്‍ അതേ വസ്ത്രം സമൂഹ മാധ്യമങ്ങളിലൂടെ മെലിഞ്ഞവർ ധരിച്ചെത്തുമ്പോള്‍ പ്രശംസിക്കുന്നവരാണ് കൂടുതലെന്നും താരം പറഞ്ഞു. 

 

ഗ്രാമിയില്‍ അന്ന് പങ്കെടുത്തതിന്‍റെ ചിത്രങ്ങളും വീഡിയോകളും സഹിതമാണ് ടെസ് ഹോളിഡേ ഇൻസ്റ്റഗ്രാമിലൂടെ കുറിപ്പ് പങ്കുവച്ചത്. ​'ഗ്രാമിയിൽ ഞാന്‍ ധരിച്ചപ്പോൾ ഏറ്റവും മോശം വസ്ത്രങ്ങളുടെ പട്ടികയിലിടം നേടിയ വസ്ത്രമാണിത്. ഇപ്പോൾ മെലിഞ്ഞവർ അതേ വസ്ത്രം ധരിച്ച് ടിക്ടോക്കിലും മറ്റും പ്രത്യക്ഷപ്പെടുമ്പോൾ എല്ലാവരും ശ്രദ്ധിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ സമൂഹം വണ്ണമുള്ളവരെ വെറുക്കുന്നു. പ്രത്യേകിച്ച് നമ്മൾ വിജയിക്കുകയാണെങ്കിൽ...'- ഹോളിഡേ കുറിച്ചു. 

ഗ്രാമിക്കു ശേഷം ആഴ്ച്ചകളോളം വസ്ത്രത്തിന്റെ പേരിൽ താൻ വിമർശനങ്ങൾക്കിരയായിട്ടുണ്ടെന്നും തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളെല്ലാം മെസേജുകൾ കൊണ്ട് നിറഞ്ഞിരുന്നു എന്നും താരം പറയുന്നു. ഏഴ് മാസം മുന്‍പ് തന്നെ രാജകുമാരിയെപ്പോലെ തോന്നിക്കും വിധത്തിൽ ഡ്രസ്സ് ഡിസൈൻ ചെയ്ത ഡിസൈനർക്ക് ഹോളിഡേ നന്ദി പറയുകയും ചെയ്തു. അതേസമയം, ഹോളിഡേയെ പ്രശംസിച്ചുകൊണ്ടു നിരവധി കമന്‍റുകളാണ് ഈ പോസ്റ്റിന് താഴെ വന്നത്. ഹോളിഡേ ധരിച്ചു നിൽക്കുന്നതു കണ്ടാണ് താൻ ഈ വസ്ത്രം ഓർഡർ ചെയ്തെന്നും അസൂയാലുക്കളെ അവഗണിക്കാനും പലരും പറയുന്നു. 

Also Read: സ്ത്രീകള്‍ക്കിടയില്‍ തരംഗമായി സമീറ റെഡ്ഢിയുടെ 'നോ മേക്കപ്പ്' വീഡിയോ...