എല്ലുകള്‍ക്കും പേശികള്‍ക്കും കൂടുതല്‍ ബലം നല്‍കുകയെന്ന ഉദ്ദേശത്തോടെ ചെയ്യുന്ന വര്‍ക്കൗട്ടാണ് 'സ്‌ട്രെങ്ത് ട്രെയിനിംഗ്' അല്ലെങ്കില്‍ 'വെയിറ്റ് ട്രെയിനിംഗ്'. പ്രായമാകുന്നതിന് അുസരിച്ച് നമ്മുടെ പേശികളും എല്ലുകളും ദുര്‍ബലമാകുന്നുണ്ട്. സ്ത്രീകളിലാണെങ്കില്‍ 'ഈസ്ട്രജന്‍' എന്ന ഹോര്‍മോണ്‍ ആണ് പ്രധാനമായും എല്ലുകളുടെ വികസനത്തിന് സഹായിക്കുന്നത്. 

പ്രായം കൂടുമ്പോള്‍, പ്രത്യേകിച്ച് ആര്‍ത്തവവിരാമത്തിന് ശേഷം 'ഈസ്ട്രജന്‍' അളവ് കുറയുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ എല്ലുകളുടേയും പേശികളുടേയും ബലം കുറയുകയും ക്രമേണ എല്ല് പൊട്ടലിലേക്കോ മറ്റോ ഇത് നീങ്ങുകയും ചെയ്യാം. 

അതിനാല്‍ തന്നെ എല്ലുകളെയും പേശികളെയും ബലപ്പെടുത്തി വയ്‌ക്കേണ്ടത് സ്ത്രീകളെ സംബന്ധിച്ച് അനിവാര്യമാണ്. മുന്‍കാലങ്ങളിലാണെങ്കില്‍ സ്ത്രീകള്‍ക്ക് ശാരീരികാധ്വാനം കൂടുതലായിരുന്നു. അത് അവരുടെ ആരോഗ്യത്തെ ഒരു പരിധി വരെ സംരക്ഷിക്കുകയും ചെയ്തിരുന്നു. 

 

 

എന്നാല്‍ ഇപ്പോള്‍ സ്ത്രീകള്‍ക്ക് ശാരീരികാധ്വാനം കാര്യമായി ഇല്ലെന്ന സാഹചര്യമാണ് അധികവുമുള്ളത്. അങ്ങനെ വരുമ്പോള്‍ 'സ്‌ട്രെങ്ത് ട്രെയിനിംഗ്' പോലുള്ള വര്‍ക്കൗട്ടുകള്‍ ചെയ്യുന്നതാണ് ഉചിതം. ഇനി ഈ വര്‍ക്കൗട്ട് ചെയ്യണമെന്ന് പറയുന്നതിന്റെ മൂന്ന് കാരണങ്ങള്‍ വ്യക്തമാക്കാം.

ഒന്ന്...

ചെറുപ്പക്കാരായ സ്ത്രീകളില്‍, ചെറുപ്പക്കാരായ പുരുഷന്മാരെ അപേക്ഷിച്ച് 'മസില്‍ അട്രോഫി' ( പേശികളുടെ ബലം നഷ്ടപ്പെടുന്ന അവസ്ഥ) സാധ്യത കൂടുതലാണ്. 'ടെസ്റ്റോസ്‌റ്റെറോണ്‍' എന്ന ഹോര്‍മോണിന്റെ അളവിലുള്ള കുറവാണ് ഇതിന് കാരണമാകുന്നത്. നിത്യജീവിതത്തില്‍ ചെയ്തുപോകേണ്ട കാര്യങ്ങള്‍ പോലും ചെയ്യാന്‍ ഈ അവസ്ഥയില്‍ സാധ്യമാകില്ല. ഇതൊഴിവാക്കാന്‍ 'സ്‌ട്രെങ്ത് ട്രെയിനിംഗ്' ചെയ്യാം. 

രണ്ട്...

പ്രായമായ സ്ത്രീകളില്‍ സാധാരണയായി കാണപ്പെടുന്ന അസുഖമാണ് എല്ലുതേയ്മാനം (ഓസ്റ്റിയോപോറോസിസ്). വ്യാപകമായ തോതില്‍ എന്ന നിലയ്‌ക്കെല്ലാം ഇത് വര്‍ധിച്ചുവരുന്ന സാഹചര്യമാണ് ഇന്നുള്ളത്.

 

 

ചെറുപ്പമായിരിക്കുമ്പോള്‍ തന്നെ എല്ലുകളേയും പേശികളേയും ബലപ്പെടുത്തിയെടുക്കാന്‍ ശ്രമിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്‌നത്തെ അകറ്റിനിര്‍ത്താനാകും. 

മൂന്ന്...

പൊതുവേ സ്ത്രീകളുടെ മസില്‍ ബലം കുറവായിരിക്കുന്നതിനാല്‍ അവര്‍ക്ക് എളുപ്പത്തില്‍ പരിക്കുകള്‍ സംഭവിക്കാനുള്ള സാധ്യതകളുമേറെയാണ്. കഴുത്ത്, തോള്‍ഭാഗങ്ങള്‍, മുതുകിന് താഴ്ഭാഗം എന്നിവിടങ്ങളെല്ലാം ഇത്തരത്തില്‍ 'റിസ്‌ക്' നേരിടുന്ന സ്ഥലങ്ങളാണ്. ഇങ്ങനെ എളുപ്പത്തില്‍ പരിക്ക് സംഭവിക്കുന്നത് ഒഴിവാക്കാനും 'സ്‌ട്രെങ്ത് ട്രെയിനിംഗ്' ചെയ്യാവുന്നതാണ്.

Also Read:- പ്രമേഹമുള്ള സ്ത്രീകള്‍ അറിയാന്‍; പഠനം പറയുന്നു...