Asianet News MalayalamAsianet News Malayalam

'ഫെയര്‍ ആന്റ് ലൗലി'യില്‍ നിന്ന് 'ഫെയര്‍' ഇല്ലാതാകുമ്പോള്‍...

''ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്താണ് 'ഫെയര്‍ ആന്റ് ലൗലി'യുടെ പരസ്യം പ്രചുരപ്രചാരം നേടുന്നത്. നിറം കുറഞ്ഞവളായ ഒരു പെണ്‍കുട്ടി ആദ്യമായി കോളേജില്‍ ചെല്ലുകയാണ്. ആ കുട്ടിക്ക് കറുപ്പ് നിറമാണ്. ആയതിനാല്‍ അവള്‍ക്ക് കാമുകനെ കിട്ടുന്നില്ല. സങ്കടപ്പെട്ടിരിക്കുന്ന അവളുടെ കയ്യിലോട്ട് 'ഫെയര്‍ ആന്റ് ലൗലി' വെച്ചു കൊടുക്കുന്നു. അത് തേക്കുന്ന അവള്‍ വെളുക്കുന്നു, അപ്പോള്‍ കാമുകനെ കിട്ടുന്നു...'' ഫെയർ ആന്‍റ് ലൗലി സംസ്കാരത്തെ കുറിച്ച് മൂന്ന് സ്ത്രീകൾ എഴുതുന്നു...

three women writes about the white culture which made by fairness products
Author
Trivandrum, First Published Jul 1, 2020, 7:24 PM IST

ആഫ്രോ-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തോടെ വംശീയതയ്‌ക്കെതിരായ വലിയ പോരാട്ടത്തിനാണ് അമേരിക്കയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത്. ഈ മുന്നേറ്റത്തിന്റെ അലയൊലികള്‍ അതിര്‍ത്തികള്‍ ഭേദിച്ച് ലോകത്തിന്റെ പല കോണുകളിലേക്കുമെത്തി. കറുത്തവര്‍ക്ക് വേണ്ടിയുള്ള പ്രതിഷേധങ്ങള്‍ക്ക് മുമ്പില്‍ മുട്ടുകുത്തി നിന്ന് ഐക്യദാര്‍ഢ്യപ്പെടുന്ന വെളുപ്പിന്റേയും അധികാരത്തിന്റേയും പ്രതിനിധികളേയും നാം കണ്ടു. 

ഇതിനിടെ വെളുപ്പിന് പ്രത്യേകമായ മൂല്യം കല്‍പിച്ചുകൊടുത്ത സാമൂഹിക സങ്കല്‍പങ്ങളെ ഒന്നുകൂടി അരക്കിട്ടുറപ്പിച്ച 'ഫെയര്‍നെസ്' ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍ 'വിപ്ലവകരമായ' ചില തീരുമാനങ്ങളിലേക്കെത്തി. തങ്ങളുടെ ഉത്പന്നങ്ങളുടെ പേരില്‍ നിന്നും പരസ്യവാചകങ്ങളില്‍ നിന്നുമെല്ലാം വെളുപ്പിനെ ഉയര്‍ത്തിക്കാട്ടുന്ന 'ഫെയര്‍', 'വൈറ്റ്', 'ലൈറ്റനിംഗ്' എന്നുതുടങ്ങിയ വാക്കുകള്‍ നീക്കം ചെയ്യുന്നതായി അവര്‍ പ്രഖ്യാപിച്ചു. 

ഏറെക്കാലമായി ഇത്തരത്തിലുള്ള പല ഉത്പന്നങ്ങളുടേയും പരസ്യങ്ങള്‍ക്കും പേരിനുമെല്ലാം എതിരായി പ്രതിഷേധങ്ങള്‍ നടന്നുവരുന്നുണ്ട്. ഈ മാറ്റങ്ങള്‍ക്ക് നിലവിലെ സാഹചര്യങ്ങള്‍ അനുകൂലമാണെന്ന് കമ്പനികള്‍ക്ക് തോന്നിക്കാണണം. ഏതായാലും ഉത്പന്നങ്ങളുടെ പേരുകളിലും പരസ്യവാചകങ്ങളിലും തിരുത്ത് വരുത്തുമ്പോള്‍ പക്ഷേ, മറക്കരുതാത്ത ചിലത് കൂടിയുണ്ട്. ഇപ്പോള്‍ നീക്കം ചെയ്യുന്ന ഈ വാക്കുകള്‍ നേരത്തേ ഉണ്ടാക്കിയെടുത്ത ഒരു സംസ്‌കാരമുണ്ട്. സൗന്ദര്യമെന്നാല്‍ വെളുപ്പാണെന്ന ആധികാരികതയിലൂന്നിയ സംസ്‌കാരം. ആ സംസ്‌കാരത്തെ ഇതോടുകൂടി ഉപേക്ഷിക്കാനോ, തിരുത്താനോ ഈ തീരുമാനങ്ങള്‍ക്കാകുമോ? 

ഈ വിഷയത്തില്‍ എഴുതുന്നു- നിയമവിദ്യാര്‍ത്ഥിയായ ഫായിസ ഉമ്മര്‍ മുഹമ്മദ്, സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയായ ആരതി എം ആര്‍, അഡ്വ. കുക്കു ദേവകി...

 

three women writes about the white culture which made by fairness products

 

''വെളുത്ത കുഞ്ഞുങ്ങളെ എടുക്കാന്‍ പോലും പേടിയായിരുന്നെനിക്ക്. എന്റെ കൈകളുടെ കറുപ്പ് അവരുടെ വെളുത്ത മേല് കാണുമ്പോ എനിക്ക് വന്നിരുന്നൊരു തരിപ്പുണ്ട്...''

''ഇങ്ങളെ വയറ്റിലുള്ള സമയത്ത് മ്മ ഫ്രൂട്‌സ് ഒക്കെ ആരും കാണാണ്ട് കളയും. അതിന്റൊക്കെ മണം കേക്കുമ്പളേ ഛര്‍ദ്ദിക്കാന്‍ വന്നിട്ട്...''

''ഹഹഹഹ.....വെര്‍തല്ല ഇവര് രണ്ടാളും കറത്തത്. സലാമൂനെ വയറ്റില്ള്ളപ്പോ സായിദ നല്ലോണം കുങ്കുമപ്പൂവൊക്കെട്ട പാല് കുടിച്ചീര്ന്ന്. അതോണ്ട് ചെക്കന്‍ കൊറച്ച് നെറം വച്ച്''

''ന്നിട്ടെന്താ ഓന്‍ അവിടേം ഇവിടേം വെയിലും കൊണ്ട് നടന്നിട്ട് ള്ളതും കളഞ്ഞ്''

എന്റെ ഏതൊരു പ്രായത്തിലുള്ള ഓര്‍മ്മകള്‍ ചികഞ്ഞാലും വലിയൊരു ആള്‍ക്കൂട്ടത്തിലും ഒറ്റപ്പെട്ട്, നെഞ്ച് കനം വച്ച്, തലകുമ്പിട്ടിരിക്കുന്ന ഒരു കുഞ്ഞിനെ കാണാം. സന്തോഷപ്പെട്ട് പോയിടങ്ങളിലെല്ലാം കോര്‍ണര്‍ ചെയ്യപ്പെട്ട്, കണ്ണെരിഞ്ഞ് അപമാനിതയായിരിക്കുന്ന പെണ്‍കുട്ടിയുടെ മുഖമാണ് എന്റെ കൗമാരത്തിനുള്ളത്.

ഏത് കൂടിച്ചേരലുകളിലാണ്, ഏതിടങ്ങളിലാണ് എന്റെ നിറത്തെ പ്രതി ഒന്നും പറയാതെ നിങ്ങളെന്നെ പറഞ്ഞയച്ചിട്ടുള്ളത്?

എന്നെ ചേര്‍ത്തുവച്ച് നിങ്ങളിറക്കുന്ന തമാശകളില്‍ കൂടിച്ചേര്‍ന്ന് ചിരിച്ച് തരുമ്പോ കണ്ണ് നിറഞ്ഞത് ചിരിച്ച് വയറ് കൂച്ചിയിട്ടല്ല, മനസ്സ് വിങ്ങിയാണ്.

എന്റെ ബാല്യ കൗമാരങ്ങളുടെ ആകാശത്തിന് മഞ്ഞ നിറവും, പച്ചമഞ്ഞളിന്റെ തുളച്ചു കേറുന്ന മണവുമായിരുന്നു. മേലാകെ മഞ്ഞളും തേച്ച്, മുറിയിലിട്ട പായില്‍ കിടന്ന് പിറ്റേന്ന് വെളുത്ത് തുടുത്ത് സ്‌കൂളിലേക്ക് പോവുന്ന എന്നെ ഞാന്‍ സ്വപ്നം കണ്ടു. അമര്‍ത്തിത്തുടച്ചാല്‍ കുറഞ്ഞ് പോയാലോന്ന് ഓര്‍ത്ത് അന്ന് കുളിക്കുമ്പോ റെക്‌സോണ സോപ്പിനെ ഞാന്‍ അത്ര പതുക്കെയാണ് മേലുരച്ചത്.

''ആ മഞ്ഞളൊക്കെ കറുത്ത് പൊയ്ക്കാണും, അയ്യേ... ന്തൊരു വൃത്തികേടാണ് ഫായിസാ... ''

അന്നേരം വരെ എല്ലാരും നോക്കിയ നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലായ ഞാന്‍ സ്‌കൂള്‍ മുറ്റത്തെത്തുന്നതും കാത്ത് കമ്പിയില്‍ മുറുകെ പിടിച്ച് തല കുനിച്ചിരുന്നു. സ്‌ക്കൂളെത്തിയതും പൈപ്പിന്‍ ചോട്ടിലേക്ക് നേരെയോടിപ്പോയി മുഖം കഴുകിക്കൊണ്ടേയിരുന്നു. അന്ന് വീട്ടിലെത്തും വരെ ഞാനനുഭവിച്ച ഇന്‍സെക്യൂരിറ്റി പിന്നെയിന്നോളം എനിക്കുണ്ടായിട്ടില്ല.

''ആാാ, ഇപ്പോ ശരിക്കും കൂട്ടാന്‍ ചട്ടിടെ മൂട് പോലെത്തന്നെ ആയിട്ട്ണ്ട്. പോയി വേറെ വല്ലോം എടുക്ക്''

അന്ന് തൊട്ടാണ് എന്റെ കുപ്പായങ്ങള്‍ക്കെല്ലാം കറുപ്പിന്റെ ഒറ്റ നിറമായത്.

''പല്ല് കാണിച്ച് ചിരിക്കണ്ട, ആകെ അത് മാത്രേ പിന്നെ കാണൂ''

ആ വാശിക്കാവണം പല്ല് തെളിഞ്ഞ് ചിരിക്കാത്ത ഒരു ഞാനും ഇപ്പോഴില്ലാത്തത്.

''ഇത് പ്പാടെ കുട്ടിക്ക്''- ഇങ്ങനെ പറഞ്ഞ് ഏഴിലോ എട്ടിലോ പഠിക്കുമ്പോ കയ്യില്‍ വച്ച് തന്നതാണ് രണ്ട് കൂട് 'ഫെയര്‍ ആന്റ് ലൗലി', പിന്നെ അന്ന് എന്താന്ന് അറിയാത്ത ഫേസ്വാഷും, ക്ലന്‍സറും. എന്തിനാണ് ഇതുപയോഗിക്കുന്നേ എന്നറിയാതെ ക്ലന്‍സറിട്ട് എന്നും രാത്രി മുഖം ഉരച്ച് തുടച്ച് ഫേസ്വാഷ് എന്തോ ക്രീമാണെന്ന് വിചാരിച്ച് ഉറങ്ങിയെണീക്കും വരെ അത് മുഖത്തിട്ട് കിടന്നുറങ്ങിയിരുന്ന കുട്ടിയാണ് ഞാന്‍.

ഇപ്പഴും എനിക്കതോര്‍ക്കുമ്പോ നെഞ്ച് പൊട്ടുന്ന വേദനയാണ്. കേള്‍ക്കുന്ന കളിയാക്കലുകള്‍ക്കും, മാറ്റിനിര്‍ത്തലുകള്‍ക്കും അവസാനമുണ്ടാവാന്‍ എന്തിനും തയ്യാറായിരുന്ന ഒരു 'കൂട്ടാന്‍ ചട്ടീടെ മൂട്' ആയിരുന്ന എന്നെ ഓര്‍മ്മ വരും.

ഏറ്റവും അറ്റത്ത് നിന്ന് പറഞ്ഞാല്‍ വെളുത്ത കുഞ്ഞുങ്ങളെ എടുക്കാന്‍ പോലും പേടിയായിരുന്നെനിക്ക്. എന്റെ കൈകളുടെ കറുപ്പ് അവരുടെ വെളുത്ത മേല് കാണുമ്പോ എനിക്ക് വന്നിരുന്നൊരു തരിപ്പുണ്ട്. എന്റെ നിറമെങ്ങാന്‍ അവരിലേക്ക് കലര്‍ന്നാലോന്ന് വരെ ഓര്‍ത്തുള്ള അതിഭീകര ഇന്‍സെക്യൂരിറ്റി. അതെങ്ങനെ പറഞ്ഞാലാണ് മറ്റൊരാള്‍ക്ക് മനസ്സിലാവുകാന്ന് പോലും എനിക്കറിയില്ല.

വെളുത്ത കുട്ടിയുടെ കുട്ടിക്കാലമോ, കൗമാരമോ, യൗവനമോ അല്ലാ കറുത്ത കുട്ടിക്കുണ്ടാവുക, ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നതും.

''ചാച്ചി കറുപ്പാണ്ടി ആണ്... ഒര് രസോല്യ കാണാന്‍''

ഇങ്ങനെ പറഞ്ഞ മൂന്നര വയസ്സുകാരന്‍ അനിയനുള്ള ഞാന്‍ പിന്നെന്ത് പറയാനാണ്. അവരിലേക്ക് വരെയെത്തി നില്‍ക്കുന്നുണ്ടീ ബോധമെന്നതെന്നെ പേടിപ്പിക്കുന്നുണ്ട്. കല്യാണം നോക്കുമ്പോ 'വെളുത്ത കുട്ടി മതിയെന്ന് പറഞ്ഞാ അഹങ്കാരം ആവോ'ന്ന് അത്രേം ബാലന്‍സെയ്ത് പറഞ്ഞ അമ്മാവനുള്ള അവന്‍ പിന്നെന്ത് പറയാനാണ്.

നോക്കൂ, ഉമ്മാന്റെ വയറ്റിലുണ്ടായിരുന്ന കാലത്തെ എന്നെ പോലും വെറുതേ വിടാത്ത നിങ്ങളെ ഞാനെങ്ങനെ ചേര്‍ത്ത് വക്കാനാണ്. നിങ്ങളൊക്കെ ചേര്‍ന്ന് ചതച്ച് കളഞ്ഞ നീറുന്ന കുട്ടിക്കാലമുള്ള, ഇപ്പഴും എന്റെ പഴയ ഫോട്ടോ എടുത്ത് കളിയാക്കുന്ന (എനിക്കതിപ്പോ പുല്ലാണ്) ചോര പൊടിയുന്ന അവഗണനകള്‍ മാത്രം തന്ന നിങ്ങളെ, 'കറുപ്പായാലും നിങ്ങളെ കാണാനെന്ത് രസാ'ന്ന് പറയുന്ന നിങ്ങളെ, ഞാനെങ്ങനെ കൂട്ടി വക്കണമെന്നാണ്?

ഇത്രേം എക്‌സ്ട്രീം നെഗറ്റിവിറ്റിയില്‍ എന്റെ ഓര്‍മ്മകളെയും, ബന്ധങ്ങളെയും നിര്‍മ്മിക്കുന്നതില്‍, എന്റെ നിറത്തിന് മീതെ അവരുടെ വാക്കുകള്‍ക്കും, അഭിപ്രായങ്ങള്‍ക്കും സ്ഥാനം നല്‍കുന്നതിന് ആ മനുഷ്യര്‍ക്കെല്ലാം പ്രിവിലേജ് കൊടുത്ത പ്രോഡക്റ്റാണ് 'ഫെയര്‍ ആന്റ് ലൗലി'.

അതേസമയം വേറെയുമൊരുപാട് ക്രീമുകളും മറ്റുമൊക്കെ ഞാനുപയോഗിച്ചിരുന്നെങ്കിലും എന്നെ സംബന്ധിച്ചൊരു 'കാലഘട്ടം' എന്നൊക്കെ പറയാവുന്നതാണ് 'ഫെയര്‍ ആന്റ് ലൗലി'.

ഏകദേശം 11 വയസ്സ് തൊട്ട് ഡിഗ്രി അവസാനം വരെ ഞാനത് കൃത്യമായി ഉപയോഗിച്ചിരുന്നെന്ന് പറയുമ്പോ എന്റെ ടീനേജ് മുഴുവനായുമാണ് അതിലേക്കെത്തുന്നത്.എന്നെക്കാളും എനിക്ക് ചുറ്റും നിന്ന് കറുപ്പ്, കറുപ്പെന്ന് പറഞ്ഞോണ്ടിരുന്നവര്‍ക്കാണ് 'ഫെയര്‍ ആന്റ് ലൗലി' കോണ്‍ഫിഡന്‍സ് കൊടുത്തത്. പിന്നേയും പിന്നേയും എന്നെ അപകര്‍ഷതയുടെ ചുഴിയിലേക്ക് തള്ളിയിടാനുള്ള ഓവര്‍ കോണ്‍ഫിഡന്‍സ്.

നിങ്ങള്‍ പേര് മാറ്റിക്കോളൂ, ഫെയറായത് മാത്രമല്ല ലൗലിയെന്ന് പറഞ്ഞോളൂ, പക്ഷെ അതിഭീകരമായി അണ്‍ഫെയറായി ഞങ്ങളെപ്പോലുള്ളവരുടെ ജീവിതത്തിലേക്ക് നിറമളക്കുന്ന സ്‌കെയില്‍ വച്ചു തന്ന് പരിഹസിച്ച്,
സ്വന്തം ഐഡന്റിറ്റിയെ എന്തിന് എക്സിസ്റ്റന്‍സിനെ പോലും പേടിക്കാന്‍ പഠിപ്പിച്ച നിങ്ങളൊക്കെ എങ്ങനെ പേരും രൂപവും മാറ്റി വന്നാലും ഒരു മുറിവും ഉണങ്ങില്ലാ...

നിങ്ങളുണ്ടാക്കിയെടുത്തൊരു തട്ടുണ്ട്, വെളുത്തവരുടെ കാലിനടിയില്‍ മാത്രം കിടക്കുന്ന കറുത്തവരുള്ളൊരു തട്ട്.

ആ തട്ടിന്റെ മേലേക്ക് പൊന്തിവന്ന്, നേരെ നിക്കാന്‍ എന്നെപ്പോലുള്ളവര്‍ക്ക് വേണ്ടി വന്നത് ജീവിതത്തിന്റെ കാല്‍ ഭാഗമാണ്. നിങ്ങളൊക്കെ എങ്ങനെയൊക്കെ മാറിയാലും നിങ്ങളുണ്ടാക്കിയിട്ട കള്‍ച്ചര്‍ അവസാനിക്കാന്‍ ഇനിയുമെത്ര കറുത്തവരുടെ ജീവിതത്തിന്റെ കാലും, പകുതിയും, മുക്കാലും, മുഴുവനും വേണമെന്നാണ്!

-ഫായിസ ഉമ്മര്‍ മുഹമ്മദ്

 

three women writes about the white culture which made by fairness products

 

''അന്ന് പതിനഞ്ച് വയസു മാത്രം ഉണ്ടായിരുന്ന അമ്മ എനിക്കീ കറുത്ത കുഞ്ഞിനെ വേണ്ടാന്ന് പറഞ്ഞ് നിലവിളിച്ച് കരഞ്ഞത് പിന്നീട് എല്ലാ കുടുംബസദസിലും പറഞ്ഞ് ചിരിക്കാനുള്ള ഒരു കഥയായി...''

നിറത്തിന്റെ പേരില്‍ അനുഭവിച്ചിട്ടുള്ള അപഹാസ്യങ്ങളുടെ കഥകള്‍ മറ്റുള്ളവരോട് പറയുമ്പോള്‍ വീണ്ടും കളിയാക്കലുകള്‍ നേരിടേണ്ടി വരുന്ന അവസ്ഥകളുണ്ടായിട്ടുണ്ട്. എന്റെ ജനനസമയത്തുള്ള കഥയാണ് അതില്‍ ഏറ്റവും ഭീകരമായി എനിക്ക് തോന്നിയിട്ടുള്ളത്. പ്രസവശേഷം ബോധം തെളിഞ്ഞ എന്റെ അമ്മ കാണുന്നത് തൊട്ടടുത്ത് ഉണ്ടായിരുന്ന മറ്റൊരു കുഞ്ഞിനെയാണ്. എന്നാല്‍ അതല്ല, ഇതാണ് നിന്റെ കുഞ്ഞെന്ന് പറഞ്ഞ് എന്നെ നീട്ടുമ്പോള്‍ അന്ന് പതിനഞ്ച് വയസു മാത്രം ഉണ്ടായിരുന്ന അമ്മ എനിക്കീ കറുത്ത കുഞ്ഞിനെ വേണ്ടാന്ന് പറഞ്ഞ് നിലവിളിച്ച് കരഞ്ഞത് പിന്നീട് എല്ലാ കുടുംബസദസിലും പറഞ്ഞ് ചിരിക്കാനുള്ള ഒരു കഥയായി. പിന്നെ ചെന്ന് കയറുന്ന ഓരോ സ്ഥലങ്ങളിലും, സദസുകളിലും, ആഘോഷങ്ങളിലും വെളുക്കാനുള്ള ഫ്രീ ടിപ്സുകള്‍ ഇങ്ങനെ കിട്ടിക്കൊണ്ടിരിക്കും. പതിയെ ഒരിടത്തും പോകാത്ത, ആരുമായി കൂട്ടുകൂടാത്ത ഒരാളായി ഞാന്‍ മാറി. പക്ഷേ ഒരിക്കല്‍ പോലും എനിക്കെന്റെ നിറം മാറ്റണ്ടായിരുന്നു. ഇതുപോലെ ഒരു കുഞ്ഞ് ജനിച്ച് വീഴുന്നത് മുതല്‍ നിറത്തിന്റെ പേരിലുള്ള താരതമ്യ പഠനങ്ങളും പരിഹാസങ്ങളും തുടങ്ങുന്നു. ഒരു റേസിസ്റ്റ് സമൂഹം മറ്റെന്ത് തലത്തില്‍ ചിന്തിക്കാനാണ്. അവയ്ക്കൊക്കെ ആക്കം കൂട്ടാന്‍ സഹായിക്കുന്നതായിരുന്നു ഇവിടുത്തെ കോസ്മെറ്റിക് ലോകവും. രാജ്യത്ത് ഭൂരിഭാഗം വരുന്ന ഇരുണ്ട നിറക്കാരുടെ ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും ചൂഷണം ചെയ്തു കൊണ്ടാണ് ഇവര്‍ എക്കാലത്തും അവരുടെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയത്.

എന്നാല്‍ ഇന്ത്യയിലെ ഫെയര്‍നെസ് ഒബ്‌സെഷന്‍ വളരെക്കാലം മുന്നെ തന്നെ തുടങ്ങുന്നതാണ്. ഇന്നും വെളുത്ത നിറമുള്ള വധൂവരന്മാരെ തേടുന്ന വിവാഹ ആലോചന പരസ്യങ്ങള്‍ അതിസാധാരണമായി അവതരിപ്പിക്കുന്ന 'പുരോഗമന' സമൂഹമാണ് നമ്മളുടേത്. ഈ സമൂഹത്തിലേക്കാണ് ഫെയര്‍ ആന്റ് ലൗലി അതിന്റെ പേര് മാറ്റി വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നത്. ''പവര്‍ ഓഫ് ബ്യൂട്ടി, മാക്സിമം ഫെയര്‍നെസ്'' എന്ന് വര്‍ഷങ്ങളോളം പറഞ്ഞ് പഠിപ്പിച്ചവര്‍ തൊലിനിറത്തിന്റെ വൈവിധ്യങ്ങളെ ആഘോഷിക്കാനിറങ്ങുന്നു. കോസ്‌മെ്റ്റിക് രംഗത്തെ പ്രമുഖ കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ അവരുടെ എക്കാലത്തെയും ഹിറ്റ് ഉല്പന്നമായ 'ഫെയര്‍ ആന്റ് ലൗലി'യില്‍ നിന്നും ഫെയര്‍ എന്ന വാക്ക് നീക്കം ചെയ്യുന്നത് വളരെ വലിയ വിപ്ലവാത്മക പ്രവര്‍ത്തനമായാണ് ലോകമെമ്പാടും സ്വീകരിച്ചത്. ഇവരുടെ പുതിയ പേര് റെഗുലേറ്ററി അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിനെ തുടര്‍ന്ന് ലോകമെമ്പാടുമുണ്ടായ പ്രതിഷേധമാണ് ഇത്തരമൊരു മാറ്റത്തിന് ഹിന്ദുസ്ഥാന്‍ യൂണിലിവറിനെ പ്രേരിപ്പിച്ചത്. 1975ല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഇന്ത്യന്‍ കമ്പോളങ്ങളില്‍ അവതരിപ്പിച്ച ഫെയര്‍ ആന്റ് ലൗലിക്ക് വാണിജ്യ രംഗത്ത് ഒരു ഇടിവും സംഭവിച്ചിട്ടില്ല എന്നുള്ളത് തന്നെ ഫെയര്‍ ആന്റ് ലൗലി മുന്നോട്ട് വച്ച വാണിജ്യ തന്ത്രത്തിന്റെ സ്വീകാര്യതയും വിജയവുമാണ് തെളിയിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് സ്വന്തം തൊലി നിറത്തിന്റെ പേരില്‍ അപകര്‍ഷതയുണ്ടായിരുന്നു എന്ന് പറയുമ്പോള്‍ താന്‍ ജനനം മുതല്‍ അതിജീവിച്ച കളിയാക്കലുകളും ഒറ്റപ്പെടുത്തലുകളും ഓഡിറ്റ് ചെയ്യപ്പെടാറില്ല. പകരം ഇങ്ങനെ അപകര്‍ഷതയിലേക്ക് കൂപ്പുകുത്തരുതെന്ന ഉപദേശങ്ങളാണ് കൂടുതലും ലഭിക്കുക. പറ്റുമെങ്കില്‍ രണ്ട് ഫെയര്‍നെസ് ക്രീമുകളുടെ പേരും നിര്‍ദ്ദേശിച്ച് തരും. കൂട്ടത്തില്‍ നിറത്തിലൊക്കെ എന്തുകാര്യം, ആളുകളുടെ കഴിവിനെയാണ് അംഗീകരിക്കുക എന്ന് വാദിക്കുന്ന നിഷ്‌കളങ്കരും ഉണ്ടാകും. എന്നാല്‍ സമൂഹത്തില്‍ വെളുത്ത നിറത്തിന് സ്വീകാര്യത കൂടുതലാണെന്ന് തെളിയിക്കാന്‍ ലോക്ക് ഡൗണ്‍ കാലത്ത് ഉണ്ടായ ഫെയ്സ് ആപ്പ് ട്രെന്‍ഡ് തന്നെ മതിയാകും. കൂടുതല്‍ വെളുത്ത സ്വന്തം രൂപങ്ങള്‍ ആളുകള്‍ ആഘോഷിച്ചത് ഉപബോധത്തില്‍ വെളുപ്പ് സമം സൗന്ദര്യം എന്ന സമവാക്യം പതിഞ്ഞു പോയതുകൊണ്ട് തന്നെയാണ്. ആപ്പില്‍ കുറച്ച് ഇരുണ്ട നിറത്തിലുള്ള നിങ്ങളുടെ തന്നെ വേര്‍ഷനുകള്‍ കിട്ടിയിരുന്നെങ്കില്‍ ആ ആപ്ലിക്കേഷന്‍ വന്‍ പരാജയം ആകുമായിരുന്നുവെന്നത് നിസംശയം.

ഇന്ത്യക്കാരുടെ ഈ ഫെയര്‍നെസ് ഒബ്‌സെഷന് വളരെക്കാലം പഴക്കമുണ്ട്. അത് വിദേശികള്‍ ഇവിടെ നേടിയെടുത്ത ആധിപത്യത്തിലേക്കും, ആര്യന്മാരുടെ വരവിലേക്കും നീണ്ടു നീണ്ടു പോകുന്ന ചരിത്രമാണ്. തൊലി നിറമാണ് കഴിവിന്റെയും അംഗീകാരത്തിന്റെയും അളവ് കോലുകളെന്ന് പച്ചക്ക് പറയുന്ന പരസ്യങ്ങളാണ് കോസ്‌മെറ്റിക് ഉല്പന്നങ്ങള്‍ക്ക് ഉള്ളത്. വെളുത്ത തൊലിനിറത്തിന് എന്തൊക്കെയോ സവിശേഷതകള്‍ ഉണ്ടെന്നും ഇരുണ്ട നിറം അപാകതകള്‍ നിറഞ്ഞതാണെന്നുമുള്ള മിഥ്യാധാരണ സമൂഹത്തിലേക്ക് കുത്തിനിറക്കുന്ന ഇത്തരം പരസ്യങ്ങള്‍ ഒരു ദിവസം പല ആവര്‍ത്തി കാണേണ്ടി വരുന്നവരാണ് ഇവിടുത്തെ ടെലിവിഷന്‍ ഉപഭോക്താക്കള്‍. ഇത് ഇരുണ്ട നിറക്കാരെ കൂടുതല്‍ അപകര്‍ഷതയിലേക്ക് തള്ളി വിടുകയും താരതമ്യേന വെളുത്ത/വിളറിയ നിറമുള്ളവരെ തങ്ങളെന്തോ സവിശേഷത അര്‍ഹിക്കുന്നവരാണെന്നുമുള്ള മനോവിചാരത്തിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. ഒരു റേസിസ്റ്റ് സമൂഹത്തെ ഏകദേശം 45 വര്‍ഷങ്ങള്‍ കൊണ്ട് കൂടുതല്‍ വര്‍ണവെറിക്കാരാക്കി മാറ്റുകയാണ് ഇവര്‍ ചെയ്തത്.

കോസ്‌മെറ്റിക് ഉല്പന്നങ്ങളുടെ വീഡിയോ പരസ്യങ്ങള്‍ ഇതിന് തെളിവാണ്. ഇണയെ ആകര്‍ഷിക്കാന്‍, ഓഡിഷനില്‍ സെലക്ട് ആകാന്‍, ഐഎഎസ് നേടാനൊക്കെയുള്ള പ്രതിവിധിയായാണ് ഫെയര്‍നെസ് ഉല്പന്നങ്ങള്‍ ടിവി സ്‌ക്രീനില്‍ എത്തുന്നത്. വര്‍ഷങ്ങളായി ഇന്ത്യന്‍ ജനങ്ങള്‍ക്കിടയില്‍ കുത്തിവെച്ച അപകര്‍ഷതയും, അശാസ്ത്രീയതയും, വെറുപ്പും 'ഫെയര്‍' എന്നൊരു വാക്ക് യൂണിലിവറിന്റെ ഡിക്ഷണറിയില്‍ നിന്ന് നീക്കം ചെയ്താലും സാംസ്‌കാരികപരമായും, സാമൂഹികപരമായും, മാനസികപരമായും അവ ഉണ്ടാക്കിയ തെറ്റായ സ്വാധീനങ്ങള്‍ക്ക് യൂണിലിവര്‍ ബാധ്യസ്ഥരാണ്. എല്ലാ തൊലി നിറത്തെയും ഉള്‍ക്കൊണ്ട് സൗന്ദര്യത്തിന്റെ വൈവിധ്യാത്മകതയെ അംഗീകരിക്കുന്നുവെന്ന് പറയുമ്പോഴും അവ പുതിയ പേരില്‍ പഴയ ചേരുവകള്‍ കൊണ്ട് തന്നെയാകും ഇറങ്ങുക. ചര്‍മ്മത്തിലെ മെലാനിന്‍ നിയന്ത്രിക്കുന്ന വസ്തുക്കള്‍ ഉല്പന്നത്തില്‍ നിന്ന് നീക്കം ചെയ്യുമെന്ന് യൂണിലിവര്‍ ഒരിടത്തും പരമാര്‍ശിക്കുന്നില്ല. സ്‌കിന്‍ ലൈറ്റ് ഏജന്റുകളായ നിയാസിനമൈഡ്, സിങ്ക് സെറം, സോഡിയം അസ്‌കോര്‍ബില്‍ ഫോസ്ഫേറ്റ്, തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ നിലനിര്‍ത്തി കൊണ്ടാണ് ഫെയര്‍ എന്ന പേര് യൂണിലിവര്‍ മാറ്റുന്നത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന പോലെ പരിഹാസ്യകരമായ മാറ്റമാണിത്. ഇതിന് മുമ്പും കോസ്മറ്റിക് ഉല്പന്നങ്ങള്‍ അവയുടെ പേരുകള്‍ ഫെയര്‍നെസ് എന്ന വാക്കിന് ബദലായി സ്‌കിന്‍ ലൈറ്റ്‌നിംഗ്, സ്‌കിന്‍ ബ്രൈറ്റനിംഗ് തുടങ്ങിയ പേരുകള്‍ ഉപയോഗിച്ച് അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിഷേധങ്ങള്‍ ഉല്പന്നത്തിന്റെ സ്വീകാര്യതയെ ലോകവ്യാപകമായി ബാധിക്കുമെന്ന തിരിച്ചറിവിലാണ് യൂണിലിവര്‍ പേര് മാറ്റത്തിന് തയാറാകുന്നത്. അതായത് ഇത് അവരുടെ മറ്റൊരു വാണിജ്യ തന്ത്രമാണ്.

തൊലിയുടെ സ്വാഭാവിക നിറത്തെ പല രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് മെലാനിന്‍ കുറച്ച് വെളുപ്പിക്കുന്ന പ്രോഡക്ടുകള്‍ നിലനില്‍ക്കുന്നിടത്തോളം ഉപഭോക്താക്കള്‍ക്ക് ഒരു കുറവും സംഭവിക്കില്ല. തൊലി വെളുപ്പ് ശ്രേഷ്ഠമായ എന്തോ ഒന്നാണെന്ന് ഇത്ര നാളും പറഞ്ഞ് പഠിപ്പിച്ച ജനതയിലേക്ക് അതേ ആളുകള്‍ മറ്റൊരു ആശയം പുനസ്ഥാപിക്കാനുള്ള മാര്‍ഗം ഫെയര്‍ എന്ന ഒറ്റ വാക്ക് മാറ്റുന്നതുമല്ല. കോസ്മെറ്റിക് ഉല്പന്നങ്ങളില്‍ സ്വാഭാവിക ചര്‍മ്മ നിറത്തിനെ ബാധിക്കുന്ന എല്ലാ പദാര്‍ത്ഥങ്ങളും ഒഴിവാക്കുന്നതോ, ഫെയര്‍നെസ് എന്ന ആശയം പ്രോല്‍സാഹിപ്പിക്കുന്ന ഉല്‍പന്നങ്ങളെ നിരോധിക്കുന്നതോ ആകും ധാര്‍മ്മികമായ തീരുമാനങ്ങള്‍. ഫെയര്‍ എന്ന വാക്ക് മാത്രം ഉല്പന്നത്തില്‍ നിന്ന് മാറ്റിക്കൊണ്ട് യൂണിലിവര്‍ കളറിസത്തിന് മറ്റ് അര്‍ത്ഥതലങ്ങളാണ് നല്‍കാന്‍ ശ്രമിക്കുന്നത്.

-ആരതി എം ആര്‍

 

three women writes about the white culture which made by fairness products

 

''ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ ചെന്നാല്‍, അവിടെയുള്ള സെയില്‍സ് ഗേള്‍സ് പറയാറുണ്ട് 'മാഡം നിങ്ങള്‍ക്ക് ആ നിറം ചേരില്ല, ഈ നിറം ചേരില്ല...' എന്നിങ്ങനെയെല്ലാം...''

ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്താണ് 'ഫെയര്‍ ആന്റ് ലൗലി'യുടെ പരസ്യം പ്രചുരപ്രചാരം നേടുന്നത്. നിറം കുറഞ്ഞവളായ ഒരു പെണ്‍കുട്ടി ആദ്യമായി കോളേജില്‍ ചെല്ലുകയാണ്. ആ കുട്ടിക്ക് കറുപ്പ് നിറമാണ്. ആയതിനാല്‍ അവള്‍ക്ക് കാമുകനെ കിട്ടുന്നില്ല. സങ്കടപ്പെട്ടിരിക്കുന്ന അവളുടെ കയ്യിലോട്ട് 'ഫെയര്‍ ആന്റ് ലൗലി' വെച്ചു കൊടുക്കുന്നു. അത് തേക്കുന്ന അവള്‍ വെളുക്കുന്നു, അപ്പോള്‍ കാമുകനെ കിട്ടുന്നു. ശരിക്കും കറുത്തവളായ എന്നോട് പല പുരുഷ സുഹൃത്തുക്കളും പറഞ്ഞിട്ടുള്ളത് തന്നെയാണ് 'നിന്നെ പ്രേമിക്കാനാവൂലയെന്ന്...'. കറുപ്പ് തന്നെയാണ് അതിനടിസ്ഥാനം.

ഈ പരസ്യം അത്തരം ചിന്തകളെ ഊട്ടി ഉറപ്പിക്കുന്നതും കറുപ്പ് എന്തോ മോശമാണെന്ന് കാണിക്കുന്നതും ആയിരുന്നു. കറുത്തവരെ പുറത്ത് ഇരുത്തുന്ന ഒന്ന്.. ഏറ്റവും പ്രതിലോമകരമായത്..

ആ സമയത്തു തന്നെയാണ് ഐശ്വര്യ റായി 'മിസ് വേള്‍ഡ്' ആയത്. ഏതാണ്ട് 1992 കാലഘട്ടം. ആ സമയം ഈ പറഞ്ഞ കോസ്‌മെറ്റിക്കിന്റെ സുവര്‍ണ്ണകാലഘട്ടമായിരുന്നു. എല്ലാ കോളേജ് കുമാരികളും അല്ലാത്തവരും ളെുക്കാനായി പരിശ്രമിച്ചു കൊണ്ടേയിരുന്ന കാലമായിരുന്നു അത്. അതിനിടയിലേക്ക് ഇതുപോലുള്ള പരസ്യവും...

ഇപ്പോള്‍ ഇതാ 'ഫെയര്‍ ആന്റ് ലൗലി'ക്ക് ബോധോദയമുണ്ടായിരിക്കുന്നു.. അവര്‍ അവരുടെ പേരിലെ 'ഫെയര്‍നെസ്സ്' എടുത്തുകളയുകയാണ്. 

ഈ 'ഫെയര്‍നെസ്സ്' എടുത്തുകളഞ്ഞാല്‍ മാറുന്നതാണോ നമ്മുടെയൊക്കെ ഉള്ളില്‍ രൂഢമൂലമായിരിക്കുന്ന വെളുപ്പിന്റെ സംസ്‌ക്കാരം?!

ഇതൊരു സംസ്‌ക്കാരമാണ്... വിവാഹമാര്‍ക്കറ്റിലെ, ഞായറാഴ്ച മാട്രിമോണിപേജിലെ, സിനിമയിലെ, മാധ്യമങ്ങളിലെ അങ്ങനെ എല്ലായിടത്തും ഈ വെളുപ്പിനെ ആരാധിക്കുന്ന സംസ്‌ക്കാരമുണ്ട്. അതു കൊണ്ടാണല്ലോ ഉറൂബിന്റെ 'രാച്ചിയമ്മ' സിനിമയാകുമ്പോള്‍ പാര്‍വ്വതിയെന്ന വെളുത്ത ആര്‍ട്ടിസ്റ്റിനെ കാസ്റ്റ് ചെയ്യുന്നത്. 

ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ ചെന്നാല്‍, അവിടെയുള്ള സെയില്‍സ് ഗേള്‍സ് പറയാറുണ്ട് 'മാഡം നിങ്ങള്‍ക്ക് ആ നിറം ചേരില്ല, ഈ നിറം ചേരില്ല...' എന്നിങ്ങനെയെല്ലാം. അങ്ങനെ കറുപ്പിനെതിരെ ഒരു മോശപ്പെട്ട സംസ്‌ക്കാരം അരക്കിട്ടുറപ്പിച്ചിട്ടാണ് 'ഫെയര്‍ ആന്റ്് ലൗലി'യില്‍ നിന്ന് ഇവര്‍ 'ഫെയര്‍' എടുത്തുകളയുന്നത്. 

-അഡ്വ. കുക്കു ദേവകി

Follow Us:
Download App:
  • android
  • ios