രണ്ട് വർഷം മുമ്പാണ് മഞ്ജുഷ ധനോർക്കറിന്റെ ഭർത്താവ് ദീർഘകാല അസുഖത്തെത്തുടർന്ന് മരിച്ചുപോയത്.
മുംബൈ: സ്വന്തം ബുദ്ധിമുട്ടുകളെ മറന്ന് അതിജീവനത്തിനായി വാഹനങ്ങളിൽ കയറിയിരിക്കുന്ന ഈ സ്ത്രീകളെ കണ്ടാൽ ഒറ്റനോട്ടത്തിൽ നമുക്ക് കൗതുകം തോന്നുമായിരിക്കാം. എന്നാൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാണ് ഇവർ. ഓരോരുത്തരും 80 ശതമാനത്തിലധികം വൈകല്യത്തോടെയാണ് ജീവിക്കുന്നത്. പ്രതിമാസം 25,000 രൂപ സ്ഥിരവരുമാനം നേടുന്ന ഈ സ്ത്രീകൾ, അന്തസ്സിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഒരു പുതിയ ആഖ്യാനം തുറന്നുകാട്ടുകയാണ്.
അറിയപ്പെടുന്ന സ്ഥാപനത്തിന്റെ യൂണിഫോം ധരിച്ച് ഫുഡ് ഡെലിവറി എക്സിക്യൂട്ടീവായി അവർ മറികടന്നത് റോഡിലെ ട്രാഫിക്കിനെ മാത്രമല്ല പകരം അവരുടെ വിധിയെ തന്നെ തിരുത്തി എഴുതുകയായിരുന്നു. സ്വന്തം പരിമിതികളെ അവസരങ്ങളാക്കി മാറ്റിയ ഇവർ മറ്റുള്ളവർക്കും പ്രചോദനം തന്നെയാണെന്നതിൽ സംശയമില്ല.
രണ്ട് വർഷം മുമ്പാണ് മഞ്ജുഷ ധനോർക്കറിന്റെ ഭർത്താവ് ദീർഘകാല അസുഖത്തെത്തുടർന്ന് മരിച്ചുപോയത്. അന്നുമുതൽ10ലും 12ലും പഠിക്കുന്ന തന്റെ രണ്ട് കുട്ടികളെയും, അമ്മായിയമ്മയെയും ഭർത്താവിന്റെ മുത്തശ്ശിയെയും നോക്കുന്നത് മഞ്ജുഷയാണ്.
ആ സമയം തനിക്ക് മുന്നിൽ രണ്ട് വഴികളെ ഉണ്ടായിരുന്നുള്ളുവെന്ന് മഞ്ജുഷ പറയുന്നു. സ്വന്തം വൈകല്യങ്ങളുമായി അങ്ങനെ തന്നെ ജീവിക്കുക അല്ലെങ്കിൽ എല്ലാം മറന്ന് പോരാടുക എന്നത്. ഒടുവിൽ മഞ്ജുഷ രണ്ടാമത്തേത് തെരഞ്ഞെടുത്തു.
പിന്നീട് മഞ്ജുഷ തന്റെ ഇ-റിക്ഷയിൽ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകാൻ തുടങ്ങി. പ്രതിമാസം 15000 രൂപയോളം സമ്പാദിച്ചിരുന്നു. നാല് മാസം മുമ്പാണ് ഫുഡ് ഡെലിവറി എക്സിക്യൂട്ടീവായി ജോലി ചെയ്യാൻ മഞ്ജുഷയ്ക്ക് അവസരം ലഭിച്ചത്. ഇപ്പോൾ രണ്ടു ജോലിയും ചെയ്ത് സന്തോഷത്തോടെ ജീവിക്കുന്നുവെന്ന് മഞ്ജുഷ പറഞ്ഞു.
ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന യൂത്ത് ഫോർ ജോബ് എന്ന സംഘടനയെ സമീപിച്ചതിനെത്തുടർന്നാണ് ഭക്ഷണ വിതരണ എക്സിക്യൂട്ടീവായി ജോലി ചെയ്യാൻ അവസരം ലഭിച്ചത്. അഞ്ച് സ്ത്രീകളെയും 10 പുരുഷന്മാരെയും തെരഞ്ഞെടുത്തതിൽ മഞ്ജുഷയും ഉൾപ്പെടുന്നു.
അതേസമയം വിധവയായ സഹോദരിയെയും പക്ഷാഘാതം ബാധിച്ച അമ്മയെയും പരിചരിക്കാൻ കഴിയുന്ന നല്ലൊരു ജോലി കിട്ടിയതിന്റെ സന്തോഷത്തിലാണ് ഭിന്നശേഷിക്കാരിയായ തൃപ്തി ലോനാരെ. 'പരിശീലനവും സാധനങ്ങൾ എത്തിക്കാൻ വാഹനവും നൽകാം. 3,000 രൂപ നൽകണമെന്ന് അവർ എന്നോട് പറഞ്ഞു. ആദ്യം ഞാൻ മടിച്ചുനിന്നെങ്കിലും പിന്നീട് അതിന് സമ്മതിക്കുകയും പരിശീലന ദിവസം തന്നെ പണം നൽകുകയും ചെയ്തു. വാഹനങ്ങളും ഉപഭോക്താക്കളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചുള്ള പരിശീലനവും ഞങ്ങൾക്ക് നൽകി. ഇപ്പോൾ സ്ഥിരമായ വരുമാനമുണ്ട്.' ഈ ജോലി തന്നെ സാമ്പത്തികമായി സ്വതന്ത്രയാക്കിയെന്ന് തൃപ്തി കൂട്ടിച്ചേർത്തു.
ഭിന്നശേഷിക്കാരായ ഭക്ഷണ വിതരണ എക്സിക്യൂട്ടീവുകൾ അവരുടെ വീട്ടിൽ നിന്ന് 4 കിലോമീറ്റർ ചുറ്റളവിലുള്ള ഓർഡറുകളാണ് സ്വീകരിക്കേണ്ടത്. എല്ലാ ദിവസവും 10 ഡെലിവറികൾ നടത്തണം. ഓരോ ഡെലിവറിക്കും 80 രൂപയാണ് വരുമാനം ലഭിക്കുന്നത്.


