ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളോട് സമൂഹത്തിനുള്ള പൊതു സമീപനത്തില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുള്ള കാലമാണിത്. എന്നാല്‍ ഇപ്പോഴും പലയിടങ്ങളിലും തികഞ്ഞ അനീതിയാണ് ഇക്കൂട്ടര്‍ നേരിടുന്നത്. ഇത് വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയത്. 

സജ്‌ന ഷാജി എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ബിരിയാണി തയ്യാറാക്കി അത് വാഹനത്തില്‍ കൊണ്ടുപോയി വില്‍പന നടത്തുന്ന ജോലിയാണ് സജ്‌നയക്ക്. എന്നാല്‍ കച്ചവട സമയത്ത് ചിലര്‍ കൂട്ടം ചേര്‍ന്ന് ഇവരെയും കൂടെയുള്ള മറ്റ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളേയും അധിക്ഷേപിക്കുകയും അവരുടെ ജോലിയെ തടസപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് സജ്‌നയുടെ പരാതി. 

ഇക്കാര്യം സംബന്ധിച്ച് പൊലീസില്‍ പരാതി ബോധിപ്പിച്ചുവെങ്കിലും അവരില്‍ നിന്ന് സഹായമൊന്നും ലഭിച്ചില്ലെന്നും സജ്‌ന ലൈവ് വീഡിയോയിലൂടെ പറയുന്നു. വില്‍പനയ്ക്കായി തയ്യാറാക്കിയ ബിരിയാണിപ്പൊതികള്‍ വിറ്റഴിക്കാനാകാതെ തിരിച്ച് വീട്ടിലെത്തിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

'ഞങ്ങളെപ്പോലുള്ളവര്‍ ഇങ്ങനെയെല്ലാമാണ് ജീവിക്കുന്നത്. ഇത് എല്ലാവരും അറിയണം. ട്രെയിനിലും മറ്റും ഭിക്ഷയെടുക്കുമ്പോള്‍ എല്ലാവരും ചോദിക്കാറില്ലേ, ജോലിയെടുത്ത് ജീവിച്ചൂടെ എന്ന്, എങ്ങനെയാണ് ഞങ്ങള്‍ അന്തസായി ജോലിയെടുക്കുക...'- സജ്‌ന ചോദിക്കുന്നു. 

വിഷയം അധികാരികളുടെ മുന്നിലെത്താനും തങ്ങള്‍ക്ക് സഹായം ഉറപ്പുവരുത്താനുമാണ് ലൈവ് വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും സജ്‌ന പറയുന്നു. എറണാകുളം ഇരുമ്പനത്ത് സിഗ്നലിന് സമീപമായാണ് സജ്‌നയുടെ കച്ചടം. വലിയ വില ഈടാക്കാതെ സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് ബിരിയാണി വില്‍പന. ആവശ്യമായ എല്ലാ ഔദ്യോഗികാനുമതിയോടും ലൈസന്‍സോടും കൂടിയാണ് സജ്‌ന കച്ചവടം നടത്തുന്നത്. 

വീഡിയോ കാണാം...

 

Also Read:- ഇത് ആ ക്യൂവല്ല; പുലർച്ചെ അഞ്ച് മണി മുതൽ കാത്തുനിൽക്കുന്നത് ബിരിയാണിക്കാണ്; വീഡിയോ വൈറല്‍...