ഈ കൊറോണ കാലത്ത് പല തൊഴില്‍മേഖലകളും തങ്ങളുടെ തൊഴിലാളികള്‍ക്ക് വീട്ടില്‍ തന്നെ ഓഫീസ് ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള അവസരം നല്‍കിയിരുന്നു. 'വര്‍ക്ക് ഫ്രം ഹോം' കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും ഇതിനിടെ ചര്‍ച്ചയാവുകയും ചെയ്തു. അതിനിടെ വീടുകളിലിരുന്നുകൊണ്ടുള്ള റിപ്പോര്‍ട്ടിങ്, മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍... തുടങ്ങിയവരുടെ നിരവധി രസകരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലാവുകയും ചെയ്തു. അക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവില്‍ ശ്രദ്ധ നേടിയ രണ്ട് വീഡിയോകളുണ്ട്. 

ഈ രണ്ട് വീഡിയോകളിലെയും താരങ്ങള്‍ രണ്ട് കുട്ടികളാണ്. ബിബിസി ലൈവില്‍ പങ്കെടുക്കുകയായിരുന്ന ഡോ. ക്ലെയര്‍ വെന്‍ഹാമിന്റെ മകളാണ് ആദ്യത്തെ വീഡിയോയിലെ താരം. യുകെയിലെ ലോക്ഡൗണ്‍ സാഹചര്യത്തെ കുറിച്ച് അവതാരകനുമായി സംസാരിക്കുകയായിരുന്നു ക്ലെയര്‍. ഇതിനിടയിലേക്കെത്തിയ മകള്‍ സ്‌കാര്‍ലെറ്റ് അമ്മയോട് സംസാരിക്കാന്‍ തുടങ്ങി. 

ഒരു ചിത്രവുമായെത്തിയ സ്‌കാര്‍ലെറ്റിന് അത് എവിടെ വയ്ക്കണം എന്നതാണ് സംശയം. ക്ലെയര്‍ ലൈവില്‍ ശ്രദ്ധിക്കുമ്പോഴും മകള്‍  അമ്മയുടെ ശ്രദ്ധ നേടാനായി മടിയിലേക്ക് കയറുകയും ചെയ്തു. തുടര്‍ന്ന് ക്ലെയര്‍ മകളെ താഴെ ഇറക്കി ലൈവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും സ്‌കാര്‍ലെറ്റ് ആ ചിത്രവുമായി നടക്കുന്നതും ലൈവിലൂടെ ആളുകള്‍ കാണുന്നുണ്ടായിരുന്നു. 

ഇതിനിടെ ചിത്രം എവിടെ വയ്ക്കുന്നതാണ് നല്ലതെന്ന് അവതാരകന്‍ ക്രിസ്റ്റ്യന്‍ ഫ്രേസര്‍ തന്നെ പറഞ്ഞുകൊടുക്കുകയും ചെയ്തു. ഇതുകേട്ട സ്‌കാര്‍ലെറ്റ് അമ്മയോട് അദ്ദേഹത്തിന്റെ പേരെന്താണെന്നു ചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ബിബിസി തന്നെ ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചു. 

 

 

 

ഇതിന് പിന്നാലെയാണ് സമാനമായ മറ്റൊരു വീഡിയോയും ട്വിറ്ററില്‍ വൈറലായത്. സ്‌കൈന്യൂസിന്‍റെ  ലൈവിനിടെയാണ് ഈ രസകരമായ സംഭവം നടന്നത്. ചാനലിന്റെ വിദേശകാര്യ എഡിറ്ററായ ഡെബോറാ ഹെയ്ന്‍സ് ലൈവ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ മകന്‍ വാതില്‍ തുറന്നുവന്നതിന് ശേഷം ബിസ്‌ക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ തന്നെ അവതാരകന്‍ ഡെബോറാ കുടുംബകാര്യങ്ങളില്‍ തിരക്കിലാണെന്നും തല്‍ക്കാലം അവരെ വിടാമെന്നും പറഞ്ഞു.

 

 

 

ഡെബോറാ തന്നെ ഈ രസകരമായ വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. രണ്ട് വീഡിയോകള്‍ക്കും നിരവധി കമന്‍റുകളും റീട്വീറ്റുകളും ഉണ്ട്. 

Also Watch: വർക്ക് അറ്റ് ഹോമിനിടയിൽ പൂച്ചക്കുഞ്ഞുങ്ങളുടെ കുസൃതി...