മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്യുന്നതിനിടെ അടുത്തുകൂടെ പോകുന്നവര്‍ ക്യാമറ കണ്ണുകളിൽ വന്നുപെടുന്നതും ചിലര്‍ മനപൂര്‍വ്വം ക്യാമറയ്ക്ക് മുന്നില്‍ വരുന്നതുമൊക്കെ സ്ഥിരം കാഴ്ചകളാണ്. എന്നാല്‍ അതിലും വേറിട്ട ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പൂച്ച ശല്യപ്പെടുത്തുന്നത് വകവയ്ക്കാതെ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകയുടെ വീഡിയോ ആണിത്. 

ലെബണനിലെ ബെയ്റൂതിൽ നിന്നാണ് വീഡിയോ പ്രചരിക്കുന്നത്. സ്കൈ ന്യൂസ് അറേബ്യയുടെ സീനിയർ റിപ്പോർട്ടറായ ലാരിസ ഔൺ ആണ് വീഡിയോയില്‍ കാണുന്നത്. വളരെ പ്രധാനപ്പെട്ട റിപ്പോർട്ട് അവതരിപ്പിക്കുകയാണ് ലാരിസ. ഇതിനിടെ സമീപത്തെത്തിയ പൂച്ച ലാരിസയുടെ കോട്ടിൽ നിന്ന് താഴേയ്ക്കു കിടക്കുന്ന ബെൽറ്റിൽ പിടിച്ചുവലിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

റിപ്പോർട്ട് അവസാനിക്കുന്നതുവരെയും പൂച്ച ലാരിസയുടെ ബെൽറ്റിൽ കളിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഇതെന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന മട്ടില്‍ റിപ്പോർട്ട് ചെയ്യുകയാണ് ലാരിസ. ' എന്റെ ഏറ്റവും കൂറുള്ള അനുയായി' എന്ന ക്യാപ്ഷനോടെയാണ് ലാരിസ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

 

Also Read: ഒരു തമാശയ്ക്ക് തെരുവുനായയെ ചവിട്ടാന്‍ പോയി; പിന്നീട് സംഭവിച്ചത്...