ഒരു മെഡിക്കല്‍ ഷോപ്പിന്‍റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. അതിന് മാത്രം ഈ ചിത്രത്തില്‍ എന്താണുള്ളത്? ആദ്യം കണ്ടാല്‍ അങ്ങനെ വലിയ പ്രത്യേകതകളൊന്നുമില്ലാത്ത ഒരു സാധാരണ മെഡിക്കല്‍ ഷോപ്പ്. എന്നാല്‍ മുകളിലെ ബോര്‍ഡിലേക്ക് നോക്കുമ്പോള്‍ ഒരു കൗതുകം തോന്നിയേക്കാം. 

മറ്റൊന്നുമല്ല ഈ മെഡിക്കല്‍ ഷോപ്പിന്‍റ് പേര് 'ഗുപ്ത ആന്‍ഡ് ഡോട്ടേഴ്‌സ്' എന്നാണ്. സാധാരണയായി അച്ഛന്റെ പേരിനൊപ്പം 'സണ്‍സ്' എന്ന് നല്‍കി ആണ്‍മക്കളെയാണ് കൂട്ടാറുള്ളത്. അതില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഗുപ്തയും പെണ്‍മക്കളും എന്ന്  നല്‍കിയതാണ് ചിത്രം വൈറലാകാന്‍ കാരണം. 

ഡോ. അമന്‍ കശ്യപ് എന്നയാളാണ് ഈ നെയിംബോര്‍ഡിന്റെ ചിത്രം തന്‍റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള ഒരു മെഡിക്കല്‍ ഷോപ്പിന്റെ ചിത്രമാണിത്. അമന്‍ തന്‍റെ പോസ്റ്റിലൂടെ ആ അച്ഛനും പെണ്‍മക്കള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുകയും  ചെയ്തു.

 

 

'' ഗുപ്ത ആന്‍ഡ് ഡോട്ടേഴ്‌സ്... ആണ്‍മക്കളുടെ പേരില്‍ തുറന്നിരിക്കുന്ന മറ്റെല്ലാ കടകളില്‍ നിന്നും വ്യത്യസ്തമായി ലുധിയാനയില്‍ പെണ്‍മക്കളെ പേരില്‍ ചേര്‍ത്തൊരു മെഡിക്കല്‍ ഷോപ്പ്. ഈ ലോകത്ത് നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന മാറ്റമാകൂ''- എന്നാണ് അമന്‍ ചിത്രം പങ്കുവച്ച് കുറിച്ചത്.

വെള്ളിയാഴ്ചയാണ് അമന്‍ ചിത്രം തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ട്വീറ്റ്  വൈറലാവുകയും ചെയ്തു. അയ്യായിരത്തില്‍ അധികം ലൈക്കുകളും ആയിരത്തിലധികം റീട്വീറ്റുകളും ചിത്രത്തിന് ലഭിച്ചു. സ്ത്രീശാക്തീകരണത്തിന്റെ തുടക്കം സ്വന്തം വീടുകളില്‍ നിന്നു തന്നെയാകണം എന്നുകൂടി ഓര്‍മ്മിപ്പിക്കുകയാണ് ഈ ചിത്രമെന്ന് പലരും കമന്റ് ചെയ്തു.  

 

 

Also Read: പുരോഗമനമെല്ലാം പുറത്ത്; സ്ത്രീകളുടെ കാര്യത്തിൽ അകത്തെ കഥ പഴയത് തന്നെ!