പലപ്പോഴും തങ്ങള്‍ക്കെതിരായ അതിക്രമത്തോട് വേഗത്തില്‍ പ്രതികരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയാറില്ല. കായികമായി പിന്നിലാണെന്ന ആത്മവിശ്വാസക്കുറവ് തന്നെയാണ് ഇതിന് പിന്നിലെ കാരണം. എന്നാല്‍ അല്‍പമൊന്ന് മനസ് വച്ചാല്‍ ഈ പ്രശ്‌നത്തെ ഒരു പരിധി വരെയെങ്കിലും മറികടക്കാന്‍ സ്ത്രീകള്‍ക്കാകും. അത് തെളിയിക്കുന്നൊരു വീഡിയോ ആണ് അസമിലെ ഗുവാഹത്തിയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നത് 

സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ നിര്‍ബാധം തുടരുകയാണ്. സ്ത്രീ ശാക്തീകരണ മുന്നേറ്റങ്ങളെല്ലാം ഒരു വശത്ത് പുരോഗമിക്കുമ്പോഴും ഇത്തരം സംഭവങ്ങളും പരാതികളും മറുവശത്ത് വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. 

പലപ്പോഴും തങ്ങള്‍ക്കെതിരായ അതിക്രമത്തോട് വേഗത്തില്‍ പ്രതികരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയാറില്ല. കായികമായി പിന്നിലാണെന്ന ആത്മവിശ്വാസക്കുറവ് തന്നെയാണ് ഇതിന് പിന്നിലെ കാരണം. എന്നാല്‍ അല്‍പമൊന്ന് മനസ് വച്ചാല്‍ ഈ പ്രശ്‌നത്തെ ഒരു പരിധി വരെയെങ്കിലും മറികടക്കാന്‍ സ്ത്രീകള്‍ക്കാകും. 

അത് തെളിയിക്കുന്നൊരു വീഡിയോ ആണ് അസമിലെ ഗുവാഹത്തിയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നത്. റോഡില്‍ വച്ച് പരസ്യമായി തന്നെ കയറിപ്പിടിച്ചയാളെ യുവതി കൈകാര്യം ചെയ്യുന്നതാണ് വീഡിയോ. ഇതെക്കുറിച്ച് പിന്നീട് യുവതി തന്നെ വിശദമായി ഫേസ്ബുക്കില്‍ എഴുതുകയും ചെയ്തു. 

വഴി ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടര്‍ നിര്‍ത്തി സംസാരിച്ച അപരിചിതന്‍ പെട്ടെന്ന് തന്നെ കയറിപ്പിടിക്കുകയായിരുന്നുവെന്നും ആ നിമിഷത്തില്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയെങ്കിലും വൈകാതെ തന്നെ മനോധൈര്യം വീണ്ടെടുത്ത് താന്‍ അയാളെ കൈകാര്യം ചെയ്‌തെന്നും യുവതി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

സ്‌കൂട്ടറില്‍ പിടിച്ചുനിര്‍ത്തി, അയാളെ പോകാന്‍ അനുവദിക്കാതെ തടയുകയാണ് യുവതി ചെയ്തത്. തുടര്‍ന്ന് വണ്ടിയില്‍ നിന്ന് ബലമായി അയാളെ പിടിച്ച് താഴെയിറക്കുകയും വണ്ടി അടുത്തുള്ള ഓടയിലേക്ക് ചവിട്ടിയിടുകയും ചെയ്തു. ഇതിന് ശേഷം ഇയാളുമായി ഉണ്ടായ വാക്കുതര്‍ക്കത്തിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.

ഇനിയും ഇത്തരക്കാരെ വെറുതെ വിട്ടാല്‍ അവര്‍ എത്രയോ സ്ത്രീകളെ ഈ രീതിയില്‍ അപമാനിക്കുമെന്നും അത് തടയാനാണ് താന്‍ സമയോചിതമായി പ്രതികരിച്ചതെന്നും യുവതി പറയുന്നു. നിരവധി സ്ത്രീകളാണ് യുവതിയുടെ ധൈര്യസമേതമുള്ള ഇടപെടലിനെ പ്രകീര്‍ത്തിക്കുന്നത്. തങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ വ്യാപകമായി നടക്കുന്നൊരു വ്യവസ്ഥിതിയില്‍ സ്ത്രീകള്‍ ഇത്രത്തോളം ധൈര്യം നേടേണ്ടതുണ്ടെന്നും നിരവധി പേര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Also Read:- ലിഫ്റ്റ് കൊടുത്തപ്പോള്‍ പതിനാലുകാരന്റെ ഞെട്ടിക്കുന്ന ചോദ്യം; അനുഭവം പങ്കുവച്ച് യുവതി