ഗർഭകാലം മുഴുവൻ സോഫിയ പങ്കുവച്ച വീഡിയോകൾക്ക് കീഴെയാണ് ക്രൂരമായ വിമർശനങ്ങള്‍ ഉയർന്നത്. സോഫിയയുടേത് വ്യാജ​ഗർഭം ആണെന്നായിരുന്നു പലരും ആരോപിച്ചിരുന്നത്. 

ഗർഭിണിയായതിന്‍റെ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ (social media) പങ്കുവച്ച യുവതിക്ക് ലഭിച്ചത് പരിഹാസവും ക്രൂര വിമർശനവും. സോഫിയാ കവാസിനി ( Sofia Cavacini) എന്ന യുവതിക്കാണ് വയറ് (bump) ചെറുതായതിന്‍റെ പേരില്‍ ക്രൂര വിമർശനം നേരിടേണ്ടി വന്നത്. 

ഗർഭകാലം മുഴുവൻ സോഫിയ പങ്കുവച്ച വീഡിയോകൾക്ക് കീഴെയാണ് ക്രൂരമായ വിമർശനങ്ങള്‍ ഉയർന്നത്. സോഫിയയുടേത് വ്യാജ​ഗർഭം ആണെന്നായിരുന്നു പലരും ആരോപിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ മാസങ്ങൾക്കിപ്പുറം താൻ ജന്മം നൽകിയ കുഞ്ഞിനൊപ്പമിരുന്ന് പഴയ ട്രോളുകള്‍ പങ്കുവയ്ക്കുകയാണ് സോഫിയ.

ഇക്കഴിഞ്ഞ മാർച്ചിലാണ് സോഫിയ കുഞ്ഞിന് ജന്മം നൽകുന്നത്. എന്നാല്‍ ഗർഭകാലത്ത് ടിക്ടോക്കിൽ വളരെ സന്തോഷത്തോടെ സോഫിയ പങ്കുവച്ച വീഡ‍ിയോകള്‍ കണ്ടാണ് വയറു ചെറുതായതിന്റെ പേരില്‍ പലരും പരിഹസിച്ചത്. അഞ്ചരമാസത്തിലെ വീഡിയോ പങ്കുവച്ചതിന് കീഴെ ​ഗ്യാസ് നിറഞ്ഞതാണോ ​ഗർഭം നടിക്കുകയാണോ എന്നൊക്കെയാണ് പലരും കമന്റ് ചെയ്തത്.

ഏഴാം മാസത്തിലെ വീ‍ഡിയോ പങ്കുവച്ചപ്പോഴും ട്രോളുകൾക്ക് യാതൊരു കുറവും ഉണ്ടായിരുന്നില്ല. അത്താഴം കഴിച്ചിട്ട് നില്‍ക്കുന്നതാണോ എന്നായിരുന്നു ഒരാളുടെ കമന്‍റ്. ഒമ്പതാം മാസത്തിലെ വീഡ‍ിയോ പങ്കുവച്ചപ്പോഴും സോഫിയയെ ആരും വെറുതെവിട്ടില്ല. ഗര്‍ഭിണിയായി സോഫിയ അഭിനയിക്കുന്നതാണെന്ന് തന്നെ പലരും പറഞ്ഞു. 

ഒടുവിൽ മാർച്ചിൽ മകൾ പിറന്നതോടെ ട്രോളന്മാർക്കെല്ലാം മറുപടി നൽകണമെന്ന് സോഫിയ ഉറപ്പിച്ചു. അങ്ങനെ മകൾക്കൊപ്പം കളിക്കുന്നതിന്റെ വീഡിയോയുമായി വീണ്ടും സോഫിയയെത്തി. ഒപ്പം താൻ നേരിട്ട ക്രൂരമായ ട്രോളുകളെക്കുറിച്ചും അവര്‍ പങ്കുവച്ചു.

Also Read: നിറവയറുമായി വെള്ളത്തിനടിയില്‍ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ പങ്കുവച്ച് സ്ലംഡോഗ് മില്യണയര്‍ നടി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona