'എന്‍ഡോമെട്രിയോസിസ്', 'പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം', പ്രമേഹം, ഗര്‍ഭസമയത്തുള്ള ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം തന്നെ സ്ത്രീകളില്‍ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ഷുഗര്‍ കൂടുന്നത്, ബിപി ഉയരുന്നത്, കൊളസ്‌ട്രോള്‍ കൂടുന്നത്, പുകവലി, അമിതവണ്ണം എന്നിങ്ങനെയുള്ള ആരോഗ്യപരമായ കാരണങ്ങള്‍ പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്
ഓരോ വര്‍ഷവും ഹൃദയാഘാതം (Heart Attack) നേരിടുന്നവരുടെയും അതുമൂലം മരണം സംഭവിക്കുന്നവരുടെയും എണ്ണം കൂടിവരുന്ന സാഹചര്യമാണുള്ളത്. പലപ്പോഴും അനാരോഗ്യകരമായ ജീവിതരീതികളാണ് ( Unhealthy Lifestyle ) ഇതിന് കാരണമായി വരുന്നത്. സ്ത്രീകളും പുരുഷന്മാരുമെല്ലാം ഒരുപോലെയാണ് ഹൃദയാഘാത സാധ്യത നേരിടുന്നത്.
എന്നാല്‍ സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയാഘാത ലക്ഷണങ്ങളുടെ കാര്യത്തില്‍ ചില വ്യത്യസ്തതകള്‍ കാണാമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. സ്ത്രീകളില്‍ ഹൃദയാഘാതം നിര്‍ണയിക്കുന്നതിന് പുരുഷന്മാരെ അപേക്ഷിച്ച് കുറെക്കൂടി ബുദ്ധിമുട്ട് നേരിടാറുണ്ടെന്നും ഇത് കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കാറുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ഹൃദയത്തിന്റെ വലുപ്പം ചെറുതായിരിക്കും. ഹൃദയ അറകളുടെ കാര്യത്തിലും, ഹൃദയഭിത്തികളുടെ കാര്യത്തിലുമെല്ലാം ഈ വ്യത്യാസം കാണാം. പുരുഷന്മാരെക്കാള്‍ കുറഞ്ഞ അളവിലാണ് പൊതുവില്‍ സ്ത്രീകളുടെ ഹൃദയത്തില്‍ രക്തം പമ്പ് ചെയ്യപ്പെടുന്നതും.
സ്ത്രീകളിലാണെങ്കില്‍ സമ്മര്‍ദ്ദങ്ങള്‍ നേരിടുന്ന സാഹചര്യങ്ങളില്‍ പള്‍സ് റേറ്റ് കൂടുകയും രക്തം കൂടുതലായി പമ്പ് ചെയ്യപ്പെടുകയും ചെയ്യുന്നു. പുരുഷന്മാരിലാണെങ്കില്‍ ഹൃദയധമനികള്‍ ചുരുങ്ങുകയും ബിപി വര്‍ധിക്കുകയുമാണ് ഉണ്ടാകുന്നത്. ആകെയും ഈ വ്യതിയാനങ്ങളെല്ലാം പോലെ തന്നെ സ്ത്രീകളിലെ ഹൃദയാഘാതം നിര്‍ണയിക്കാന്‍ അല്‍പം വിഷമത നേരിടാറുണ്ടെന്ന് തന്നെയാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

'എന്‍ഡോമെട്രിയോസിസ്', 'പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം', പ്രമേഹം, ഗര്‍ഭസമയത്തുള്ള ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം തന്നെ സ്ത്രീകളില്‍ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ഷുഗര്‍ കൂടുന്നത്, ബിപി ഉയരുന്നത്, കൊളസ്‌ട്രോള്‍ കൂടുന്നത്, പുകവലി, അമിതവണ്ണം എന്നിങ്ങനെയുള്ള ആരോഗ്യപരമായ കാരണങ്ങള്‍ പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.
ലക്ഷണങ്ങളിലെ വ്യത്യാസം...
നെഞ്ചുവേദനയാണ് ഹൃദയാഘാതത്തെ തിരിച്ചറിയാനുള്ള ഒരു പ്രധാന ലക്ഷണം. ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതിന്റെ ഭാഗമായാണ് നെഞ്ചുവേദന അനുഭവപ്പെടുന്നത്. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ ഹൃദയാഘാതത്തെ സൂചിപ്പിക്കുന്ന നെഞ്ചുവേദന എല്ലായ്‌പോഴും പ്രകടമാകണമെന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മറ്റ് പല ആരോഗ്യപ്രശ്‌നങ്ങളുടേതിനും സമാനമായ ലക്ഷണങ്ങളാണേ്രത സ്ത്രീകളില്‍ അധികവും കാണപ്പെടുന്നത്. ഇത് പ്രശ്‌നം തിരിച്ചറിയുന്നതിനും ചികിത്സ ലഭിക്കുന്നതിനുമെല്ലാം വൈകിപ്പിക്കുന്നു.
ചില സ്ത്രീകളില്‍ ഹൃദയാഘാതം വരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് നെഞ്ചുവേദന അനുഭവപ്പെടാമത്രേ. എന്നാല്‍ മിക്കപ്പോഴും ഇത് ശ്രദ്ധയില്‍ പെടാതെ കടന്നുപോകാം.
വേദനയ്ക്ക് പകരം ഹൃദയമിരിക്കുന്നയിടത്ത് എന്തോ നിറയുന്നതായി തോന്നുക, കൈകളിലും മുതുകിലും വേദന, കഴുത്തിലും താടിയെല്ലിന്റെ ഭാഗങ്ങളിലും വേദന, കാലുകളില്‍ വേദന, ചില സന്ദര്‍ഭങ്ങളില്‍ വയറുവേദന, അടിവയറ്റില്‍ വലിയ ഭാരം അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ സ്ത്രീകളില്‍ ഹൃദയാഘാതത്തിന്റെ ഭാഗമായി വരുന്നു.

നിത്യജീവിതത്തില്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളുമായി സമാനതകളുള്ളതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ മിക്കപ്പോഴും സ്ത്രീകള്‍ ശ്രദ്ധിക്കാതെ വിടാനുള്ള സാധ്യതകളും ഏറെയാണ്.
ചില സ്ത്രീകളില്‍ ശ്വാസതടസം, ഓക്കാനം, തലകറക്കം, അമിതമായ വിയര്‍പ്പ് ഇത്തരം ലക്ഷണങ്ങളും ഹൃദയാഘാതത്തിന്റേതായി കാണാം. അതുപോലെ അസഹനീയമായ ക്ഷീണവും ചിലര്‍ അനുഭവിക്കാം. എന്തായാലും ഹൃദയാരോഗ്യം ഉറപ്പുവരുത്താന്‍ സ്ത്രീകള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുന്നതാണ് ഇത്തരം സങ്കീര്‍ണതകളെല്ലാം ഒഴിവാക്കാന്‍ ഉത്തമം. ഒപ്പം തന്നെ ആരോഗ്യപരമായ പ്രശ്‌നങ്ങളെ കണ്ടില്ലെന്ന് നടിക്കാതെ അവയ്ക്കും അല്‍പം പരിഗണന നല്‍കി മുന്നോട്ടുപോവുക.
