കടലിനടിയിലെ തുരങ്കവും കൃത്രിമ ദ്വീപുകളും ഉൾപ്പെടെ 20 ബില്യൺ ഡോളർ ചെലവിൽ ഒമ്പത് വർഷം കൊണ്ടാണ് ഈ പാലം നിർമ്മിച്ചത്. ഈ പാലം ഇന്നൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്.

ബീജിംഗ്: ചൈനീസ് എഞ്ചിനീയറിം​ഗ് മികവിന്റെ നേർസാക്ഷ്യമായി ഹോങ്കോംഗ്-സുഹായ്-മക്കാവോ പാലം. പേൾ റിവർ ഡെൽറ്റയ്ക്ക് കുറുകെയാണ് പാലം സ്ഥിതി ചെയ്യുന്നത്. 55 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ ഒമ്പത് വർഷമെടുത്തു. ഏകദേശം 20 ബില്യൺ യുഎസ് ഡോളറാണ് ചെലവ്. 2018ൽ തുറന്നതിന് ശേഷം ഈ പാലം ചൈനയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്.

മൂന്ന് കേബിൾ സ്റ്റേ പാലങ്ങൾ, വിശാലമായ വയഡക്റ്റുകൾ, കടലിനടിയിലൂടെ 6.7 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു തുരങ്കം, നാല് കൃത്രിമ ദ്വീപുകൾ എന്നിവയോട് കൂടിയാണ് പാലത്തിന്റെ നിർമ്മാണം. സമീപ വർഷങ്ങളിൽ ഈ പാലത്തിലൂടെ കടന്നുപോയ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ചൈനയുടെ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ സിൻ‌ഹുവ പറയുന്നു. കണക്കുകൾ അനുസരിച്ച്, ഒക്ടോബർ അവസാനത്തോടെ പാലത്തിലൂടെ 93 ദശലക്ഷത്തിലധികം യാത്രക്കാർ സഞ്ചരിച്ചിട്ടുണ്ട്. പ്രധാനമായും അന്താരാഷ്ട്ര വിനോദസഞ്ചാരികളായിരുന്നു ഇതെന്നും സിൻഹുവ ചൂണ്ടിക്കാട്ടുന്നു.

അമേരിക്ക, ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, ജപ്പാന്‍, നെതര്‍ലാൻഡ് തുടങ്ങിയ 14 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ കരവിരുതിലാണ് അതിശയകരമായ പാലത്തിന്റെ നിർമാണം പൂർത്തിയായത്. പാലത്തിന്റെ ഭൂരിഭാ​ഗവും ഉരുക്കുപയോ​ഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 100 വർഷമെങ്കിലും ഈ പാലം ഗതാഗത യോ​ഗ്യമായി നിലനിൽക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ചുഴലിക്കാറ്റിനെയും സുനാമിയെയും പ്രതിരോധിക്കാൻ ഈ പാലത്തിന് സാധിക്കുമെന്നാണ് ചൈനയുടെ അവകാശവാദം. ആധുനിക ലോകത്തെ ഏഴ് മഹാത്ഭുതങ്ങളിലൊന്ന് എന്നാണ് ഗാർഡിയൻ പത്രം ഹോങ്കോംഗ്-മക്കാവോ പാലത്തെ വിശേഷിപ്പിച്ചത്.

സന്ദർശകർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

  • കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും അനുവാദമില്ല.
  • വ്യോമയാന, സമുദ്ര നിയമങ്ങൾ കാരണം ഡ്രോണുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
  • വേഗതാ പരിധികൾ കർശനമായി നടപ്പിലാക്കിയിട്ടുണ്ട്.
  • പ്രതികൂല കാലാവസ്ഥയിൽ സർവീസ് നിർത്തിവച്ചേക്കാം.
  • യാത്രക്കാർ അവരുടെ എൻട്രി പോയിന്റിൽ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പാലിക്കണം.