ബിഹാറിൽ പുതിയ ഹെലി ടൂറിസം പദ്ധതിക്ക് തുടക്കമായി. പട്ന, രാജ്ഗിർ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ പദ്ധതി, സബ്‌സിഡി നിരക്കിൽ സാധാരണക്കാർക്കും ഹെലികോപ്റ്റർ യാത്ര സാധ്യമാക്കുന്നു. സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണർവേകാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമായി റോപ്പ്‌വേ, ഹോട്ടൽ പദ്ധതികളും സർക്കാർ പരിഗണിക്കുന്നുണ്ട്.
ബിഹാറിൽ പുതിയ ഹെലി ടൂറിസം സേവനത്തിന് തുടക്കം. മുഖ്യമന്ത്രി സമ്രാട് ചൗധരി, ഉപമുഖ്യമന്ത്രിമാരായ വിജയ് കുമാർ ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ് എന്നിവർ ചേർന്നാണ് ‘മുഖ്യമന്ത്രി ബിഹാർ ഹെലി-ടൂറിസം ആൻഡ് എയർ ടൂറിസം സർവീസ് സ്‍കിം-2026’ ഉദ്ഘാടനം ചെയ്തത്. പട്‍നയിലെ മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലെ സംവാദ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലായിരുന്നു പദ്ധതിയുടെ തുടക്കം.
വിനോദസഞ്ചാര വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അടുത്ത മൂന്ന് മുതൽ നാല് വർഷത്തിനുള്ളിൽ സംസ്ഥാന സർക്കാരിന് വിനോദസഞ്ചാര മേഖലയിൽ നിന്ന് വരുമാനം ലഭിക്കുന്ന രീതിയിലേക്ക് പദ്ധതികൾ വികസിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. നിലവിൽ വിനോദസഞ്ചാര പദ്ധതികൾ നടപ്പാക്കാൻ സർക്കാർ വകുപ്പിന് സാമ്പത്തിക സഹായം നൽകുന്ന സാഹചര്യമാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും നാടായ ബിഹാർ ആധുനിക വിനോദസഞ്ചാര കേന്ദ്രമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് സമ്രാട് ചൗധരി വ്യക്തമാക്കി. ലോക ടൂറിസം ഭൂപടത്തിൽ ബിഹാറിനെ കൂടുതൽ ശക്തമായി അവതരിപ്പിക്കാൻ സ്വകാര്യ മേഖലയുമായി സഹകരിച്ച് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ പദ്ധതികൾ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുതിയ പദ്ധതിയുടെ ഭാഗമായി പട്ന, രാജ്ഗിർ, വാൽമീകിനഗർ, കൈമൂർ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഹെലികോപ്റ്റർ സർവീസ് ലഭ്യമാക്കും. സർക്കാർ ടിക്കറ്റ് നിരക്കിൽ സബ്‍സിഡിഡി നൽകുന്നതിനാൽ സാധാരണക്കാർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജൂലൈ 13 മുതൽ ബുക്കിങ് ആരംഭിച്ചതായും ജൂലൈ 18 മുതൽ എല്ലാ ശനി, ഞായർ ദിവസങ്ങളിലും സ്ഥിരം ഹെലികോപ്റ്റർ സർവീസ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ പദ്ധതി ബിഹാറിന്റെ വിനോദസഞ്ചാര മേഖലയിൽ പുതിയ കാലഘട്ടത്തിന് തുടക്കം കുറിക്കുമെന്നും സാധാരണക്കാർക്ക് താങ്ങാനാകുന്ന നിരക്കിൽ വ്യോമ വിനോദസഞ്ചാര അനുഭവം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിനോദസഞ്ചാര മേഖലയിലെ പുതിയ ആശയങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി റോപ്പ്‌വേ പദ്ധതികളും പരിഗണിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. 1970-ൽ പുറത്തിറങ്ങിയ പ്രശസ്‍ത ബോളിവുഡ് ചിത്രം ‘ജോണി മേരാ നാം’ എന്ന സിനിമയിൽ ദേവ് ആനന്ദും ഹേമ മാലിനിയും രാജ്ഗിറിലെ റോപ്പ്‌വേയിൽ സഞ്ചരിച്ച രംഗം ചൂണ്ടിക്കാട്ടിയ അദ്ദേഹം, പട്‍നയിലെ ജെപി ഗംഗാ പഥിൽ നിന്ന് സോനേപൂരിലെ ഹരിഹർനാഥ ക്ഷേത്രത്തിലേക്ക് ഗംഗയ്ക്ക് മുകളിലൂടെ റോപ്പ്‌വേ സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്നും പറഞ്ഞു.
ബിഹാറിലെ വിനോദസഞ്ചാര മേഖലയിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്‍നയിൽ ഒരുങ്ങുന്ന രണ്ട് വലിയ ഹോട്ടൽ പദ്ധതികളിലൂടെ സംസ്ഥാന സർക്കാരിന് വൻ വരുമാനം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാങ്കിപൂർ ബസ് സ്റ്റാൻഡ് ഭൂമിയിൽ നിർമിക്കുന്ന ഹോട്ടലിൽ നിന്ന് പ്രതിവർഷം ഏകദേശം 17 കോടി രൂപയും അശോക ഹോട്ടൽ ഭൂമിയിലെ പദ്ധതിയിൽ നിന്ന് 8.5 കോടി രൂപയും റോയൽറ്റിയായി ലഭിക്കുമെന്നാണ് പ്രതീക്ഷ. ബോധ്ഗയയിലെ ഹോട്ടൽ പദ്ധതിയിൽ നിന്ന് പ്രതിവർഷം 9 കോടി രൂപ വരുമാനം ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ബിഹാറിന്റെ സംസ്‍കാരം, പൈതൃകം, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ ഓരോ പൗരനും പങ്കാളികളാകണമെന്ന് സമ്രാട് ചൗധരി ആവശ്യപ്പെട്ടു. ഓരോ ബിഹാർ നിവാസിയും സംസ്ഥാനത്തിന്റെ ടൂറിസം അംബാസഡറായി പ്രവർത്തിച്ചാൽ രാജ്യത്തും ലോകത്തും ബിഹാറിന്റെ പ്രതിച്ഛായ കൂടുതൽ ശക്തമാകുമെന്നും വിനോദസഞ്ചാര മേഖല പുതിയ ഉയരങ്ങളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.


