2025ലെ കോണ്ടെ നാസ്റ്റ് ട്രാവലർ റീഡേഴ്‌സ് ചോയ്‌സ് അവാർഡ്സ് പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നു. തുടർച്ചയായ മൂന്നാം വർഷവും ജപ്പാൻ ഒന്നാം സ്ഥാനം നിലനിർത്തി.

ദില്ലി: ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങൾ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തി 2025ലെ കോണ്ടെ നാസ്റ്റ് ട്രാവലർ റീഡേഴ്‌സ് ചോയ്‌സ് അവാർഡ്സ്. സഞ്ചാരികളുടെ വോട്ടിംഗ് അടിസ്ഥാനമാക്കിയാണ് ഈ രാജ്യങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ന് സഞ്ചാരികളുടെ യാത്രാ ശൈലിയിലുണ്ടായ മാറ്റങ്ങൾ ഇതിൽ വലിയ രീതിയിൽ പ്രതിഫലിച്ചിട്ടുണ്ട്. ആഡംബരത്തേക്കാൾ ഉപരിയായി മികച്ച അനുഭവങ്ങൾക്കും പ്രാദേശിക ഭക്ഷണവിഭവങ്ങൾക്കും കുടുംബത്തിന് അനുയോജ്യമായ താമസസൗകര്യങ്ങൾക്കുമെല്ലാം സഞ്ചാരികൾ വലിയ പ്രാധാന്യം നൽകുന്നുണ്ട്.

പ്രകൃതി സൗന്ദര്യം, സാംസ്കാരിക പൈതൃകം, ആധുനിക സുഖസൗകര്യങ്ങൾ എന്നിവ ഒരുപോലെ വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളാണ് ഇന്ന് സഞ്ചാരികളുടെ ഫേവറിറ്റ് എന്നാണ് വിലയിരുത്തൽ. ഇറ്റലി, ജപ്പാൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഇപ്പോഴും ജനപ്രിയമായി തുടരുമ്പോൾ, ഡൊമിനിക്ക, ഭൂട്ടാൻ പോലെയുള്ള വളർന്നുവരുന്ന രാജ്യങ്ങൾ സുസ്ഥിര വിനോദസഞ്ചാരത്തിനും പ്രകൃതിദൃശ്യങ്ങൾക്കും പ്രശസ്തി നേടുന്നുണ്ട്.

1. ജപ്പാൻ (95.36)

ലോകത്തിലെ ഒന്നാം നമ്പർ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ജപ്പാനാണ്. തുടർച്ചയായ മൂന്നാം വർഷമാണ് ജപ്പാൻ ഒന്നാം സ്ഥാനത്ത് എത്തുന്നത്. പ്രകൃതി സൗന്ദര്യം, സംസ്കാരം, ഭക്ഷണ വൈവിധ്യങ്ങൾ, ആതിഥ്യമര്യാദ എന്നിവയാണ് ജപ്പാൻ ജനപ്രീതി നേടുന്നതിന് കാരണമെന്ന് സഞ്ചാരികൾ ചൂണ്ടിക്കാട്ടുന്നു.

2. ഗ്രീസ് (92.31)

2024-ൽ പത്താം സ്ഥാനത്തായിരുന്ന ഗ്രീസ് വൻ കുതിച്ചുചാട്ടത്തിലൂടെ ഏറ്റവും മികച്ച രണ്ടാമത്തെ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഗ്രീസിന്റെ നിരവധി ദ്വീപുകളും റിസോർട്ടുകളും യൂറോപ്പിലെ മികച്ച നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയതും ഈ റാങ്കിംഗിന് കാരണമാകുന്ന പ്രധാന ഘടകങ്ങളാണ്.

3. പോർച്ചുഗൽ (92.08)

ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ രാജ്യമായി പോർച്ചുഗലാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അൽഗാർവിലെ മനോഹരമായ ബീച്ചുകളും വടക്കൻ പ്രദേശത്തെ പർവതനിരകളും മുതൽ മദീര, അസോറസ് എന്നീ മനോഹരമായ ദ്വീപസമൂഹങ്ങൾ വരെ, വൈവിധ്യമാർന്ന പ്രകൃതി സൗന്ദര്യം പ്രദാനം ചെയ്യുന്ന ഒരു രാജ്യമാണ് പോര്‍ച്ചുഗൽ. പുരാതനമായ കൊട്ടാരങ്ങൾ, പരമ്പരാഗത ഫാഡോ സംഗീത വിഭാഗം, നിരവധി യുനെസ്കോ ലോക പൈതൃക സ്ഥലങ്ങൾ എന്നിവയാൽ പോർച്ചുഗൽ സമ്പന്നമായ ഒരു സാംസ്കാരിക പൈതൃകമാണ് കാത്തുസൂക്ഷിക്കുന്നത്.

4. ഇറ്റലി (92.02)

ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ രാജ്യമായി ഇറ്റലി തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കൂടുതൽ യുനെസ്കോ ലോക പൈതൃക സ്ഥലങ്ങളുള്ള യൂറോപ്യൻ രാജ്യമാണ് ഇറ്റലി. റോമിലെ കൊളോസിയവും ഫ്ലോറൻസിലെ നവോത്ഥാനവും ഉൾപ്പെടെ കലയും പുരാതന അവശേഷിപ്പുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇറ്റലിയുടെ നഗരങ്ങൾ.

5. സ്പെയിൻ (91.96)

സംസ്കാരം, വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങൾ, രുചികരമായ ഭക്ഷണം എന്നിവയ്ക്ക് പേരുകേട്ട രാജ്യമാണ് സ്‌പെയിൻ. പരമ്പരാഗത വിനോദസഞ്ചാര കേന്ദ്രങ്ങൾക്കപ്പുറം ബാസ്‌ക് കൺട്രി, ഗ്രാനഡ തുടങ്ങിയ പ്രദേശങ്ങളിൽ പുതിയ സാഹസികതകൾ കണ്ടെത്താനും സഞ്ചാരികൾ ആഗ്രഹിക്കുന്നുണ്ട്.

6. തുർക്കി (91.91)

ലോകത്തിലെ ഏറ്റവും മികച്ച ആറാമത്തെ രാജ്യമായി സഞ്ചാരികൾ തിരഞ്ഞെടുത്തിരിക്കുന്നത് തുർക്കിയെയാണ്. ഊഷ്മളമായ ആതിഥ്യം, ഊർജ്ജസ്വലമായ സംസ്കാരം, ലോകോത്തര യാത്രാനുഭവങ്ങൾ എന്നിവയാണ് തുര്‍ക്കിയെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നത്. ദേശീയ സുസ്ഥിര ടൂറിസം പരിപാടി തുര്‍ക്കിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

7. അയർലൻഡ് (91.59)

അയര്‍ലൻ‍ഡാണ് പട്ടികയിൽ ഏഴാം സ്ഥാനത്ത്. പച്ചപ്പ് നിറഞ്ഞ പ്രകൃതിദൃശ്യങ്ങൾ, ആകർഷകമായ സംസ്കാരം, പബ്ബുകൾ, പ്രകൃതി സൗന്ദര്യം എന്നിവയാൽ നിരന്തരമായി സഞ്ചാരികളുടെ ഹൃദയം കവരുന്ന രാജ്യമാണ് അയർലൻഡ്.

8. ക്രൊയേഷ്യ (91.56)

പട്ടികയിൽ എട്ടാം സ്ഥാനത്ത് ക്രൊയേഷ്യയാണ്. ആയിരത്തിലധികം ദ്വീപുകളുള്ള മനോഹരമായ ഡാൽമേഷ്യൻ തീരം മുതൽ തടാകങ്ങളും ദേശീയോദ്യാനങ്ങളുമുള്ള ഉൾനാടൻ പ്രദേശങ്ങൾ വരെയുള്ള വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങൾ ക്രൊയേഷ്യയെ വ്യത്യസ്തമാക്കുന്നു. പുരാതന റോമൻ അവശേഷിപ്പുകൾ, പഴയകാല പട്ടണങ്ങൾ, യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകത്തെ സന്ദർശകർ വിലമതിക്കുന്നു.

9. ഫ്രാൻസ് (91.24)

മുന്തിരിത്തോട്ടങ്ങൾ, പർവത ഗ്രാമങ്ങൾ, സംസ്കാരം എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന കാഴ്ചകൾ കൊണ്ട് ഫ്രാൻസ് സഞ്ചാരികളുടെ മനസിൽ പതിവായി ഇടംനേടുന്നു. ചരിത്രം, നഗരങ്ങൾ, പർവതങ്ങൾ, ബീച്ചുകൾ, ഗ്യാസ്ട്രോണമി, വൈൻ നിർമ്മാണം എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന ആകർഷണങ്ങൾ ഫ്രാൻസ് സഞ്ചാരികൾക്കായി കാത്തുവെച്ചിട്ടുണ്ട്.

10. കാനഡ (90.94)

ടോപ് 10 പട്ടികയിൽ ഇടം നേടിയ ഏക വടക്കേ അമേരിക്കൻ രാജ്യമാണ് കാനഡ. അസാധാരണമായ പ്രകൃതി സൗന്ദര്യം, സാംസ്കാരിക വൈവിധ്യം, സഞ്ചാരികൾക്ക് നൽകുന്ന ആഴത്തിലുള്ള അനുഭവങ്ങൾ എന്നിവയ്ക്ക് പേരുകേട്ട കാനഡയാണ് പട്ടികയിൽ പത്താം സ്ഥാനത്ത്.

ഇന്ത്യയുടെ സ്ഥാനം

പട്ടികയിൽ 14-ാം സ്ഥാനത്താണ് ഇന്ത്യ. ആത്മീയത, സംസ്കാരം, പ്രകൃതിഭംഗി, ആധുനികത എന്നിവയാണ് ഇന്ത്യയെ ആകര്‍ഷകമാക്കുന്നത്. ഭൂപ്രകൃതി, നഗര, പ്രകൃതിദൃശ്യങ്ങൾ എന്നിവയുടെ വൈവിധ്യപൂർണ്ണമായ മിശ്രിതം ഇന്ത്യയെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നു.