മുണ്ടക്കയം-വാഗമൺ റോഡ് യാഥാർഥ്യമാക്കാൻ 17 കോടി രൂപ അനുവദിച്ചു.

കോട്ടയം: മുണ്ടക്കയം-വാഗമൺ റോഡ് യാഥാർഥ്യമാക്കുന്നതിന് 17 കോടി രൂപ അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെൻഡർ ക്ഷണിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. ഇളംകാട് വല്യേന്തയിൽ നിന്ന് ഏഴ് കിലോമീറ്റർ ദൂരത്തിൽ പുതുതായി ബി.എം.ബി.സി. നിലവാരത്തിൽ നിർമിക്കുന്ന റോഡ് യാഥാർഥ്യമാകുന്നതോടെ ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിലേക്ക് മുണ്ടക്കയം ഭാഗത്തു നിന്ന് എത്തിച്ചേരുന്നതിനുള്ള ഏറ്റവും സൗകര്യപ്രദവും മികച്ചതുമായ പാതയായി മാറും. കൂടാതെ ദേശീയപാതയിൽ നിന്ന് നേരിട്ട് വാഗമണ്ണിലേക്ക് എത്തിച്ചേരാനുമാകും.

നിർദ്ദിഷ്ട ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ട് യാഥാർഥ്യമാകുന്നതോടെ ആഭ്യന്തര, വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ വിമാനമാർഗ്ഗം എത്തിച്ചേരുന്ന ടൂറിസ്റ്റുകൾക്ക് എയർപോർട്ടിൽ നിന്ന് 35 കിലോമീറ്റർ മാത്രം യാത്ര ചെയ്ത് വാഗമണ്ണിൽ എത്തിച്ചേരുന്നതിനും ഈ റോഡ് വരുന്നതോടെ കഴിയും. വല്യേന്ത മുതൽ വാഗമൺ വരെയുള്ള വാകച്ചുവട്, കോലാഹലമേട്, തങ്ങൾപ്പാറ എന്നീ പ്രകൃതിരമണീയമായ പ്രദേശങ്ങളിൽ മതിയായ ഗതാഗത സൗകര്യങ്ങൾ ഇല്ലാതിരുന്നതുമൂലം വിനോദസഞ്ചാരികൾ കാര്യമായി എത്തിച്ചേർന്നിരുന്നില്ല. ഇതുവഴി ഉന്നത നിലവാരത്തിൽ റോഡ് ഗതാഗതം സാധ്യമാകുന്നതോടെ ആ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസന സാധ്യതകളും ഉണ്ട്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് വാഗമണ്ണിന്റെ അനന്തമായ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി നാടിന്റെ പുരോഗതി കൈവരിക്കാനും കഴിയുമെന്ന് എം.എൽ.എ. അറിയിച്ചു.

ഏഴ് കിലോമീറ്റർ ദൂരത്തിൽ ശരാശരി 10 മീറ്റർ വീതിയിലുള്ള റോഡിൽ ഡബിൾ ലൈനായി ഏഴ് മീറ്റർ വീതിയിലാണ് ബി.എം.ആൻഡ് ബി.സി. നിലവാരത്തിൽ ടാറിംഗ് നടത്തുക. സംരക്ഷണ ഭിത്തികൾ, ഓടകൾ, കലുങ്കുകൾ, സൈഡ് കോൺക്രീറ്റിംഗ്, റോഡ് സുരക്ഷാക്രമീകരണങ്ങൾ മുതലായവ ഉൾപ്പെടുത്തി മികച്ച നിലവാരത്തിലാണ് റോഡ് നിർമാണം ആസൂത്രണം ചെയ്തിട്ടുള്ളത്. ഓഗസ്റ്റ് പതിനൊന്ന് വരെ ടെൻഡർ സ്വീകരിക്കും. പതിനാലിന് തുറക്കും. എത്രയും വേഗത്തിൽ നിർമാണം ആരംഭിക്കുമെന്നും സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും എം.എൽ.എ. വ്യക്തമാക്കി.