സഞ്ചാരികൾക്ക് പ്രകൃതിയുടെ മടിത്തട്ടിൽ വിശ്രമിക്കാനും കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോകാനും പറ്റിയ ഇടമാണിത്.
നിരവധി ടൂറിസ്റ്റ് സ്പോട്ടുകളുള്ള മനോഹരമായ സ്ഥലങ്ങളിലൊന്നാണ് കേരളത്തിന്റെ സ്വന്തം മൂന്നാർ. കേവലം സാഹസികതയ്ക്ക് അപ്പുറം നമ്മളിലെ കുട്ടികളെ ഉണർത്തുന്ന ചില സ്ഥലങ്ങളും മൂന്നാറിലുണ്ടെന്ന് അറിയാമോ? അതിലൊന്നാണ് മൂന്നാറിലെ എക്കോ പോയിന്‍റ്.
ഏത് ശബ്ദവും പ്രതിധ്വനിപ്പിക്കുന്ന ഇടമാണ് ഇത്. ഇവിടെ എത്തുന്ന സഞ്ചാരികൾ കുട്ടികളെ പോലെ ആർത്ത് വിളിക്കുന്നതും ആവേശം കൊള്ളുന്നതും സ്ഥിരം കാഴ്ചയാണ്. മൂന്നാറിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് എക്കോ പോയിന്റ് സ്ഥിതി ചെയ്യുന്നത്. കണ്ണിനും മനസിനും ഒരുപോലെ കുളിർമ്മ നൽകുന്ന കാഴ്ചകളുടെ സ്വർഗ്ഗലോകമാണ് എക്കോ പോയിന്റും പരിസരവുമെന്ന് നിസംശയം പറയാം. പ്രകൃതിയാൽ തന്നെ ഇവിടെ സൃഷ്ടിക്കപ്പെടുന്ന പ്രതിധ്വനിയും ഈ പ്രദേശത്തിന്റെ മനോഹാരിതയുമാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്.
മൂന്നാർ-കൊടൈക്കനാൽ റോഡിലെ ടോപ് സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേയാണ് എക്കോ പോയിന്റ്. മനോഹരമായ തടാകത്തിന്റെ തീരത്ത് എത്തി നമ്മളുണ്ടാക്കുന്ന ശബ്ദത്തിന്റെ പ്രതിധ്വനികള്‍ വീണ്ടും കേള്‍ക്കുകയെന്നത് ആരും ഇഷ്ടപ്പെടുന്ന കാര്യമാണ്. ശാന്ത സുന്ദരമായ തടാകക്കരയില്‍ സമയം ചെലവഴിക്കാനും കുട്ടിക്കാലത്തേയ്ക്ക് മടങ്ങിപ്പോകാനും ആഗ്രഹമുള്ളവര്‍ക്ക് ധൈര്യമായി എക്കോ പോയിന്റിലേക്ക് എത്താം.
അടുത്തുളള റെയില്‍വേ സ്റ്റേഷന്‍ : ചങ്ങനാശ്ശേരി, മൂന്നാറില്‍ നിന്ന് 93 കി. മീ., ആലുവ, മൂന്നാറില്‍ നിന്നും 108 കി. മീ.
അടുത്തുളള വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, മൂന്നാറില്‍ നിന്ന് 115 കി. മീ., മധുര (തമിഴ് നാട്) മൂന്നാറില്‍ നിന്ന് 140 കി. മീ.


