- Home
- Yatra
- Destinations (Yatra)
- ഫ്രണ്ട്ഷിപ്പ് ഡേ 2025; ചങ്ക്സിനൊപ്പം ഒരു വീക്കെൻഡ് ട്രിപ്പടിച്ചാലോ? ഇതാ വൈബടിക്കാൻ പറ്റിയ 6 സ്പോട്ടുകൾ
ഫ്രണ്ട്ഷിപ്പ് ഡേ 2025; ചങ്ക്സിനൊപ്പം ഒരു വീക്കെൻഡ് ട്രിപ്പടിച്ചാലോ? ഇതാ വൈബടിക്കാൻ പറ്റിയ 6 സ്പോട്ടുകൾ
എത്ര തിരക്കാണെങ്കിലും സമയം കണ്ടെത്തി നിങ്ങളെ വിളിക്കുകയും കാണുകയുമൊക്കെ ചെയ്യുന്ന ചില കൂട്ടുകാര്‍ ഉണ്ടാകും. ഓഗസ്റ്റ് 3ന് ഫ്രണ്ട്ഷിപ്പ് ഡേയാണ്. വീക്കെൻഡ് കൂടിയായതിനാൽ സുഹൃത്തുക്കൾക്കൊപ്പം ഒരു ട്രിപ്പ് പ്ലാൻ ചെയ്താലോ? ഇതാ 6 കിടിലൻ സ്പോട്ടുകൾ.

ഗോവ
സുഹൃത്തുക്കൾ ഒരുമിച്ച് യാത്രകൾ ആസൂത്രണം ചെയ്യുമ്പോൾ ആദ്യം ചര്‍ച്ചയാകുന്ന സ്ഥലങ്ങളിലൊന്നാണ് ഗോവ. ബീച്ച് സെൽഫികൾ, ബാഗാ ബീച്ചിലെ സൂര്യാസ്തമയം, രാത്രി വൈകിയുള്ള കഥ പറച്ചിലുകൾ എന്നിവയെല്ലാം ആസ്വദിക്കാൻ ഗോവ അനുയോജ്യമായ ഇടമാണ്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും ഇവിടെ നിരവധി ആക്ടിവിറ്റീസ് സജ്ജമാണ്.
ഋഷികേശ്
സുഹൃത്തുക്കൾക്കൊപ്പം റിവർ റാഫ്റ്റിംഗിന് പോയാലോ? റാഫ്റ്റിംഗ്, ക്ലിഫ് ജമ്പിംഗ്, സിപ്‌ലൈനിംഗ് തുടങ്ങിയ അഡ്വഞ്ചര്‍ ആക്ടിവിറ്റീസിന് ഋഷികേശിൽ അവസരമുണ്ട്. കൂടാതെ, ഗംഗാ ആരതി, യോഗ തുടങ്ങിയവയും ഋഷികേശിന്റെ പ്രത്യേകതകളാണ്. സാഹസികത ആഗ്രഹിക്കുന്നവര്‍ക്കും സമാധാനം തേടുന്നവര്‍ക്കും ഒരുപോലെ ഋഷികേശ് യാത്ര ആസ്വദിക്കാം എന്നതാണ് സവിശേഷത.
കസോൾ
മലനിരകളിലേക്കുള്ള ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവരാണെങ്കിൽ കസോളിലേയ്ക്ക് പോകാം. പാർവതി വാലിയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം മനോഹരമായ ഹൈക്കിംഗുകൾ, ട്രാൻസ്-വൈ കഫേകൾ എന്നിവയാൽ സമ്പന്നമാണ്. നദിക്കരയിൽ വിശ്രമിച്ച് ചാലലിലേക്കോ തോഷിലേക്കോ ഹൈക്കിംഗ് നടത്താം. ചൂടുള്ള മാഗിയുടെ രുചി ആസ്വദിച്ച് പഴയ കഥകളും പറഞ്ഞ് വയറുവേദനിക്കുന്നത് വരെ ചിരിക്കാം. കസോളിലെ ദിനങ്ങൾ എക്കാലവും നിങ്ങളുടെ ഓര്‍മ്മയിൽ തങ്ങി നിൽക്കും എന്ന കാര്യത്തിൽ സംശയമില്ല.
കൂര്‍ഗ്
നല്ല കാലാവസ്ഥ, ചൂടുള്ള ഭക്ഷണം, പച്ചപ്പ് നിറഞ്ഞ കാഴ്ചകൾ തുടങ്ങിയവ സുഹൃത്തുക്കൾക്കൊപ്പം ആസ്വദിക്കാനാണ് നിങ്ങൾ താത്പ്പര്യപ്പെടുന്നതെങ്കിൽ കൂർഗ് തന്നെയാണ് പറ്റിയ സ്ഥലം. കാപ്പിത്തോട്ടങ്ങൾ, വെള്ളച്ചാട്ടങ്ങൾ, കോടമഞ്ഞ് എന്നിവയെല്ലാം ഇവിടെയുണ്ട്. ഒരു ഹോംസ്റ്റേ അല്ലെങ്കിൽ പ്ലാന്റേഷൻ വില്ല ബുക്ക് ചെയ്ത് മൂടൽമഞ്ഞുള്ള ബാൽക്കണിയിൽ സമയം ചെലവഴിക്കാം. കൂര്‍ഗിൽ നിങ്ങൾക്കും നിങ്ങളുടെ സുഹൃത്തുക്കൾക്കും പുതിയ ഓർമ്മകൾ സൃഷ്ടിക്കാനാകുമെന്ന് ഉറപ്പാണ്.
ഉദയ്പൂര്‍
യാത്രയിൽ വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഉദയ്പൂരാണ് നിങ്ങള്‍ക്ക് അനുയോജ്യമായ സ്പോട്ട്. നിങ്ങൾക്കും നിങ്ങളുടെ സംഘത്തിനും മനോഹരമായി വസ്ത്രം ധരിക്കാനും തടാകക്കരയിലെ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാനുമെല്ലാം സാധിക്കും. കൊട്ടാരങ്ങൾ, സന്ധ്യാസമയത്തെ ബോട്ട് സവാരികൾ എന്നിവ ഉദയ്പൂരിന്റെ സവിശേഷതകളാണ്. കൂടാതെ, ഇവിടെ നിങ്ങൾ പോകുന്നിടത്തെല്ലാം മികച്ച ഭക്ഷണവും ചിത്രങ്ങൾ പകര്‍ത്താൻ അനുയോജ്യമായ സ്ഥലങ്ങളും താങ്ങാനാവുന്ന വിലയിൽ താമസ സൗകര്യങ്ങളും ലഭിക്കും.
വര്‍ക്കല
ഗോവയിലേയ്ക്ക് യാത്ര ചെയ്യാൻ സമയമില്ലെങ്കിൽ നിങ്ങളുടെ ബക്കറ്റ് ലിസ്റ്റില്‍ ഉണ്ടായിരിക്കേണ്ട സ്ഥലമാണ് വര്‍ക്കല. ശാന്തമായ സായ്ഹനക്കാഴ്ചകൾ സമ്മാനിക്കുന്ന ബീച്ചാണ് വര്‍ക്കലിയുടെ ഹൈലൈറ്റ്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ മാത്രം അകലെയാണ് വര്‍ക്കല സ്ഥിതി ചെയ്യുന്നത്. മികച്ച കഫേകൾ, വൃത്തിയുള്ള ബീച്ചുകൾ, ആയുർവേദ മസാജുകൾ എന്നിവ ഇവിടെയുണ്ട്. സുഹൃത്തുക്കൾക്കൊപ്പം സീ ഫുഡ് ആസ്വദിച്ച് രാത്രി വൈകിയുള്ള സംഭാഷണങ്ങളിൽ ഏര്‍പ്പെടാൻ വര്‍ക്കലയിലേയ്ക്ക് ടിക്കറ്റെടുക്കാം.

