ഹന്നയും ചാർളിയും അവരുടെ യാത്രകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ആരോഗ്യകാര്യങ്ങളെ കുറിച്ച് അവബോധം വളർത്തുകയും ചെയ്യുന്നു.

സോഷ്യൽ മീഡിയയിൽ വൈറലായി ദമ്പതികളുടെ യാത്രകൾ. ചാർളി, ഹന്ന എന്നിവരുടെ യാത്രകളാണ് ഇപ്പോൾ വലിയ പ്രശംസ നേടുന്നത്. 15-ാം വയസിൽ മാരകമായ ഹൃദയാഘാതം നേരിട്ടയാളാണ് ചാർളി. 22-ാം വയസിൽ സ്റ്റേജ് 4 ക്യാൻസറിനോട് പൊരുതി ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ വ്യക്തിയാണ് ഹന്ന. ഇരുവരും ഒരുമിച്ച് ഇപ്പോൾ 5 വൻകരകളിലെ 50 രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു.

ഏതാനും വർഷങ്ങൾക്ക് മുമ്പ് വിവാഹനിശ്ചയത്തിന് തൊട്ടുപിന്നാലെയാണ് ഹന്നയ്ക്ക് സ്റ്റേജ് 4 നോൺ-ഹോഡ്ജ്കിൻസ് ലിംഫോമ ഉണ്ടെന്ന് കണ്ടെത്തുന്നത്. എന്നാൽ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഹന്ന കീമോതെറാപ്പിയിലൂടെ ക്യാൻസറിനെ അതിജീവിച്ചു. വെറും പതിനഞ്ച് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അപൂർവ്വ ജനിതക ഹൃദ്രോഗം മൂലം അപ്രതീക്ഷിതമായി ചാർളിയ്ക്ക് ഒരു ഹൃദയാഘാതം സംഭവിക്കുന്നത്. 22 മിനിട്ടോളം മരണത്തോട് മല്ലിട്ടാണ് അദ്ദേഹം ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നത്.

ഹന്നയുടെ കീമോതെറാപ്പി സെഷനുകൾക്കിടയിലാണ് ഇരുവരും യാത്രകൾ ആസൂത്രണം ചെയ്യുന്നത്. ഈ യാത്രകളിലൊന്നിലാണ് ഹന്നയുടെ ക്യാൻസർ ഭേ​ദമായെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. സുഖം പ്രാപിച്ചതിനുശേഷം ഇരുവരും അവർക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. ഒരുമിച്ച് യാത്ര ചെയ്ത ശേഷം ഇവർ ട്രാവൽ വ്ലോഗിം​ഗ് അവരുടെ കരിയറാക്കി മാറ്റി.

"വലിയ പ്രതിസന്ധികൾക്കിടയിൽ വെളിച്ചം കണ്ടെത്താനുള്ള ഒരു മാർഗമായാണ് ഞങ്ങൾ യാത്രകൾ ആരംഭിക്കുന്നത്. ചാർളിക്ക് 15 വയസ്സുള്ളപ്പോൾ ഹൃദയാഘാതം സംഭവിച്ചു. 22 വയസ്സുള്ളപ്പോൾ എനിക്ക് സ്റ്റേജ് 4 കാൻസർ ഉണ്ടെന്ന് കണ്ടെത്തി. ഇത്തരം സന്ദർഭങ്ങളിൽ നിങ്ങളുടെ കാഴ്ചപ്പാട് മുഴുവൻ മാറും. ഞാൻ സുഖം പ്രാപിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഞങ്ങൾ ഞങ്ങളുടെ യാത്രകൾ പ്ലാൻ ചെയ്യാൻ തുടങ്ങിയിരുന്നു. വലിയ ക്യാമറകളൊന്നുമില്ല. ഒരു ഐഫോൺ, ട്രൈപോഡ് ഇല്ല, അതിനിടയിൽ ധാരാളം ആശുപത്രി അപ്പോയിന്റ്മെന്റുകൾ. ഞങ്ങൾ 50 രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. 5 ഭൂഖണ്ഡങ്ങളിൽ സഞ്ചരിച്ചിരിക്കുന്നു. £5 വിമാനങ്ങളിൽ യാത്ര ചെയ്തു. പുതുതായി ഒരു വീട് പണിതു. എന്നാൽ, ഞങ്ങൾ ഇപ്പോഴും ഞങ്ങളുടെ ജീവിതം ചിത്രീകരിക്കുന്ന രണ്ട് ആളുകൾ മാത്രമാണ്. മറ്റൊരാൾക്ക് കുറച്ചുകൂടി ആത്മവിശ്വാസം നൽകാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്." ഹന്ന പറഞ്ഞു.

ന്യൂയോർക്ക് സിറ്റിക്ക് മുകളിലൂടെ ഹെലികോപ്റ്ററിൽ യാത്ര ചെയ്തും കാൽനടയായി മച്ചു പിച്ചു മലനിരകൾ കീഴടക്കിയും ദുബായിൽ സ്കൈഡൈവിംഗ് നടത്തിയുമെല്ലാം ഹന്നയും ചാർളിയും അവരുടെ ജീവിതം ആഘോഷിക്കുകയാണ്. കേവലം യാത്രാ വ്ലോഗുകൾ ചെയ്യുക എന്നതിലുപരിയായി ഇരുവരും ആരോഗ്യകാര്യങ്ങളെ കുറിച്ച് അവബോധം വളര്‍ത്താനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ക്യാൻസര്‍ സ്കാനുകളെ കുറിച്ചും രക്തദാനം നടത്തേണ്ടതിന്റെ ആവശ്യകതകളെ കുറിച്ചുമെല്ലാം ഇരുവരും വീഡിയോകളിൽ സംസാരിക്കാറുണ്ട്. ഹന്നയും ചാര്‍ളിയും നൽകുന്ന ട്രാവൽ ടിപ്സുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.