റിവർ ക്രൂയിസ് ടൂറിസത്തിൽ ശ്രദ്ധേയമായ വളർച്ചയാണ് ഇന്ത്യ കൈവരിക്കുന്നത്.
ദില്ലി: സ്വപ്ന പദ്ധതിയായ ക്രൂയിസ് ഭാരത് മിഷൻ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. 2027ഓടെ 14 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 51 പുതിയ ക്രൂയിസ് സര്‍ക്യൂട്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നത്. ഇന്ത്യയെ നദി അധിഷ്ഠിത ടൂറിസത്തിന്റെ ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം.
ഇന്ത്യയുടെ റിവർ ക്രൂയിസ് വിപണിയിലേയ്ക്ക് പ്രശസ്ത ക്രൂയിസ് ഓപ്പറേറ്റര്‍ കമ്പനിയായ വൈക്കിംഗ് ക്രൂയിസസ് കടന്നുവരുന്നു എന്നതാണ് പ്രധാന സവിശേഷത. 80 അതിഥികളെ ഉൾക്കൊള്ളുന്ന ആഡംബര റിവര്‍ ക്രൂയിസ് കപ്പലായ വൈക്കിംഗ് ബ്രഹ്മപുത്രയുടെ സർവീസ് 2027 അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കും. കൊൽക്കത്തയിലെ ഹൂഗ്ലി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് തദ്ദേശീയമായി വികസിപ്പിക്കുന്ന വൈക്കിംഗ് ബ്രഹ്മപുത്ര, ദേശീയ ജലപാത-2ൽ പ്രവർത്തിക്കും. ഇന്ത്യയുടെ റിവർ ക്രൂയിസ് ടൂറിസം മേഖല നേടുന്ന ആകര്‍ഷണത്തിന്റെയും നിക്ഷേപത്തിന്റെയും സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിലെ റിവര്‍ ക്രൂയിസ് ടൂറിസം മേഖല ശ്രദ്ധേയമായ വളർച്ചയാണ് കൈവരിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ദേശീയ ജലപാതകളിലെ റിവര്‍ ക്രൂയിസ് യാത്രകളുടെ എണ്ണം 2023-24ലെ 371ൽ നിന്ന് 2024-25ൽ 443 ആയി വർദ്ധിച്ചു. 19.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2013-14ൽ മൂന്ന് ജലപാതകളിലായി വെറും അഞ്ച് കപ്പലുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ 2024-25ൽ ഇത് 13 ദേശീയ ജലപാതകളിലായി 25 കപ്പലുകൾ എന്ന നിലയിലേയ്ക്ക് ഉയര്‍ന്നു. ഗംഗ, ബ്രഹ്മപുത്ര നദികളിൽ ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രത്യേക ക്രൂയിസ് ടെർമിനലുകൾ വികസിപ്പിക്കുന്നുണ്ട്. വാരണാസി, ഗുവാഹത്തി, കൊൽക്കത്ത, പട്‌ന എന്നിവിടങ്ങളിൽ മൂന്ന് ക്രൂയിസ് ടെർമിനലുകൾ ആസൂത്രണം ചെയ്തിട്ടുമുണ്ട്. വടക്ക് കിഴക്കൻ മേഖലകളിലെ സിൽഘട്ട്, ബിശ്വനാഥ് ഘട്ട്, നീമതി, ഗുയിജാൻ എന്നിവിടങ്ങളിൽ 2027ഓടെ നാല് ക്രൂയിസ് ടെർമിനലുകൾ കൂടി വികസിപ്പിക്കാനാണ് തീരുമാനം.


