2025 ജനുവരി മുതൽ ജൂൺ വരെ 54.55 ലക്ഷം വിനോദസഞ്ചാരികളാണ് ഗോവ സന്ദർശിച്ചത്. 

ദില്ലി: ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ​ഗോവ. വിദേശ വിനോദസഞ്ചാരികളും ​ഗോവയിലേയ്ക്ക് ധാരാളമായി എത്താറുണ്ട്. ഇപ്പോൾ ഇതാ ഈ വർഷം ​ഗോവയിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിലെ അമ്പരപ്പിക്കുന്ന കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് സംസ്ഥാന ടൂറിസം വകുപ്പ്.

2025 ജനുവരി മുതൽ ജൂൺ വരെ 54.55 ലക്ഷം ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരികളാണ് ​ഗോവയിലെത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 51.84 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളും 2.71 ലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികളും ഉൾപ്പെടുന്നു. റെക്കോർഡ് വർദ്ധനവാണിതെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. ജനുവരിയിലാണ് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ ​ഗോവയിലെത്തിയത്. ഇതിൽ 9.86 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളും 70,000 ത്തോളം അന്താരാഷ്ട്ര വിനോദസഞ്ചാരികളുമുണ്ട്. ഫെബ്രുവരിയിൽ 9.05 ലക്ഷം വിനോദസഞ്ചാരികളാണ് എത്തിയത്. ഇതിൽ 8.44 ലക്ഷം ഇന്ത്യയിൽ നിന്നുള്ളവരും 61,000 ത്തിലധികം അന്താരാഷ്ട്ര വിനോദസഞ്ചാരികളുമാണ്. മാർച്ചിൽ 8.89 ലക്ഷം വിനോദസഞ്ചാരികൾ ​ഗോവയിലെത്തി. ഇതിൽ 8.32 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളാണ്. ഏകദേശം 56,000 അന്താരാഷ്ട്ര വിനോദസഞ്ചാരികളും ഉൾപ്പെടുന്നു.

ഏപ്രിലിൽ 8.14 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളും 28,000 അന്താരാഷ്ട്ര വിനോദസഞ്ചാരികളും ഉൾപ്പെടെ 8.42 ലക്ഷം വിനോദസഞ്ചാരികൾ ​ഗോവയിലെത്തിയിട്ടുണ്ട്. മെയ് മാസത്തിൽ 9.27 ലക്ഷം വിനോദസഞ്ചാരികളാണ് എത്തിയത്. ഇതിൽ 8.97 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളും ഏകദേശം 30,000 വിദേശ സഞ്ചാരികളും ഉൾപ്പെടുന്നു. ജൂണിൽ ആകെ 8.34 ലക്ഷം സഞ്ചാരികളാണ് എത്തിയത്. ഇതിൽ 8.08 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളും ഏകദേശം 25,000 അന്താരാഷ്ട്ര വിനോദസഞ്ചാരികളും ഉൾപ്പെടുന്നുവെന്ന് സംസ്ഥാന ടൂറിസം വകുപ്പ് വക്താവ് പറഞ്ഞു.

അതേസമയം, ഗോവയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഫലമായാണ് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനവുണ്ടായതെന്ന് ടൂറിസം ഡയറക്ടർ കേദാർ നായിക് പറഞ്ഞു. വിമാനത്താവള സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും ആധുനികവൽക്കരിക്കുന്നതിലും ഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലും പുതിയ ഹോട്ടലുകളും റിസോർട്ടുകളും വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചെന്നും ഇതെല്ലാം സഞ്ചാരികളെ ആകർഷിക്കാൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.