രാജ്യത്ത് ആദ്യമായി കേരളം സാംസ്കാരിക ടൂറിസം പോളിസി നടപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു. സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ നടന്ന ഔട്ട്‌ലുക്ക് ട്രാവലർ അവാർഡ്ദാന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കോഴിക്കോട്: രാജ്യത്ത് ആദ്യമായി കേരളം സാംസ്കാരിക ടൂറിസം പോളിസി നടപ്പാക്കുകയാണെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വടകര ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ സംഘടിപ്പിച്ച ഔട്ട്‌ലുക്ക് റെസ്പോൺസിബിൾ ടൂറിസം കൾച്ചർ ആൻഡ് ഹെറിറ്റേജ് 2025 അവാർഡ്ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്കാരം ചില്ലുകൾക്കകത്ത് പൂട്ടിവെക്കേണ്ടതല്ല, അത് പങ്കുവെക്കേണ്ടതും ആഘോഷിക്കപ്പെടേണ്ടതുമാണ്. ഓണക്കാലത്ത് ഓരോ തെരുവുകളും കലാകാരന്മാർക്ക് വേദികളായെന്നും ലോകമെമ്പാടുമുള്ള സഞ്ചാരികൾ കേരളത്തെ ആസ്വദിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അവാർഡിന് അർഹരായ സ്ഥാപനങ്ങളെയും വ്യക്തികളെയും ജൂറി ചെയർമാനും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണു പ്രഖ്യാപിച്ചു. ഒമ്പത് വിഭാഗങ്ങളിലായി 47 പേർ അവാർഡിന് അർഹരായി. അവാർഡ് ജേതാക്കൾക്കുള്ള ഉപഹാരവും സാക്ഷ്യപത്രവും മന്ത്രി മുഹമ്മദ് റിയാസ് സമർപ്പിച്ചു.


