രാജ്യതലസ്ഥാനമായ ദില്ലിയിൽ സാഹസിക ടൂറിസത്തിന് പുത്തനുണര്‍വ് നൽകാൻ ഹോട്ട് എയർ ബലൂൺ റൈഡുകൾ ആരംഭിക്കുന്നു. നവംബർ 29 മുതൽ 120 അടി ഉയരത്തിൽ ഈ ആകാശയാത്ര ആസ്വദിക്കാം.
ദില്ലി: സിനിമകളിൽ കാണാറുള്ള ഹോട്ട് എയർ ബലൂൺ റൈഡ് രാജ്യതലസ്ഥാനമായ ദില്ലിയിൽ ഒരുങ്ങുന്നു. നവംബർ 29 ശനിയാഴ്ച ദില്ലിയിൽ ആദ്യമായി ഹോട്ട് എയർ ബലൂൺ റൈഡുകൾ ആരംഭിക്കും. ദില്ലി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. ദില്ലിയുടെ സാഹസിക ടൂറിസം രംഗത്ത് ഒരു പ്രധാന ചുവടുവെയ്പ്പായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.
നവംബർ 25ന് ബാൻസേര പാർക്കിൽ നടന്ന ഹോട്ട് എയർ ബലൂൺ റൈഡിന്റെ വിജയകരമായ പരീക്ഷണത്തിൽ ദില്ലി ഗവർണർ പങ്കെടുത്തിരുന്നു. ദില്ലിയിലെ ആദ്യത്തെ ഹോട്ട് എയർ ബലൂൺ റൈഡുകളുടെ പരീക്ഷണങ്ങൾ യമുനയിലെ ഡിഡിഎയുടെ ബാൻസേര പാർക്കിൽ വിജയകരമായിരുന്നുവെന്ന് ഗവർണർ പറഞ്ഞു. കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചാണ് റൈഡ് നടത്തുകയെന്നും ലൈസൻസുള്ള പ്രൊഫഷണൽ കമ്പനിയാണ് ഈ സേവനം നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.
നവംബർ 29 മുതൽ ദില്ലിയിലെത്തുന്നവർക്ക് ഹോട്ട് എയർ ബലൂണുകളിൽ ചുറ്റിക്കറങ്ങാം. യമുന നദീതീരത്ത് നിന്ന് 120 അടി വരെ ഉയരത്തിൽ 15-20 മിനിറ്റാണ് പനോരമിക് റൈഡ് ആസ്വദിക്കാൻ സാധിക്കുക. യമുനയുടെ സമീപ പ്രദേശങ്ങളെ ഒരു വിനോദ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായാണ് ദില്ലി ഡെവലപ്മെന്റ് അതോറിറ്റി (ഡിഡിഎ) ഹോട്ട് എയർ ബലൂൺ റൈഡ് ആരംഭിക്കുന്നത്. വിവിധ പ്രദേശങ്ങളിൽ സൈക്ലിംഗ് ട്രാക്കുകൾ, നേച്ചർ വാക്കിനുള്ള പാതകൾ, ബോട്ടിംഗ് എന്നിവ ഇതിനോടകം തന്നെ സജ്ജമാക്കിയിട്ടുണ്ട്. ഹോട്ട് എയർ ബലൂണുകൾ സുരക്ഷിതമായി ബന്ധിപ്പിച്ചിരിക്കും. ഇത് ആദ്യമായി ഈ റൈഡിൽ കയറുന്നവർക്ക് പോലും സുരക്ഷിതമായ അനുഭവം സമ്മാനിക്കുമെന്ന് അധികൃതർ അറിയിച്ചു.
റൈഡിന്റെ വിവരങ്ങൾ ചുരുക്കത്തിൽ
- നിരക്ക്: ഒരാൾക്ക് 3,000 രൂപ + ടാക്സ്
- ദൈർഘ്യം: 15–20 മിനിറ്റ്
- ഒരു റൈഡിൽ ഏകദേശം 4 പേർ
- ദിവസേന രണ്ട് സ്ലോട്ടുകൾ: രാവിലെയും വൈകുന്നേരവും (കാലാവസ്ഥയെ ആശ്രയിച്ച്)
- സമയം: രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ റൈഡുകൾ പ്രവർത്തിക്കും.
പ്രധാന കാഴ്ചകൾ
- അക്ഷർധാം ക്ഷേത്രം
- സിഗ്നേച്ചർ ബ്രിഡ്ജ്
- യമുന നദീതീരം
- അതിമനോഹരമായ പ്രഭാതവും അസ്തമയ കാഴ്ചകളും ഒരുപോലെ ആസ്വദിക്കാം.


