പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾക്ക് പുറമെ ചോറ്റാനിക്കര ദേവി ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളും സന്ദ‍‍ര്‍ശിക്കും. 

കണ്ണൂര്‍: കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥയാത്ര സംഘടിപ്പിക്കുന്നു. സെപ്റ്റംബർ രണ്ടിന് പുലർച്ചെ അഞ്ച് മണിയോടെ പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് സെപ്റ്റംബർ നാലിന് പുലർച്ചെ തിരിച്ചെത്തും. പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾക്ക് പുറമെ ചോറ്റാനിക്കര ദേവി ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, മണ്ണാറശാല നാഗരാജ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളും ആറന്മുള വള്ള സദ്യയും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്കാണ് അവസരം. ഫോൺ: 9495403062, 9745534123.

നെഹ്റു ട്രോഫി വള്ളംകളി കാണാനും കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍ അവസരമൊരുക്കുന്നുണ്ട്. വളളം കളിയുടെ ആവേശം അനുഭവിച്ചറിയാൻ കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന കായല്‍ ജലോത്സവത്തിൽ പങ്കെടുക്കാൻ സാധിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ. വളളംകളിയുടെ ടിക്കറ്റ് സഹിതം കെ.എസ്.ആർ.ടി.സി യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നെഹ്രു ട്രോഫിയുടെ റോസ് കോര്‍ണര്‍,വിക്ടറി ലൈന്‍ എന്നീ കാറ്റഗറിയിലാണ് പ്രവേശനം.

ആലപ്പുഴയില്‍ നേരിട്ട് എത്തുന്നവര്‍ക്ക് നെഹ്രു ട്രോഫി വളളം കളി കാണാൻ പാസ്സ് എടുക്കാനായി പ്രത്യേക കൗണ്ടര്‍ ആലപ്പുഴ ഡിപ്പോയില്‍ പ്രവർത്തനം ആരംഭിക്കും. എല്ലാ തരം പാസ്സുകളും ഇവിടെ നിന്നും ലഭ്യമാകും.2022ല്‍ 1,75,100/- രൂപയുടെ ടിക്കറ്റുകളും, 2023ല്‍ 2,99,500 /-രൂപയുടെ ടിക്കറ്റുകളും കെ.എസ്.ആ‍ർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍ മുഖേന വില്‍ക്കുവാന്‍ കഴിഞ്ഞു. മുണ്ടക്കൈ ദുരന്തത്തിന് ശേഷം മാറ്റി വെച്ച 2024ലെ വളളംകളി ടിക്കറ്റ് വില്‍പന 1,16,500 നേടി.

9846475874 എന്ന നമ്പറിലേക്ക് പേര്, ഏത് കാറ്റഗറിയിലുളള പാസ്, എത്ര പേര്‍ക്ക് എന്ന വിവരം വാട്ട്സ് ആപ്പ് മെസ്സേജ് അയക്കണം. ആലപ്പുഴ ഡിപ്പോയിലെ ബഡ്ജറ്റ് ടൂറിസം സെല്ലിന്‍റെ ക്യൂ ആര്‍ കോഡിലേക്ക് ഓൺലൈനായി പണമടച്ചും ടിക്കറ്റ് സ്വന്തമാക്കാവുന്നതാണ്. ഈ ടിക്കറ്റുകൾ വള്ളംകളി നടക്കുന്ന 2025 ഓഗസ്റ്റ് 30നോ, മുന്‍ ദിനമോ ആലപ്പുഴ കെ.എസ്.ആ‍ർ.ടി.സി ഡിപ്പോയിലെ സ്പെഷ്യല്‍ കൗണ്ടറിൽ നിന്ന് കൈപ്പറ്റാം.