ക്രിസ്മസ് അവധിക്കാലം ആഘോഷിക്കാൻ 4-5 ദിവസങ്ങൾ ഉണ്ടെങ്കിൽ മൂന്നാറും തേക്കടിയും വാഗമണ്ണും കണ്ട്, തണുപ്പും കോടമഞ്ഞും ആസ്വദിച്ച് ഒരു അവിസ്മരണീയമായ യാത്ര നടത്താം. 

ക്രിസ്മസ് അവധി അടുത്തതോടെ പലരും യാത്രകൾ പ്ലാൻ ചെയ്യുന്ന തിരക്കിലാണ്. കേരളത്തിൽ തന്നെ അവധി ആഘോഷിക്കണോ അതോ പുറത്തേയ്ക്ക് പോകണോ എന്നായിരിക്കും മിക്കവരുടെയും സംശയം. കേരളത്തിൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് നിരവധി ഓപ്ഷനുകളുണ്ട്. കോട്ടയം, ആലപ്പുഴ, കൊച്ചി, മൂന്നാര്‍, തേക്കടി, വയനാട് അങ്ങനെ പ്രകൃതിരമണീയമായ നിരവധി സ്ഥലങ്ങളിലേയ്ക്ക് യാത്രകൾ പ്ലാൻ ചെയ്യാവുന്നതാണ്.

തണുപ്പും, കോടമഞ്ഞും, പ്രകൃതിയുടെ ശാന്തതയും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു പ്ലാനാണ് ഇനി പറയാൻ പോകുന്നത്. 4-5 ദിവസങ്ങൾ നിങ്ങള്‍ക്ക് ചെലവഴിക്കാൻ ഉണ്ടെങ്കിൽ മൂന്നാര്‍ - തേക്കടി - വാഗമൺ എന്നീ സ്ഥലങ്ങള്‍ ഒരുമിച്ച് സന്ദര്‍ശിക്കാം. ആദ്യ രണ്ട് ദിവസങ്ങൾ മൂന്നാറിൽ തങ്ങാം. തേയിലത്തോട്ടങ്ങൾ, മാട്ടുപ്പട്ടി ഡാം, ഇരവികുളം ദേശീയോദ്യാനം (രാജമല), എക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ എന്നിവിടങ്ങളിലെ കാഴ്ചകൾ കണ്ട് തണുപ്പും കോടമഞ്ഞും നിറഞ്ഞ ക്രിസ്മസ് കാലാവസ്ഥ ആസ്വദിച്ച് പള്ളികളിലെ പ്രത്യേക പ്രാർത്ഥനകളിൽ പങ്കെടുക്കാം.

മൂന്നാം ദിനം തേക്കടിയിലെത്തുന്ന രീതിയിൽ വേണം യാത്ര പ്ലാൻ ചെയ്യാൻ. രണ്ട് ദിവസം തേക്കടിയിൽ ചെലവഴിക്കാം. പെരിയാർ വന്യജീവി സങ്കേതം തന്നെയാണ് തേക്കടിയിലെ പ്രധാന ആകര്‍ഷണം, ഇവിടുത്തെ ബോട്ടിംഗ് പറഞ്ഞറിയിക്കാൻ പറ്റുന്നതിനേക്കാൾ മനോഹരമാണ്. കൂടാതെ, സുഗന്ധവ്യഞ്ജന തോട്ടങ്ങളും (സ്പൈസ് പ്ലാന്റേഷൻ ടൂർ) സന്ദർശിക്കാം. വൈൽഡ് ലൈഫ് പൂർണമായ തോതിൽ ആസ്വദിക്കാൻ ആഗ്രഹമുള്ളവർക്ക് തേക്കടിയേക്കാൾ മികച്ച മറ്റൊരു ഓപ്ഷനുണ്ടാകില്ലെന്ന് തന്നെ പറയാം. മനോഹരമായ ഭൂപ്രകൃതിയും മലനിരകളും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളും നിറഞ്ഞ ഈ പ്രദേശം ട്രെക്കിംഗിനും പ്രസിദ്ധമാണ്.

നാലാം ദിനം വൈകുന്നേരമോ അഞ്ചാം ദിനം രാവിലെയോ വാഗമണ്ണിലെത്താം. ഡിസംബറിൽ വാഗമണ്ണിന്റെ പ്രകൃതി ഭംഗി അതിമനോഹരമാണ്. മൊട്ടക്കുന്നുകൾ, പൈൻ ഫോറസ്റ്റുകൾ, പുൽമേടുകൾ തുടങ്ങിയ കാഴ്കൾ കണ്ട് തണുപ്പുള്ള ക്രിസ്മസ് വൈബ് ആസ്വദിക്കാം. സാഹസികത താത്പ്പര്യമുള്ളവർക്കായി നിരവധി അഡ്വഞ്ചർ ആക്ടിവിറ്റീസും വാ​ഗമണ്ണിലുണ്ട്. വാഗമണ്ണിലെ അഡ്വഞ്ചർ പാർക്കിലെത്തിയാൽ ഗ്ലാസ് ബ്രിഡ്ജിലും കയറാം. സമയം കുറവാണെങ്കിൽ വാഗമൺ ഒഴിവാക്കാം. ആകെ 4 ദിവസം കൊണ്ട് ട്രിപ്പ് അവസാനിപ്പിക്കുകയും ചെയ്യാം.