ഊട്ടിയും കൊടൈക്കനാലുമല്ലാതെ പ്രകൃതി ഒളിപ്പിച്ചുവെച്ച വിസ്മയക്കാഴ്ചകളുള്ള ഹിൽ സ്റ്റേഷനുകൾ വേറെയുമുണ്ട്. 

ദക്ഷിണേന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് തമിഴ്നാട്ടിലെ ഊട്ടിയും കൊടൈക്കനാലും. പതിവായി മലയാളികൾ കൂടുതലായി എത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ കൂടിയാണിവ. എന്നാൽ, ഊട്ടിയും കൊടൈക്കനാലുമല്ലാതെ പ്രകൃതി ഒളിപ്പിച്ചുവെച്ച വിസ്മയക്കാഴ്ചകളുള്ള ഹിൽ സ്റ്റേഷനുകൾ തമിഴ്നാട്ടിൽ വേറെയുമുണ്ട്. ഒന്ന് വഴിമാറി സഞ്ചരിച്ചാൽ നിങ്ങൾക്ക് മറക്കാനാകാത്ത അനുഭവങ്ങൾ സമ്മാനിക്കുന്ന 5 ഹിൽ സ്റ്റേഷനുകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

യേര്‍ക്കാഡ്

തമിഴ്നാടൻ മലനിരകളുടെ റാണി എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷനാണ് യേർക്കാഡ്. 'പാവപ്പെട്ടവന്റെ ഊട്ടി' എന്ന വിശേഷണവും യേർക്കാഡിനുണ്ട്. എന്നാൽ, കാഴ്ചകളുടെ കാര്യത്തിൽ ഇവിടം റിച്ചാണ്. മൂടൽമഞ്ഞ് ഉരുണ്ടുകയറുന്ന പ്രഭാതം, ഇടതൂർന്ന് നിൽക്കുന്ന വനങ്ങൾ, പഴയകാലത്തിന്റെ മനോഹാരിത, ശാന്തമായ തടാകങ്ങൾ, ഇരമ്പുന്ന വെള്ളച്ചാട്ടങ്ങൾ എന്നിവ യേര്‍ക്കാഡിന്റെ സവിശേഷതകളാണ്. മനോഹരമായ വ്യൂ പോയിന്റുകളും യേർക്കാഡിലുണ്ട്.

യേലഗിരി

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1410 മീറ്റര്‍ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിൽ സ്റ്റേഷനാണ് യേലഗിരി. ട്രെക്കിംഗിനും പാരാഗ്ലൈഡിംഗിനും റോക്ക് ക്ലൈമ്പിംഗിനുമെല്ലാം അനുയോജ്യമായ സ്പോട്ടാണിത്. നാല് മലനിരകളുടെ നടുവിൽ സ്ഥിതി ചെയ്യുന്ന യേലഗിരി വർഷം മുഴുവനും സുഖകരമായ കാലാവസ്ഥ പ്രദാനം ചെയ്യുന്നു. വളഞ്ഞുപുളഞ്ഞ ചുരം റോഡും 14 ഹെയർപിൻ വളവുകളും താണ്ടിവേണം യേലഗിരിയിലേക്ക് എത്താൻ.

വാൽപ്പാറ

തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ സ്ഥലമാണ് വാൽപ്പാറ. മലയാളികൾക്ക് സുപരിചിതമായ സ്പോട്ടുകൂടിയാണ് വാൽപ്പാറ. പ്രകൃതി ഭംഗി ആസ്വദിക്കുന്നതിന് പുറമെ വാൽപ്പാറയിലേയ്ക്കുള്ള യാത്രയാണ് ഏറ്റവും വലിയ ആകർഷണം. അതിരപ്പിള്ളിയും വാഴച്ചാലും കണ്ട ശേഷം മലക്കപ്പാറയിലെത്താം. മലക്കപ്പാറ അതിർത്തി കഴിഞ്ഞാൽ വാൽപ്പാറയിലെത്തി. തേയില തോട്ടങ്ങളും കോടമഞ്ഞും തണുപ്പുമാണ് വാൽപ്പാറ സഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്നത്.

മേഘമല

പ്രകൃതി സൌന്ദര്യത്തിന്റെ കാര്യത്തിൽ കേരളത്തിന്റെ സ്വന്തം മൂന്നാറിനോട് കിടപിടിക്കുന്ന തമിഴ്നാട്ടിലെ മനോഹരമായ സ്ഥലമാണ് മേഘമല. എവിടെ നോക്കിയാലും പച്ചപ്പും കോടമഞ്ഞുമെല്ലാം കാണണമെങ്കിൽ മേഘമലയിലേയ്ക്ക് പോകാം. തേയിലത്തോട്ടങ്ങളും ഹരിതാഭമായ മലനിരകളുമാണ് മേഘമലയിലെ പ്രധാന കാഴ്ചകൾ. ഓരോ സീസണിലും മേഘമലയുടെ ഭംഗി വ്യത്യസ്തമായതിനാൽ ഒരിക്കൽ പോകുന്നവർ വീണ്ടും ഇവിടേയ്ക്ക് എത്താൻ ആഗ്രഹിക്കുമെന്ന് ഉറപ്പാണ്.

കൂനൂര്‍

ഊട്ടിയോട് ചേര്‍ന്നുകിടക്കുന്ന അതിമനോഹരമായ സ്ഥലമാണ് കൂനൂര്‍. സമുദ്രനിരപ്പിൽ നിന്ന് 1850 മീറ്റര്‍ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൂനൂര്‍ ഉറങ്ങാത്ത താഴ്വര എന്നാണ് അറിയപ്പെടുന്നത്. ടൂറിസ്റ്റുകളുടെ നിലയ്ക്കാത്ത പ്രവാഹം തന്നെയാകാം ഇതിന് കാരണം. നീലഗിരി മൗണ്ടൻ റെയിൽവേ, തേയിലത്തോട്ടങ്ങൾ, ഹോം മെയ്ഡ് ചോക്ലേറ്റുകൾ, പൂന്തോട്ടങ്ങൾ എന്നിവയാണ് കൂനൂര്‍ സഞ്ചാരികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.