മൂന്നാറിലേക്കുള്ള യാത്രയിൽ ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ എന്നിവ പ്രധാന ആകർഷണങ്ങളാണ്. 

ഇടുക്കി: കേരളത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേയ്ക്കുള്ള യാത്ര സഞ്ചാരികൾക്ക് എന്നും ഹരമാണ്. മൂന്നാറിലേയ്ക്ക് എത്തുന്നതിന് മുമ്പ് നിരവധി കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. അവയിൽ ഏറ്റവും പ്രധാനം ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങളാണ്.

ഇടുക്കി ജില്ലയിലെ നേരിയമംഗലത്തിനും അടിമാലിക്കും ഇടയിലാണ് ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്നത്. മൂന്നാറിലേക്ക് പോകുന്ന വിനോദസഞ്ചാരികൾ ഇവിടങ്ങളിൽ വാഹനം നിർത്തി കാഴ്ചകൾ ആസ്വദിച്ച ശേഷം മാത്രമേ യാത്ര പുനരാരംഭിക്കാറുള്ളൂ. വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള പ്രദേശം അപൂർവയിനം സസ്യങ്ങളുടെയും ജന്തുക്കളുടെയും ആവാസ കേന്ദ്രമായതിനാൽ ഇത് ഒരു പരിസ്ഥിതി ടൂറിസം കേന്ദ്രമായാണ് കണക്കാക്കപ്പെടുന്നത്.

1000 അടി ഉയരത്തിൽ നിന്ന് പാറക്കെട്ടുകളിലൂടെ താഴേക്ക് വെള്ളം താഴേക്ക് പതിക്കുന്ന മനോഹരമായ കാഴ്ചയാണ് ചീയപ്പാറ വെള്ളച്ചാട്ടം സഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്നത്. ഏഴ് തട്ടുകളുള്ള വെള്ളച്ചാട്ടമാണ് ചീയപ്പാറ. തൊട്ടടുത്ത് നിന്ന് വെള്ളച്ചാട്ടം കാണാം എന്നതാണ് പ്രധാന സവിശേഷത. അതേസമയം, പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന ദേവിയാർ നദിയിലെ വെള്ളച്ചാട്ടങ്ങളുടെ ശൃംഖലയുടെ ഭാഗമായ നിരവധി ചെറിയ വെള്ളച്ചാട്ടങ്ങൾക്കിടയിലാണ് വാളറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മൂടൽമഞ്ഞിൽ മുങ്ങി നിൽക്കുന്ന വാളറ വെള്ളച്ചാട്ടത്തിന്റെ ഭം​ഗി പറഞ്ഞറിയിക്കാൻ കഴിയില്ല. വേനൽക്കാലത്ത് ഇവിടെ വെള്ളത്തിന്റെ അളവ് കുറവായിരിക്കും.

ട്രെക്കിംഗും ഫോട്ടോഗ്രാഫിയും

ഇടുക്കി ജില്ലയിലെ ഏറ്റവും പ്രശസ്തമായ ട്രെക്കിംഗ് സ്പോട്ടുകളാണ് ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ. ഇടതൂർന്ന വനങ്ങൾക്കിടയിൽ നിങ്ങൾക്ക് ട്രെക്കിംഗ് നടത്താം. നിരവധി വ്യത്യസ്ത ഇനം മൃഗങ്ങളെയും പക്ഷികളെയും ട്രെക്കിം​ഗിനിടെ കാണാൻ കഴിഞ്ഞേക്കും. പ്രകൃതി നടത്തവും റോക്ക് ക്ലൈംബിം​ഗ് ആക്ടിവിറ്റീസും ഇവിടെ സംഘടിപ്പിക്കാറുണ്ട്. ഫോട്ടോ​ഗ്രാഫർമാർക്കും ഏറെ അവസരങ്ങൾ നൽകുന്ന മേഖലകളാണിത്.

പ്രാദേശിക ഭക്ഷണം

വെള്ളച്ചാട്ടങ്ങൾക്ക് സമീപത്തായി ഭക്ഷണ വിൽപ്പനക്കാർ സജ്ജീകരിച്ച സ്റ്റാളുകളിൽ നിന്ന് പ്രാദേശിക വിഭവങ്ങളുടെ സ്വാദ് ആസ്വദിക്കാൻ സഞ്ചാരികൾക്ക് അവസരമുണ്ട്. താൽക്കാലിക സ്റ്റാളുകളിൽ ചൂടുള്ള ചായ, കാപ്പി, മറ്റ് രുചികരമായ ലഘുഭക്ഷണങ്ങൾ എന്നിവ വിൽക്കുന്നുണ്ട്. ഇളം തേങ്ങാവെള്ളം, പൈനാപ്പിൾ, തണ്ണിമത്തൻ എന്നിവയും ഇവിടങ്ങളിൽ വിൽക്കാറുണ്ട്.

എങ്ങനെ എത്തിച്ചേരാം

ബസ് മാർ​ഗം

1. നേര്യമംഗലം ബസ് സ്റ്റാൻഡ്, ഏകദേശം 12 കിലോമീറ്റർ അകലെ

2. അടിമാലി ബസ് സ്റ്റാൻഡ്, ഏകദേശം 18 കിലോമീറ്റർ അകലെ

വിമാന മാർ​ഗം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ഏകദേശം 62.3 കിലോമീറ്റർ അകലെ

ട്രെയിൻ മാർ​ഗം

ആലുവ റെയിൽവേ സ്റ്റേഷൻ, ഏകദേശം 64 കിലോമീറ്റർ അകലെ.