മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ പുതിയ 360 ഡിഗ്രി സൂപ്പർ റിയാലിറ്റി തീയേറ്റർ തയ്യാറായി. 

മൂന്നാർ: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് വിനോദത്തോടൊപ്പം സാഹസികതയും ഒരുമിച്ചനുഭവിക്കാനുളള ഡോം തീയേറ്റർ ഒരുക്കിയിരിക്കുകയാണ് ടൂറിസം വകുപ്പ്. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിലാണ് 360 ഡിഗ്രി സൂപ്പർ റിയാലിറ്റി തിയേറ്റർ തയ്യാറാക്കിയിരിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുളള തീയേറ്ററിലെ കാഴ്ചയുടെ വിശേഷങ്ങളറിയാം.

ദിനോസറുകൾക്കൊപ്പം പടവെട്ടി ഒരു സാഹസിക യാത്ര. അതും ജീവൻ കയ്യിൽപ്പിടിച്ച്. അല്ലെങ്കിൽ അലാവുദ്ദീൻ്റെ കൂടെ, ആകാശത്തിലൂടെ സമുദ്രങ്ങൾ താണ്ടാം. ഒരൽപ്പനേരം ഇങ്ങനെ സ്വപ്ന ലോകത്തുകൂടി സഞ്ചരിക്കാൻ താത്പര്യമുണ്ടെങ്കിൽ മൂന്നാറിലെ ബോട്ടാണിക്കൽ ഗാർ‍‍ഡനിലെത്തിയാൽ മതി. തീയേറ്ററിനുള്ളിൽ പൂർണമായി നിറഞ്ഞു നിൽക്കുന്ന സ്ക്രീനിലാണ് പ്രദ‍ർശനം. 360 ഡിഗ്രിയിലും ദൃശ്യവിസ്മയം. 3 ഡി കണ്ണടകൾ ഇല്ലാതെ തന്നെ ദൃശ്യങ്ങൾ ആസ്വദിക്കാനാവുമെന്നതാണ് പ്രത്യേകത.

ഡിറ്റിപിസിയും സ്വകാര്യ സംരംഭകരും ചേർന്ന് 80 ലക്ഷം രൂപ ചെലവിട്ടാണ് തീയേറ്റർ നിർമിച്ചിരിക്കുന്നത്. ബോട്ടാണിക്കൽ ഗാർഡനിൽ ഒരുക്കുന്ന ഗ്ലാസ് വാച്ച് ടവറിൻ്റെ നിർമാണം കൂടി പൂർത്തിയാകുന്നതോടെ, വിനോദ സഞ്ചാരികൾ കൂടുതൽ ആകർഷിക്കപ്പെടുമെന്നാണ് ടൂറിസം വകുപ്പിൻ്റെ പ്രതീക്ഷ.

മൂന്നാര്‍ ഇനി വെറേ ലെവല്‍ ! സഞ്ചാരികള്‍ക്കായി ഡോം തിയേറ്ററും