മോഡലിംഗും യാത്രകളുമെല്ലാം ഇഷ്ടപ്പെടുന്ന സാറ സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ഏവർക്കും സുപരിചിതയാണ്. മെഡിക്കൽ ബിരുദം പൂർത്തിയാക്കിയ സാറ സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. മോഡലിംഗും യാത്രകളും ഒരുപോലെ ഇഷ്ടപ്പെടുന്ന സാറയെ അടുത്തിടെ ഓസ്ട്രേലിയയുടെ ടൂറിസം ബ്രാൻഡ് അംബാസഡറായി നിയമിച്ചിരുന്നു. പതിവായി യാത്രകൾ ചെയ്യാറുള്ള സാറ തന്റെ യാത്രകളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. സാറ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുമുണ്ട്. അത്തരത്തിൽ സാറയ്ക്ക് ഇഷ്ടമുള്ള ചില അന്താരാഷ്ട്ര ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ ഏതൊക്കെയാണെന്ന് നോക്കാം.
ദുബായ്

ആഡംബര ഷോപ്പിംഗ്, മരുഭൂമിയിലെ സാഹസികതകൾ, ആരോഗ്യ പരിപാലനം എന്നിവ ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ദുബായ്. ദുബായ് മാൾ മുതൽ ബുർജ് ഖലീഫ വരെ നിരവധി കാഴ്ചകളാണ് ദുബായ് സഞ്ചാരികൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്. ദുബായിലെ പൈലേറ്റ്സ് സെഷനുകളിൽ സാറ പങ്കെടുക്കാറുണ്ട്. രാത്രികാല സാഹസികതകൾക്കും ആരോഗ്യപരിപാലനത്തിനും ദുബായ് മികച്ച ഓപ്ഷനാണ്.
ഓസ്ട്രേലിയ

സാറയുടെ യാത്രാ ലിസ്റ്റിൽ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്താണ് എന്ന കാര്യത്തിൽ അതിശയിക്കാനില്ല. ചെറുപ്പത്തിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലേക്കുള്ള പതിവ് സന്ദർശനങ്ങളെക്കുറിച്ച് സാറ പലപ്പോഴും പറഞ്ഞിട്ടുണ്ട്. സ്നോർക്കെല്ലിംഗ് മുതൽ സർഫിംഗ് വരെ ഓസ്ട്രേലിയ നൽകുന്ന വൈവിധ്യമാർന്ന അനുഭവങ്ങൾ സാറ പരമാവധി ആസ്വദിക്കാറുണ്ട്.
ബാലി

"വെക്കേഷൻ മോഡ് ഓൺ" എന്ന് പറയുന്ന ഒരു സ്ഥലമുണ്ടെങ്കിൽ അത് ബാലി ആണ്. സാറ ശാന്തമായ അവധിക്കാലം ആസ്വദിക്കാൻ ബാലി തെരഞ്ഞെടുക്കാറുണ്ട്. സമൃദ്ധമായ റൈസ് ടെറസുകൾ, യോഗ റിട്രീറ്റുകൾ, പ്രശസ്തമായ ഇൻഫിനിറ്റി പൂളുകൾ എന്നിവയാൽ ബാലി സഞ്ചാരികളെ ആകർഷിക്കുന്നു.
ബുഡാപെസ്റ്റ്

ബുഡാപെസ്റ്റിനെ 'കിഴക്കിന്റെ പാരീസ്' എന്നാണ് വിളിക്കാറുള്ളത്. അതിശയകരമായ വാസ്തുവിദ്യ, തിരക്കേറിയ നൈറ്റ് ലൈഫ്, ഐക്കണിക് തെർമൽ ബാത്ത് എന്നിവയാൽ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി മാറുകയാണ് ബുഡാപെസ്റ്റ്. സാറ തന്റെ 25-ാം ജന്മദിനം ബുഡാപെസ്റ്റിലാണ് ആഘോഷിച്ചത്. തെർമൽ ബാത്ത് ഏരിയ, പ്രശസ്തമായ ഭക്ഷണ കേന്ദ്രങ്ങൾ, മറ്റ് രസകരമായ ഓർമ്മകൾ എന്നിവയെക്കുറിച്ച് സാറ സോഷ്യൽ മീഡിയയിൽ കൗതുകകരമായ അനുഭവങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.


