മലപ്പുറം ജില്ലയിലെ കൊടികുത്തിമല, 'മലപ്പുറത്തിന്റെ ഊട്ടി' എന്നാണ് അറിയപ്പെടുന്നത്. ബ്രിട്ടീഷുകാർ പതാക ഉയർത്തിയ ഈ കുന്നിൻ പ്രദേശം വടക്കൻ കേരളത്തിലെ മികച്ച ഒരു വാരാന്ത്യ കേന്ദ്രമാണ്.

പച്ചപ്പു നിറഞ്ഞ താഴ്‌വരകൾ, സ്ഫടികം പോലെ തെളിഞ്ഞ വെള്ളച്ചാട്ടങ്ങൾ, മൂടൽമഞ്ഞുള്ള അന്തരീക്ഷം... ഇങ്ങനെയൊരു യാത്ര ആണോ നിങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ മലപ്പുറം ജില്ലയിലെ കൊടികുത്തിമലയിലേക്ക് സ്വാഗതം. സമുദ്രനിരപ്പിൽ നിന്ന് 522 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിൽ സ്റ്റേഷനാണ് കൊടികുത്തിമല. 'മലപ്പുറത്തിന്റെ ഊട്ടി' എന്നും ഇവിടം അറിയപ്പെടുന്നുണ്ട്.

വടക്കൻ കേരളത്തിലെ ഏറ്റവും മികച്ച വാരാന്ത്യ കേന്ദ്രമാണ് ഈ കുന്നിൻ പ്രദേശം. ഒരു സർവേയ്ക്കിടെ ബ്രിട്ടീഷുകാർ ഈ കുന്നിൻ മുകളിൽ പതാക ഉയർത്തി, അങ്ങനെയാണ് ഈ സ്ഥലത്തിന് കൊടികുത്തിമല എന്ന ലഭിച്ചത്. പെരിന്തൽമണ്ണ പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കൊടികുത്തിമല അമ്മിണികണ്ടൻ കുന്നുകളിലെ ഏറ്റവും ഉയരമുള്ള സ്ഥലമാണ്.

എപ്പോഴും ഒഴുകുന്ന നീരുറവകളും വെള്ളച്ചാട്ടങ്ങളും കൂടാതെ, ഒരു വാച്ച് ടവറും ഒരു സൂയിസൈഡ് വ്യൂപോയിന്റുമാണ് ഈ ഹിൽ സ്റ്റേഷനിലെ പ്രധാന ആകർഷണങ്ങൾ. കുന്നിൻ പ്രദേശത്തിന്റെ ഭൂപ്രകൃതി കാരണം കുന്നിൻ മുകളിലേക്കുള്ള ട്രെക്കിംഗ് അൽപ്പം വെല്ലുവിളി നിറഞ്ഞതാണ്. സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം സെപ്റ്റംബർ മുതൽ മെയ് വരെയാണ്.

മലമുകളിലെ കാലാവസ്ഥ പ്രവചിക്കാനാകാത്തതാണ്. പ്രകൃതിയുടെ വ്യത്യസ്ത ഘട്ടങ്ങൾ നിങ്ങൾക്ക് ഇവിടെയെത്തിയാൽ അനുഭവിക്കാനാകും. മൂടൽമഞ്ഞും, ചാറ്റൽ മഴയുമാകും ചിലപ്പോൾ, അല്ലെങ്കിൽ വെയിലാകും നിങ്ങളെ കാത്തിരിക്കുക. വാച്ച് ടവറിൽ കയറിയാൽ അവിടുത്തെ ചുറ്റുപാടുകളുടെ വിശാലമായ കാഴ്ച ആസ്വദിക്കാനാകും..

ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: അങ്ങാടിപ്പുറം, ഏകദേശം 15 കിലോമീറ്റർ | ചെറുകര, ഏകദേശം 16 കിലോമീറ്റർ

ഏറ്റവും അടുത്തുള്ള വിമാനത്താവളം: കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, ഏകദേശം 55 കിലോമീറ്റർ