കമ്പം താഴ്‌വരയ്ക്ക് അഭിമുഖമായി നില്‍ക്കുന്ന വലിയൊരു പാറക്കെട്ടാണിത്. 

ഇടുക്കി: പ്രകൃതി ഭം​ഗിയാൽ സമ്പന്നമായ ജില്ലയാണ് ഇടുക്കി. വന്യജീവി സങ്കേതങ്ങള്‍, അണക്കെട്ടുകള്‍, പശ്ചിഘട്ടങ്ങളുടെ ഭാഗമായ ഉയര്‍ന്ന മലനിരകള്‍, പച്ച പുതച്ച താഴ്വാരങ്ങൾ, തേയില തോട്ടങ്ങൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങിയവ ഇടുക്കിയിലെ പ്രധാന കാഴ്ചകളാണ്. മൂന്നാർ ഉൾപ്പെടെ പ്രശസ്തമായ പല വിനോദസഞ്ചാര കേന്ദ്രങ്ങളും ഇടുക്കിയിലുണ്ട്. അത്തരത്തിൽ ചെറുതും മനോ​ഹരവുമായ ഒരു ടൂറിസ്റ്റ് സ്പോട്ടാണ് രാമക്കൽമേട്.

തേക്കടിയില്‍ നിന്ന് വടക്കു കിഴക്കായി, കുമളി - മൂന്നാര്‍ റോഡില്‍ നെടുങ്കണ്ടത്ത് എത്തി 16 കിലോമീറ്റര്‍ ഉള്ളിലേയ്ക്ക് സഞ്ചരിച്ചാൽ രാമക്കല്‍മേട് എത്താം. തമിഴ്‌നാട് അതിര്‍ത്തിയില്‍ കമ്പം താഴ്‌വരയ്ക്ക് അഭിമുഖമായി നിൽക്കുന്ന വലിയൊരു പാറക്കെട്ടാണ് യഥാര്‍ത്ഥത്തില്‍ രാമക്കൽമേട്. ഏലത്തോട്ടങ്ങള്‍ക്കും ചായത്തോട്ടങ്ങള്‍ക്കും മുകളില്‍ വിശാലമായ കുന്നിന്‍പരപ്പിലാണ് കിഴക്കു നോക്കി നില്‍ക്കുന്ന ഈ പാറക്കെട്ടുകള്‍ തലയുയർത്തി നിൽക്കുന്നത്.

ഇവിടെയുള്ള പാറകളിലൊന്നിൽ വലിയൊരു കാല്‍പ്പാദത്തിന്റെ പാട് കാണാൻ സാധിക്കും. സീതാന്വേഷണ കാലത്ത് ശ്രീരാമന്‍ ചവിട്ടിയ പാടാണാണ് ഇതെന്ന് ഐതി​ഹ്യത്തിൽ പറയുന്നു. ഈ വിശ്വാസത്തിലാണ് രാമക്കല്‍മേട് എന്ന പേര് ഈ പ്രദേശത്തിന് ലഭിച്ചത്. ഇവിടെയുള്ള കുന്നിന്‍ മുകളില്‍ എപ്പോഴും ശക്തമായ കാറ്റ് വീശുന്നതിനാല്‍ കേരള സര്‍ക്കാരിന്റെ ചെറിയൊരു കാറ്റാടി വൈദ്യുതി പാടവും ഇവിടെയുണ്ട്.