കൊല്ലം ജില്ലയിൽ അഞ്ചൽ അലയമൺ പഞ്ചായത്തിൽ ചണ്ണപ്പേട്ട ആനക്കുളത്താണ് കുടുക്കത്തുപാറ സ്ഥിതി ചെയ്യുന്നത്. മൂന്ന് വലിയ പാറകൾ ചേർന്നതാണ് കുടുക്കത്തുപാറ. ഇതിന് 840 അടി ഉയരമുണ്ട്.
മല കയറാൻ ഇഷ്ടമില്ലാത്തവർ വിരളമായിരിക്കും. അത് കാടിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടാണെങ്കിലോ? വൈബ് തന്നെ മാറിമറിയും. വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് തെല്ലും കുറവില്ലാത്ത കൊല്ലം ജില്ലയിലെ പ്രശസ്തമായ കുടുക്കത്ത് പാറ എക്കോ ടൂറിസത്തെ പറ്റിയാണ് പറഞ്ഞുവരുന്നത്. കാടിനകത്തുകൂടിയുള്ള ഈ യാത്ര അത്ര എളുപ്പമല്ല. എന്നാൽപ്പോലും, മല കയറി മുകളിലെത്തിയാൽ കാണുന്ന കാഴ്ച ഒരു സഞ്ചാരിയെയും നിരാശപ്പെടുത്തില്ല എന്നത് നിശ്ചയമാണ്.
കൊല്ലം ജില്ലയിൽ അഞ്ചൽ അലയമൺ പഞ്ചായത്തിൽ ചണ്ണപ്പേട്ട ആനക്കുളത്താണ് കുടുക്കത്തുപാറ സ്ഥിതി ചെയ്യുന്നത്. വലിയ പാറക്കൂട്ടങ്ങൾ കൊണ്ട് ആകർഷണീയമായ ഈ സ്ഥലത്തെ ദൃശ്യ ഭംഗി വിവരണാതീതമാണ്. മൂന്ന് വലിയ പാറകൾ ചേർന്നതാണ് കുടുക്കത്തുപാറ. ഇതിന് 840 അടി ഉയരമുണ്ട്. കയറാൻ പടവുകളും സുരക്ഷാവേലികളുമുണ്ട്. രണ്ട് പാറകൾ കയറിക്കഴിഞ്ഞാൽ അവിടെ തടയണയും കാവും ഗുഹയുമുണ്ട്. പാറയുടെ സമീപത്തായി നിരവധി ഔഷധ സസ്യങ്ങളും കൂറ്റൻപാറയിൽ തീർത്ത ക്ഷേത്രവും കാണാൻ കഴിയും. 750 അടിയോളം കയറാൻ കഴിയും. പാറയുടെ ചെങ്കുത്തായ മുകൾഭാഗം അതിസാഹസികർക്ക് മാത്രമാണ് കയറാൻ സാധിക്കുക. ഈ പാറയുടെ ഏറ്റവും മുകളിൽ ആർക്കും കയറാൻ സാധിച്ചിട്ടില്ല എന്നാണ് പറയപ്പെടുന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത് സാഹസികരുടെ കേന്ദ്രമായിരുന്നു ഇവിടം. പാറയുടെ മുകളിലെത്തിയാൽ തിരുവനന്തപുരത്തെ പൊന്മുടി, തമിഴ്നാട്ടിലെ തിരുനെൽവേലി, ജഡായുപാറ തുടങ്ങി നിലവധി കാഴ്ചകൾ കാണാം. ഇവിടെ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി 365 പടവുകൾ വനം വകുപ്പ് നിർമിച്ചിട്ടുണ്ട്. കുടുക്കത്തുപാറയിലേക്കെത്താൻ ആനക്കുളം ജങ്ഷനിൽ നിന്ന് വനപാതയിലൂടെ ഒരു കിലോമീറ്റർ കാട്ടിലൂടെ സഞ്ചരിക്കണം. ഇതിനുള്ളിൽ പ്രവേശിക്കുന്നതിന് എൻട്രി ഫീസ് ഉണ്ട്. കൂടാതെ വാഹനങ്ങൾക്കും ഈ ഫീസ് അടയ്ക്കണം. സമുദ്രനിരപ്പിൽ നിന്ന് 700 അടി ഉയരമുള്ള പ്രദേശമാണിത്. പാറയിലേക്ക് കയറുന്ന ഭാഗം വരെയും വാഹനത്തിൽ എത്താൻ കഴിയും. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലാണിവിടം.



