ലഡാക്കിൽ നിന്ന് ഏകദേശം ഒരു മണിക്കൂര്‍ സഞ്ചരിച്ചാൽ മാഗ്നറ്റിക് ഹില്ലിലെത്താം. 

ലഡാക്ക്: ഭൂമിയിലെ സ്വര്‍ഗമെന്ന വിശേഷണമുള്ള ജമ്മു കശ്മീരിലേയ്ക്കുള്ള യാത്രയിൽ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത നിരവധി സ്ഥലങ്ങളുണ്ട്. അവയിലൊന്നാണ് ലഡാക്കിന് സമീപമുള്ള മാ​ഗ്നറ്റിക് ഹിൽ. ഗുരുത്വാകർഷണ ബലത്തെ വെല്ലുവിളിക്കുന്ന സ്ഥലമാണെന്നതാണ് മാ​ഗ്നറ്റിക് ഹില്ലിന്റെ സവിശേഷത.

14,000 അടി ഉയരത്തിലാണ് നി​ഗൂഢമായ മാ​ഗ്നറ്റിക് ഹിൽ സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള കുന്നിന് സമീപം വാഹനം ന്യൂട്രൽ ഗിയറിൽ പാർക്ക് ചെയ്താൽ ഗുരുത്വാകർഷണബലത്തിനെതിരെ വാഹനം യാന്ത്രികമായി മുകളിലേക്ക് നീങ്ങുന്നത് കാണാം. ഈ സവിശേഷ പ്രതിഭാസം നേരിട്ട് ആസ്വദിക്കാനായി നിരവധിയാളുകളാണ് മാ​ഗ്നറ്റിക് ഹില്ലിലേയ്ക്ക് എത്തുന്നത്. മാഗ്നറ്റിക് ഹിൽ സ്വർഗ്ഗത്തിലേക്കുള്ള പടവാണെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം.

മനോഹരമായ ചിത്രങ്ങൾ പകർത്താനും വിശ്രമിക്കാനുമെല്ലാം അനുയോജ്യമായ സ്പോട്ടാണ് മാ​ഗ്നറ്റിക് ഹിൽ. മാഗ്നറ്റിക് ഹില്ലിന് ചുറ്റുമുള്ള പ്രകൃതിദൃശ്യങ്ങളുടെ ഭംഗി പറഞ്ഞറിയിക്കാൻ കഴിയില്ല. കിഴക്ക് സിന്ധു നദിയുടെ മനോഹരമായ കാഴ്ച, നിരവധി മഞ്ഞുമൂടിയ പർവതനിരകൾ, ന​ഗര തിരക്കുകളില്ലാതെ നീണ്ടുകിടക്കുന്ന ഭൂമി തുടങ്ങിയ പ്രകൃതി അത്ഭുതങ്ങളാൽ നിറഞ്ഞിരിക്കുന്ന ഇടമാണിത്.

മെയ് മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളാണ് മാ​ഗ്നറ്റിക് ഹിൽ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. വേനൽക്കാലത്തിന്റെ അവസാന മാസങ്ങളിലാണ് മാഗ്നറ്റിക് ഹിൽ സന്ദർശിക്കേണ്ടത്. ഈ സമയം തെളിഞ്ഞ കാലാവസ്ഥയാണ് മാ​ഗ്നറ്റിക് ഹില്ലിലുണ്ടാകുക. താപനിലയും സുഖകരമായിരിക്കും. ആളുകളുടെ തിരക്കുകളില്ലാതെ മാ​ഗ്നറ്റിക് ഹിൽ സന്ദർശിക്കണമെങ്കിൽ അതിരാവിലെ ഇവിടേയ്ക്ക് എത്തുന്നതാണ് നല്ലത്. സൂര്യൻ ഉദിച്ചതിന് ശേഷം ഇവിടെ പൊതുവേ അൽപ്പം തിരക്ക് അനുഭവപ്പെടാറുണ്ട്.