650 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന നാഗർഹോള ദേശീയോദ്യാനത്തിന്റെ ഭാഗമാണ് കബനി. 

650 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന നാഗർഹോള ദേശീയോദ്യാനത്തിന്റെ ഭാഗമായ കബിനി നാഷണൽ പാര്‍ക്ക് അപൂര്‍വമായ കാഴ്ചകളാണ് സഞ്ചാരികൾക്ക് വേണ്ടി കാത്തുവെച്ചിരിക്കുന്നത്. വന്യജീവികളുടെ കേന്ദ്രമായാണ് കബിനി അറിയപ്പെടുന്നത്. വൈൽഡ് ലൈഫ് ഫോട്ടോ​ഗ്രാഫർമാർക്ക് ഏറ്റവും വിലപ്പെട്ട കാഴ്ചകൾ സമ്മാനിക്കുന്ന കബിനിയിൽ കരിമ്പുലികളാണ് പലപ്പോഴും ശ്രദ്ധാകേന്ദ്രമായി മാറാറുള്ളത്. കടുവ, പുലി, ആന, കാട്ടുപോത്ത്, കാട്ടുനായ്ക്കൾ, കരടി, മുതല തുടങ്ങിയവയും കബിനിയിലുണ്ട്.

ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ വനങ്ങളിലൊന്നാണ് കബിനി. ഇവിടെയുള്ള ജീപ്പ് സഫാരിയും ബോട്ട് സഫാരിയുമെല്ലാം ഒന്നിനൊന്നിന് മികച്ചതാണ്. ഒക്ടോബർ മുതൽ മെയ് വരെയാണ് കബിനി സഫാരിക്ക് ഏറ്റവും അനുയോജ്യമായ സമയം. മഴക്കാലം ഇഷ്ടപ്പെടുന്നവർക്ക് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സമയത്ത് ഇവിടം സന്ദർശിക്കാം. എന്നിരുന്നാലും വേനൽക്കാലമാണ് (മാർച്ച് മുതൽ മെയ് വരെ) വന്യജീവികളെ കാണാൻ ഏറ്റവും അനുയോജ്യമായ സമയം. ചൂടിനെ അതിജീവിക്കാനും വെള്ളം തേടിയും മൃഗങ്ങൾ ജലസ്രോതസ്സുകൾക്ക് സമീപം പതിവായി എത്താറുണ്ട്.

നാഗർഹോള കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായതിനാൽ കബിനിയിൽ വേനൽക്കാലത്ത് കടുവകളെ കാണാൻ സാധ്യത കൂടുതലാണ്. ഏഷ്യൻ ആനകളുടെ വലിയ കൂട്ടങ്ങളെയും നിങ്ങൾക്ക് കാണാൻ കഴിയും. പക്ഷിനിരീക്ഷകർക്കും ഏറെ അനുയോജ്യമായ ഇടമാണ് കബനി. 250-ലധികം പക്ഷി ഇനങ്ങൾ ഇവിടെയുണ്ട്.

കബനി ജംഗിൾ സഫാരി ബുക്കിം​ഗ്

കർണാടക സർക്കാർ സംരംഭമായ ജംഗിൾ ലോഡ്ജസ് ആൻഡ് റിസോർട്ട്സ് നടത്തുന്ന ലോഡ്ജുകൾ മികച്ച ഓപ്ഷനാണ്. താമസം, ഭക്ഷണം, പ്രതിദിനം രണ്ട് സഫാരികൾ (ഒന്ന് ജീപ്പിൽ, ഒന്ന് ബോട്ടിൽ) എന്നിവ ഉൾപ്പെടുന്ന പാക്കേജുകൾ ലഭ്യമാണ്. ഇതിന് പുറമെ, വനം വകുപ്പ് വഴിയുള്ള ഓൺലൈൻ സഫാരി ബുക്കിംഗുമുണ്ട്. കർണാടക വനം വകുപ്പാണ് സഫാരികൾ നിയന്ത്രിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റ് വഴിയോ പ്രവേശന കവാടത്തിലെ ജംഗിൾ ലോഡ്ജസ് ബുക്കിംഗ് കൗണ്ടറിൽ നിന്നോ നിങ്ങൾക്ക് സഫാരി ബുക്ക് ചെയ്യാം. ‌

രാവിലെ 6:30 മുതൽ 9:00 വരെയും ഉച്ചകഴിഞ്ഞ് 3:30 മുതൽ 6:00 വരെയുമാണ് ജീപ്പ് സഫാരിയുടെ സമയം. 90 മിനിറ്റ് നീണ്ടുനിൽക്കുന്നതാണ് കബനി നദിയിലൂടെയുള്ള ബോട്ട് സഫാരി. രാവിലെ 6:30 മുതൽ 9:15 വരെയും വൈകുന്നേരം 3:30 മുതൽ 6:15 വരെയുമാണ് ബോട്ട് സഫാരി നടത്തുക. ബോട്ട് സഫാരിയ്ക്കിടെ നദീതീരങ്ങളിൽ ആനകൾ, പക്ഷികൾ, മുതലകൾ, പാമ്പുകൾ എന്നിവയെ കാണാൻ അവസരം ലഭിച്ചേക്കും.

കബനിയിൽ എങ്ങനെ എത്തിച്ചേരാം

വിമാനമാർഗ്ഗം: ഏറ്റവും അടുത്തുള്ള വിമാനത്താവളം മൈസൂർ (90 കി.മീ) അല്ലെങ്കിൽ ബെംഗളൂരു (220 കി.മീ) ആണ്.

ട്രെയിൻ മാർഗം: ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ മൈസൂർ ആണ്.

റോഡ് മാർഗം: ബെം​ഗളൂരു, മൈസൂർ, കൂർഗ് എന്നിവിടങ്ങളിൽ നിന്ന് റോഡ് മാർഗം കബനിയിലെത്താം.