വിദേശ യാത്രകൾക്ക് അത്യാവശ്യമായ പാസ്പോർട്ടും വിസയും തമ്മിലുള്ള വ്യത്യാസങ്ങൾ പലർക്കും അറിയില്ല. 

വിദേശ യാത്രകൾ നടത്തുകയെന്നത് പലരുടെയും ഒരു സ്വപ്നമാണ്. മറ്റ് രാജ്യങ്ങളിലെ കാഴ്ചകൾ ടിവിയിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമെല്ലാം കാണുമ്പോൾ ഒരിക്കലെങ്കിലും അവിടം സന്ദർശിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ചിന്തിക്കാത്തവർ വിരളമായിരിക്കും. എന്നാൽ, പലർക്കും സംശയമുള്ള ഒരു കാര്യമാണ് പാസ്പോർട്ടും വിസയും തമ്മിലുള്ള വ്യത്യാസങ്ങൾ. അത് എന്തൊക്കെയാണെന്നാണ് ഇനി പറയാൻ പോകുന്നത്.

ഒരു രാജ്യം ആ രാജ്യത്തെ പൗരന് നൽകുന്ന, പൗരത്വം അം​ഗീകരിക്കുന്ന ഒരു ഔദ്യോഗിക തിരിച്ചറിയൽ രേഖയാണ് പാസ്‌പോർട്ട്. ഇത് പാസ്പോർട്ട് ഉടമയുടെ ഐഡന്റിറ്റിയും ദേശീയതയും സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ വിദേശ യാത്രയ്ക്ക് പാസ്പോർട്ട് ആവശ്യമാണ്. പേര്, ഫോട്ടോ, ജനനത്തീയതി, ദേശീയത, പാസ്‌പോർട്ട് നമ്പർ എന്നിവ അതിൽ വ്യക്തിഗത വിവരങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്.

മറുവശത്ത്, വിസ എന്നത് ഒരു വിദേശ രാജ്യം നൽകുന്ന പെർമിറ്റാണ്. വിസ ലഭിച്ചാൽ ഒരു വ്യക്തിക്ക് ഒരു പ്രത്യേക ഉദ്ദേശ്യത്തിന് പ്രത്യേക കാലയളവിൽ ആ രാജ്യത്ത് പ്രവേശിക്കാനും താമസിക്കാനും അല്ലെങ്കിൽ പുറത്തുപോകാനുമെല്ലാം അനുവാദം നൽകുന്നു. പാസ്‌പോർട്ട് എന്നത് നിങ്ങളെ തിരിച്ചറിയാനുള്ള രേഖയാണെങ്കിൽ വിസ എന്നത് പോകാൻ ഉദ്ദേശിക്കുന്ന രാജ്യത്തേയ്ക്ക് അതിർത്തി കടന്ന് പ്രവേശിക്കാനുള്ള അനുമതിയാണ് നൽകുന്നത്.

ഒരു അന്താരാഷ്ട്ര രേഖയും പൗരത്വത്തിനുള്ള തെളിവുമാണ് പാസ്‌പോർട്ട്. നിങ്ങളുടെ മാതൃരാജ്യം വിട്ടുപോകുമ്പോഴും തിരികെ പ്രവേശിക്കുമ്പോഴും പാസ്പോർട്ട് ആവശ്യമായി വരും. സാധുവായ പാസ്‌പോർട്ട് ഇല്ലാതെ, വിസ ആവശ്യമില്ലാത്ത രാജ്യങ്ങളിലേക്ക് പോലും നിങ്ങൾക്ക് പോകാൻ കഴിയില്ല. അതേസമയം, ഒരു പ്രത്യേക രാജ്യത്ത് പ്രവേശിക്കാനും അവിടെ താമസിക്കാനുമുള്ള അവകാശം മാത്രമാണ് വിസ നിങ്ങൾക്ക് നൽകുന്നത്.

ഓരോ പൗരനും താമസിക്കുന്ന രാജ്യത്തെ സർക്കാരാണ് പാസ്‌പോർട്ടുകൾ നൽകുന്നത്. ഉദാഹരണത്തിന്, നിങ്ങൾ ഒരു ഇന്ത്യൻ പൗരനാണെങ്കിൽ നിങ്ങളുടെ പാസ്‌പോർട്ട് ഇന്ത്യാ ഗവൺമെന്റാണ് നൽകുക. മറുഭാ​ഗത്ത്, നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന രാജ്യത്തെ സർക്കാരാണ് വിസ നൽകുന്നത്. നിങ്ങൾ സാധാരണയായി ആ രാജ്യത്തിന്റെ കോൺസുലേറ്റ് വഴിയോ അല്ലെങ്കിൽ എംബസി വഴിയോ ആണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്. ഉദാഹരണത്തിന്, നിങ്ങൾക്ക് യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് പോകാൻ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങളുടെ മാതൃരാജ്യത്തുള്ള യുഎസ് കോൺസുലേറ്റിൽ നിന്നോ എംബസിയിൽ നിന്നോ ഒരു യുഎസ് വിസയ്ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സമർപ്പിക്കുകയും വിസ ഫീസ് അടയ്ക്കുകയും വേണം. അഭിമുഖം ആവശ്യമെങ്കിൽ അതിൽ പങ്കെടുക്കുകയും ചെയ്യുക.