വാഹനത്തിൽ മുകളിലെത്തിയാൽ പ്രകൃതിയുടെയും തിരുവനന്തപുരം നഗരത്തിന്റെയു ഭംഗി ആസ്വദിക്കാം.
സൂര്യോദയവും സൂര്യാസ്തമയവുമെല്ലാം നേരിൽ കണ്ട് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ ഏറെയാണ്. അതുപോലെ തന്നെ ഡ്രൈവിംഗ് ഹരമായി കാണുന്നവരും കുറച്ചൊന്നുമല്ല. എങ്കിൽ, നല്ലൊരു റൈഡും മനോഹരമായ പ്രകൃതി ഭംഗിയും ഒരുമിച്ച് ആസ്വദിച്ചാലോ? അത്തരത്തിൽ മനോഹരമായ സൂര്യാസ്തമയ കാഴ്ചകൾ ആസ്വദിക്കാൻ അനുയോജ്യമായ ഒരു സ്പോട്ടാണ് തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽശാല പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കടുമ്പു ഹിൽസ്.
വാഹനം ഏതായാലും കടുമ്പു ഹിൽസിലേയ്ക്ക് അനായാസം ഡ്രൈവ് ചെയ്ത് എത്താം എന്നതാണ് സവിശേഷത. മുമ്പ് അധികമാരാലും ശ്രദ്ധിക്കപ്പെടാതിരുന്ന കടുമ്പു ഹിൽസിലെ ഇന്ന് നിരവധിയാളുകളാണ് എത്തുന്നത്. വാഹനം കയറ്റാമെന്നതിനാൽ തന്നെ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഇവിടേയ്ക്ക് ബുദ്ധിമുട്ടുകളില്ലാതെ എത്താൻ സാധിക്കും. രാത്രി ഇവിടെ നിന്നാൽ തിരുവനന്തപുരം നഗരത്തിലെ ലൈറ്റുകളുടെ കാഴ്ചയും ആസ്വദിക്കാം.
വാഹന പ്രേമികൾക്ക് മികച്ച ചിത്രങ്ങളും വീഡിയോകളും പകർത്താനും പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകൾ നടത്താനും അനുയോജ്യമായ സ്പോട്ടാണ് കടുമ്പു ഹിൽസ്. പ്രദേശവാസികൾ വിളപ്പിൽശാലയിലേയ്ക്കും മറ്റിടങ്ങളിലേയ്ക്കും പോകുന്നത് കടുമ്പു ഹിൽസിലൂടെയാണ്. അതിനാൽ എപ്പോഴും ഇവിടെ ആളുകളുടെ സാന്നിധ്യമുണ്ടാകും. തിരുവനന്തപുരം നഗരത്തിൽ നിന്ന് വെറും 17 കിലോ മീറ്റർ മാത്രമാണ് ഇവിടേയ്ക്കുള്ള ദൂരം. നഗരത്തിരക്കുകളിൽ നിന്ന് മാറിനിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി കടുമ്പു ഹിൽസിലേയ്ക്ക് വരാം. കടുമ്പു ഹിൽസിൽ പോകാൻ പ്രത്യേക ഫീസും മറ്റും നൽകേണ്ടതുമില്ല.


