നിരവധിയാളുകളാണ് ഇപ്പോൾ കടൽ കാഴ്ചകൾ കാണാനായി ഇവിടേയ്ക്ക് എത്തുന്നത്. കടൽ കയറ്റത്തിന് പരിഹാരം ആകുന്നതോടെ വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക് തന്നെ ഇവിടേയ്ക്ക് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
കടലാക്രമണം പരിഹരിക്കാൻ എറണാകുളം ജില്ലയിലെ ചെല്ലാനം പഞ്ചായത്തിൽ കടൽഭിത്തിക്ക് മുകളിലായി നിര്‍മ്മിച്ച നടപ്പാത ശ്രദ്ധേയമാകുന്നു. കുടുംബത്തോടപ്പവും സുഹൃത്തുക്കളോടൊപ്പവുമെല്ലാം നിരവധിയാളുകളാണ് കടൽ കാഴ്ചകൾ കാണാനായി ഇവിടേയ്ക്ക് എത്തുന്നത്. കിഫ്ബി വഴി 344.2 കോടി രൂപ ചെലവിട്ടാണ് നടപ്പാത നിർമ്മിച്ചിരിക്കുന്നത്. ചെല്ലാനം ഫിഷിങ്ങ് ഹാർബർ മുതൽ പുത്തൻ തോട് വരെയുള്ള 7.36 കിലോമീറ്റര്‍ സ്ഥലത്താണിതുള്ളത്. കടൽ ഭിത്തിയുടെ മുകളിലായി ഏതാണ്ട് 3 മീറ്റര്‍ ഉയരവും 2.5 മീറ്റര്‍ വീതിയുമുള്ള ഈ നടപ്പാത നിർമ്മിച്ചിട്ടുള്ളത് കോൺക്രീറ്റിലാണ്.

2021ൽ തുടങ്ങിയ നടപ്പാതയുടെ പണി 2024ലാണ് ഭാഗികമായി പൂർത്തിയായത്. 16 ഇടത്തുകൂടി ഈ നടപ്പാതയിലേയ്ക്ക് കയറാൻ സാധിക്കും. ഇതിനായി ചവിട്ടുപടികൾ നിർമ്മിച്ചിട്ടുണ്ട്. കടൽ ഭിത്തിയിൽ നിന്ന് ചൂണ്ട ഇടുന്നതിനും ധാരാളം പേർ ഇവിടേയ്ക്ക് എത്തുന്നുണ്ട്. വെയിൽ കുറവുള്ള രാവിലെകളിലും വൈകുന്നേരങ്ങളിലും ധാരാളം ആളുകളാണ് നടക്കുന്നതിനായി ഇവിടേയ്ക്ക് എത്തുന്നത്. തെരുവു പട്ടികളെ പേടിക്കാതെ, വാഹന തിരക്കുകളില്ലാതെ നല്ല ശുദ്ധവായു ശ്വസിച്ച് നടക്കുന്നതിനായി പലരും കുടുബസമേതമാണ് ഇവിടേയ്ക്ക് വരുന്നത്.

ദൂര സ്ഥലങ്ങളിൽ നിന്ന് വാഹനത്തിൽ എത്തുന്നവർക്ക് അവരുടെ വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം ഈ പ്രദേശത്തുണ്ട്. ഇവിടേയ്ക്ക് എത്തുന്നവര്‍ നടത്തത്തിന് ശേഷം ചെല്ലാനം ഫിഷിങ്ങ് ഹാർബറിൽ നിന്നോ രാവിലെ 7 മുതൽ 8 മണി വരെ നടക്കുന്ന കായൽ മത്സ്യ ലേല സ്ഥലങ്ങളിൽ നിന്നോ ന്യായമായ വിലയ്ക്ക് പച്ച മീൻ വാങ്ങി പോകുന്ന കാഴ്ചയും കാണാം. നടപ്പാതയുടെ പടിഞ്ഞാറ് ഭാഗത്ത് മനോഹരമായ കൈവരിയുണ്ട്. എന്നാൽ, ഇവിടെ വഴി വിളക്കും ഇടക്ക് വിശ്രമത്തിനായി ഇരിപ്പിട സൗകര്യവും വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.


