മലപ്പുറം ജില്ലയിലെ അരിമ്പ്രയിൽ സ്ഥിതി ചെയ്യുന്ന മിനി ഊട്ടിയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജുള്ളത്. റോപ് വേ, 16ഡി തിയേറ്റർ തുടങ്ങി നിരവധി ആക്ടിവിറ്റികൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഊട്ടിയിലേയ്ക്കും കൊടൈക്കനാലിലേയ്ക്കുമെല്ലാം കേരളത്തിൽ നിന്ന് ഇപ്പോഴും നിരവധിയാളുകൾ പോകുന്നുണ്ട്. തണുപ്പും പച്ചപ്പുമെല്ലാം ആസ്വദിക്കാൻ അവസരമുള്ളതിനാലാണ് ഇവിടങ്ങൾ ഇപ്പോഴും മലയാളികളുടെ ബക്കറ്റ് ലിസ്റ്റിൽ തുടരുന്നത്. എന്നാൽ, ഊട്ടിയോളം മനോഹരമായ, പ്രകൃതി ഭംഗിക്കും തണുപ്പിനും സാഹസികതയ്ക്കുമെല്ലാം പേരുകേട്ട ഒരിടം കേരളത്തിലുമുണ്ട്. മറ്റെവിടെയുമല്ല, മലപ്പുറത്തുകാരുടെ സ്വന്തം മിനി ഊട്ടി.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലുള്ള അരിമ്പ്ര എന്ന ഗ്രാമത്തിലാണ് മിനി ഊട്ടി സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ കേരളത്തിൽ വളരെ വേഗത്തിൽ പ്രശസ്തിയാർജിച്ചു വരുന്ന ഒരു സ്ഥലമാണിത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 450 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള മിസ്റ്റി ലാൻഡ് പാർക്കാണ് പ്രധാന ആകർഷണം. 

ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ് മിനി ഊട്ടിയിലാണ് ഉള്ളത്. മാത്രമല്ല, ഈ ഗ്ലാസ് ബ്രിജ്ഡിൽ ഡിജെയും ഉണ്ട് എന്നതാണ് സവിശേഷത. ചെറുതും വലുതുമായ മൂന്ന് ഗ്ലാസ് ബ്രിഡ്ജുകളാണ് ഇവിടെയുള്ളത്. മിസ്റ്റി ലാൻഡിൽ എത്തുമ്പോൾ തന്നെ ഒരു ​ഗ്ലാസ് ബ്രിജ്ഡ് കാണാം. അവിടെ നിന്ന് മുന്നോട്ട് വന്നാൽ ഒരു ചെറിയ ​ഗ്ലാസ് ബ്രിഡ്ജുണ്ട്. ഒറ്റയ്ക്ക് ഒക്കെ വരുന്നവർക്ക് ഫോട്ടോ എടുക്കാനെല്ലാം ഇത് അനുയോജ്യമാണ്.

ചെറിയ ​ഗ്ലാസ് ബ്രിഡ്ജിന് തൊട്ടടുത്തായാണ് ഭീമാകാരനായ ​ഗ്ലാസ് ബ്രിഡ്ജുള്ളത്. 15 മീറ്ററോളം നീളമുള്ള ഈ ഗ്ലാസ് ബ്രിഡ്ജ് മനോഹരമായ സ്ഥലത്താണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് മുകളിലൂടെ നടക്കുമ്പോൾ താഴെ പച്ചപ്പ് നിറഞ്ഞുനിൽക്കുന്ന കാഴ്ചകൾ കാണാം. മാത്രമല്ല, ഇവിടെ എത്തുന്നവരെ എപ്പോഴും സ്വാ​ഗതം ചെയ്യുന്നത് കാറ്റും തണുത്ത കാലാവസ്ഥയുമായതിനാൽ മിനി ഊട്ടി എന്ന പേര് തികച്ചും യോജിക്കുന്നതായി തോന്നും. 

ഇവിടെ കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാൻ സാധിക്കുന്ന നിരവധി ആക്ടിവിറ്റികളുമുണ്ട്. റോപ് വേ, റോപ് സൈക്ലിംഗ്, പെറ്റ് സെന്റർ, കഫേകൾ, കുതിര സവാരി, ഫിഷ് സ്പാ, 16ഡി തിയേറ്റർ, യന്ത്ര ഊഞ്ഞാൽ തുടങ്ങി നിരവധി വ്യത്യസ്തമായ അനുഭവങ്ങളാണ് മിനി ഊട്ടി സഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്നത്.

മിനി ഊട്ടിയിൽ രാവിലെ തന്നെ എത്തിയാൽ സഞ്ചാരികൾക്ക് കോടമഞ്ഞും തണുപ്പുമെല്ലാം ആസ്വദിക്കാൻ സാധിക്കും. രാത്രി 9 മണി വരെ ഇവിടെ സമയം ചെലവഴിക്കാം. കോഴിക്കോട് നിന്ന് പോകുന്നവർക്ക് രാമനാട്ടുകര - കൊണ്ടോട്ടി വഴി വേ​ഗത്തിൽ മിനി ഊട്ടിയിലെത്താം. മലപ്പുറം - കോഴിക്കോട് റോഡിലൂടെ പോകുമ്പോൾ അറവങ്കരയിൽ നിന്ന് കേവലം 4 കി.മീ മാത്രം സഞ്ചരിച്ചാലും ഇവിടെ എത്തിച്ചേരാവുന്നതാണ്.